പൃഥ്വിരാജിന്റെ ആ വിളികേട്ട് ഞാൻ കിടിലം കൊണ്ടു: ‘ആടുജീവിത’ത്തിന്റെ ആദ്യ റിവ്യുവുമായി നജീബ്
Mail This Article
‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയം തന്റെ യഥാർഥ ജീവിതത്തോടു കിടപിടിക്കുന്നതെന്ന് നജീബ്. സിനിമയിലെ പല രംഗങ്ങളും കണ്ടപ്പോൾ കരഞ്ഞുപോയെന്നും താൻ അനുഭവിച്ച യാതനകളോട് നൂറു ശതമാനം നീതിപുലർത്തുന്ന പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നതെന്നും നജീബ് മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ഞാനന്ന് മരുഭൂമിയിൽ കിടന്നനുഭവിച്ച അതേ നരകയാതന തന്നെയാണ് ആടുജീവിതം സിനിമയിൽ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത്. എന്റെ ഭാര്യയെ ഞാൻ ഉറക്കത്തിൽ ഞെട്ടിവിളിക്കുന്നൊരു രംഗമുണ്ട്. സിനിമയില്‍ പൃഥ്വിരാജിന്റെ ആ വിളികേട്ട് ഞാൻ കിടിലം കൊള്ളുകയായിരുന്നു. അവിടെയിരുന്ന് ഞാൻ വിളിച്ച വിളി, പൃഥ്വിരാജ് വിളിച്ചപ്പോൾ സത്യത്തിൽ കരഞ്ഞുപോയി. സിനിമയിൽ പൃഥ്വിരാജ് കണ്ണാടി നോക്കുന്ന ആ രംഗം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. എന്റെ അന്നത്തെ ആ രൂപം മൊത്തം കവിളും ഒട്ടി ആകെപ്പാടെ വികൃതമായിരുന്നു അതു കണ്ടാൽ നമ്മൾ ഭയന്നു പോകുന്ന രംഗമാണത്.
ഞാനിവിടെ കൂലപ്പണിയൊക്കെ ചെയ്തു ജീവിച്ചു പോകുകയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അതുകൊണ്ടൊന്നും മുന്നോട്ടു പോകാൻ പറ്റുന്നില്ലായിരുന്നു. ആ സമയത്ത് നമ്മെട നാട്ടിൽനിന്നു കുറേപ്പേര് ഗൾഫിലേക്ക് പോകുന്നുണ്ടായിരുന്നു. അതുപോലൊക്കെ നമുക്കും ആകണം എന്നുള്ള ചിന്തയിൽ ആകെയുണ്ടായിരുന്ന 5 െസന്റ് സ്ഥലം വിറ്റാണ് 1993 ൽ ഞാൻ ഗൾഫിലേക്ക് പോകുന്നത്. മരുഭൂമിയിൽ കൂടിയാണ് വണ്ടി പൊയ്ക്കോണ്ടിരുന്നത്. പോയിട്ടും പോയിട്ടും എങ്ങും എത്തുന്നില്ല. അതേ പോലുള്ള മരുഭൂമിയാണ്. അപ്പോഴേ എന്റെ മനസ്സിൽ, എന്തായിത്? എങ്ങോട്ടാണ് ഈ വണ്ടി പോകുന്നത്? നമ്മുടെ നാട്ടിൽ നിന്നൊക്കെ ഒരുപാട് ആളുകൾ ഇവിടെ വന്നിട്ടുണ്ടല്ലോ. അവരൊക്കെ എവിടാണെന്നുള്ള ചിന്ത വരുകയാണ്.
അങ്ങനെ എത്രയോ മണിക്കൂറുകൾ ആ വണ്ടിയിൽ യാത്ര ചെയ്തിട്ടും ഒരു ബിൽഡിങ്ങോ ആളുകളെയോ കാണാൻ പറ്റിയിരുന്നില്ല. ചുറ്റിലും മരുഭൂമി മാത്രം. അങ്ങനെ വണ്ടി ഓടിയോടി വണ്ടി ചെന്നു നിന്നത് 700 ആടുകളും 20 ഒട്ടകവും ഒക്കെയുള്ള ഒരു സ്ഥലത്തായിരുന്നു. അതു കണ്ടപ്പോൾ തന്നെ എന്റെ ചങ്കിടിച്ചു പോയി. കാരണം ഞാൻ പെട്ടുപോയി, ഇനി രക്ഷപ്പെടില്ല എന്ന ചിന്തയായിരുന്നു. പണ്ട് ഇങ്ങനെ മരുഭൂമിയിൽ പോയിട്ടുള്ള ആളുകളുടെ കഥയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൂടി ഓർത്തപ്പോൾ കൂടുതൽ വിഷമമായി. അവിടെ ചെന്നപ്പോൾ ഒരു ഭീകരരൂപിയെപ്പോലെ താടിയെല്ലാം വളർത്തി ആളിനെ പോലും തിരിച്ചറിയാൻ പറ്റാത്തവിധം രൂപമുള്ള ഒരാൾ അവിടെ നിൽക്കുന്നു. അതുകൂടി കണ്ടപ്പോൾ എന്റെ മനസ്സാകെ തകർന്നുപോയി.
അപ്പോൾ മുതൽ ഞാൻ കരയാൻ തുടങ്ങി. ഞാൻ കരയുന്നതു കണ്ടപ്പോൾ അറബിക്കു ദേഷ്യം വരാൻ തുടങ്ങി. അവിടെ ഒരു പൊടി പിടിച്ച കട്ടിൽ ഉണ്ടായിരുന്നു. അതിൽ കയറി കിടന്നു. എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു. നേരം വെളുത്തപ്പോൾ തലേദിവസം കണ്ടയാളെ ഞാൻ പിന്നെ കണ്ടതേയില്ല. രാവിലെ അറബി വന്നിട്ട് കുറച്ചു പാല് പിഴിഞ്ഞെടുക്കണമെന്നു പറഞ്ഞു. അന്നേരവും ഞാൻ കരയുകയാണ്. ഞാൻ പാല് പിഴിയാൻ നോക്കിയിട്ട് പാൽ വരുന്നില്ല. അപ്പോൾ അറബിക്ക് ദേഷ്യം കയറി എന്നെ അടിക്കാനായി വന്നു. തലയ്ക്കിട്ട് തട്ടി.
പിന്നീട് അയാൾ തന്നെ പാൽ പിഴിഞ്ഞെടുത്തു. ഉണങ്ങിയ കുബ്ബൂസ് ആണ് ഭക്ഷണം. അന്ന് ഞാൻ ഒന്നും കഴിച്ചില്ല. എനിക്ക് കരച്ചിലല്ലാതെ ഒന്നുമില്ല. ഞാൻ വന്നു പെട്ടു പോയി. ഞാൻ ഗൾഫിലേക്കു പോരുമ്പോൾ എന്റെ ഭാര്യ എട്ടു മാസം ഗർഭിണി ആയിരുന്നു. ഇവിടെ നിന്നാൽ ഇനി ഒന്നും അറിയാൻ പറ്റില്ലല്ലോ എന്നൊക്കെ ഓർത്ത് വളരെയധികം വിഷമിച്ചു. കത്തെഴുതണം എന്ന് അറബിയോട് കൈ കൊണ്ട് കാണിച്ചപ്പോൾ പറ്റില്ല എന്നു പറഞ്ഞു. അതുകൂടി കേട്ടപ്പോൾ എനിക്ക് പറയാൻ പറ്റാത്ത ഒരു അവസ്ഥയിലായിപ്പോയി.’’–നജീബിന്റെ വാക്കുകൾ.
ചോരയും നീരും വാർന്ന് ചുടുമണലിൽ പിടഞ്ഞുവീഴുമ്പോഴെല്ലാം നിറഞ്ഞു കലങ്ങിയ മിഴികൾ തിരുമ്മി മൂടാൻ നജീബ് കൊതിച്ചത് തന്റെ പ്രിയപ്പെട്ട സൈനുവിന്റെ കരങ്ങളാണ്. ഉള്ളിൽ ഒരു ജീവനും പേറി ഉരുകി നീറി നജീബിനായുള്ള സൈനു എന്ന സഫിയത്തിന്റെ കാത്തിരിപ്പിന്റെ കൂടി കഥയാണ് ആടുജീവിതം. പൊന്നും പണവും ഒന്നുമില്ലെങ്കിലും കൂടെ നിറയെ പൊന്നുമ്മകളുമായി തന്റെ നജീബിക്ക എന്നെങ്കിലും തിരിച്ചു വരുമെന്ന് സഫിയത്തിന് ഉറപ്പായിരുന്നു.
‘‘ഭയങ്കര വിഷമമായിരുന്നു. ദിവസങ്ങളോരോന്നും തള്ളി നീക്കുകയായിരുന്നു. അവസാനം ഞാനും ഓർത്തു മരിക്കാമെന്ന്. ഒരു വിവരവും ഇല്ലല്ലോ. ജീവിച്ചിട്ടു കാര്യമില്ലല്ലോ എന്നു കരുതി. പിന്നെ ഓർത്തു കുഞ്ഞിന്റെ ജീവൻ വയറ്റിൽ കിടക്കുവല്ലേ അത് നശിപ്പിക്കേണ്ട എന്നു കരുതി ജീവിച്ചു. ഏതെങ്കിലും സമയത്ത് തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷ, ഉണ്ടായിരുന്നു. റബ്ബിനെ നമ്മൾ അതുപോലെ വിളിക്കുന്നുണ്ടായിരുന്നു. പടച്ചോനോട് കരഞ്ഞു പറഞ്ഞു തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷയലിങ്ങനെ പിടിച്ചു നിന്നു.’’–നജീബിന്റെ ഭാര്യ സഫിയത്ത് പറയുന്നു.
‘‘മാസങ്ങളും വർഷങ്ങളും കടന്നു പോകുന്നു. ഏത് ദിവസമാണ്, മാസമേതാണ് എന്നൊന്നും അറയില്ല. അങ്ങനെ ജീവിച്ചു പോകുകയായിരുന്നു. അങ്ങനെ രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് അറബിയുടെ ജ്യേഷ്ഠന്റെ മകന്റെ കല്യാണം വരുന്നത്. അന്നാണ് അയാൾ ഇവിടെനിന്നു പോകുന്നത്. അന്ന് ദൈവത്തെപ്പോലെ ഒരാൾ വന്ന് എന്നെ അവിടെനിന്നു കൊണ്ടു പോകുകയായിരുന്നു.
മരുഭൂമിയിൽ കൂടി ഒന്നര ദിവസം ഞാൻ ഓടി. കല്ലും മറ്റും മുഴച്ചിരിക്കുന്നിടത്ത് കാല് തട്ടി ചോര വന്നോണ്ടേയിരുന്നു. എന്നിട്ടും, എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയിൽ ഞാൻ നിർത്താതെ ഓടുകയായിരുന്നു. ഓടിച്ചെല്ലുമ്പോൾ പാമ്പിനെയുമെല്ലാം കാണുന്നുണ്ട്. അതെല്ലാം തരണം ചെയ്താണ് ഓടുന്നത്. എനിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ഒറ്റച്ചിന്ത മാത്രമേയുള്ളൂ. അങ്ങനെ ഓടിയാണ് ഒന്നര ദിവസം കൊണ്ട് റോഡു കാണുന്നത്. അങ്ങനെ ചാടിപ്പോയി പിടികൊടുത്ത് ജയിലിൽ കിടക്കുമ്പോൾ എന്റെ ബന്ധുക്കൾ ടിക്കറ്റ് അവിടെക്കൊണ്ടു കൊടുത്തിരുന്നു. അങ്ങനെ ജയിലിൽ 9 ദിവസം താമസിച്ചു. അന്നാണ് നല്ല ഫുഡ് കഴിക്കുന്നത്.
ഇന്ത്യൻ എംബസിയിൽനിന്ന് ആളുകൾ വരുന്നതു വരെ നമ്മൾ കാത്തിരിക്കേണ്ടി വരും. അവർ വന്ന് ഒരു പേപ്പർ തന്നാലേ നമുക്ക് പോകാൻ പറ്റൂ. അങ്ങനെ അവർ വന്നു. ടിക്കറ്റ് കാണിച്ചപ്പോൾ പേപ്പർ തന്നു. രണ്ടു പേരെ വീതം വിലങ്ങിട്ട് എയർപോർട്ടിലെത്തിച്ച് ഫ്ലൈറ്റിൽ കയറ്റി വിട്ടു. ഫ്ലൈറ്റിൽ കയറിയപ്പോഴാണ് സന്തോഷമായത്. ഇനി നമുക്ക് നാട് കാണാം എന്നൊരു ചിന്തയായിരുന്നു. ഞാൻ രാത്രിയാണ് വീട്ടിലെത്തിയത്. എന്റെ ബാപ്പയും എല്ലാം എന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ്. ഞാൻ കയറിച്ചെന്നപ്പോൾ ഒരു കുട്ടി എന്റെ മുന്നിൽ നിൽപുണ്ട്. ഏത് കുട്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു. ആ കുട്ടിയോട് എന്റെ ബാപ്പ പറഞ്ഞു കൊടുക്കുന്നു, മോനേ നിന്റെ വാപ്പ വന്നെടാന്ന്. ആ സമയം എന്റെ നെഞ്ചിടിച്ചു പോയി. കാരണം ഞാൻ ആദ്യമായിട്ടു കാണുവല്ലേ എന്റെ മോനെ. ഭാര്യ ഗർഭിണിയായിരുന്നപ്പോൾ പോയതാണ്. ഭാര്യ പ്രസവിച്ചതോ എന്തു കുട്ടിയാണെന്നോ പോലും ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു. ആ വിഷമങ്ങളെല്ലാം കൂടി വന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു.
Read more at: എന്റെ ട്രാൻസ്ഫർമേഷൻ വിഡിയോ പുറത്തുവിടേണ്ടെന്നു പറയാൻ കാരണമുണ്ട്: പൃഥ്വിരാജ്
വീട്ടിലെ ബുദ്ധിമുട്ട് കാരണം എന്റെ അളിയൻ വീസ അയച്ചു തന്നിട്ട് ഞാൻ രണ്ടായിരത്തിൽ ബഹ്റൈനിലേക്ക് പോയി. ഫ്രീ വീസയിൽ ആണ് പോയത്. അവിടെച്ചെന്ന് ജോലിയാകാതെ നിന്നപ്പോൾ, അളിയന്റെ ഒരു സുഹൃത്ത് സുനിൽ എന്നൊരാളുണ്ടായിരുന്നു. ഞാൻ സുനിലേട്ടന്റെ അടുത്ത് എനിക്കൊരു ജോലി വാങ്ങിത്തരണം എന്നു പറഞ്ഞു. അപ്പോൾ പുള്ളി പറഞ്ഞത് ‘ഒരു ജോലി ഉണ്ട്, പക്ഷേ നീയതു ചെയ്യത്തില്ല’ എന്നാണ്. അപ്പോൾ സുനിലേട്ടനോടു ഞാൻ പറഞ്ഞു, ഞാൻ ചെയ്തപോലുള്ള ഒരു ജോലി ലോകത്താരും ചെയ്തിട്ടില്ലെന്ന്. അതെന്തു ജോലിയാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഈ കഥകൾ പുള്ളിയോടു പറഞ്ഞു.
സുനിലേട്ടന്റെ കൂട്ടുകാരനാണ് ബെന്യാമിൻ. അവർ രണ്ടു പേരും ഒരിടത്താണു ജോലി ചെയ്യുന്നത്. അന്നേരം തന്നെ സുനിലേട്ടൻ അവിടെ വിളിച്ച് പാസൊക്കെ ശരിയാക്കി തന്നു. ബെന്യാമിൻ സാറിന്റയടുത്ത് ഈ വിവരങ്ങളൊക്കെ പറഞ്ഞു. സുനിലേട്ടൻ പറഞ്ഞത് ഞാൻ ആ ജോലി െചയ്യില്ലെന്നായിരുന്നു. പക്ഷേ എനിക്ക് ആ ജോലി സ്വർഗം കിട്ടിയപോലെയായിരുന്നു. അലുമിനിയവും പ്ലാസ്റ്റിക്കും ഒക്കെ പെറുക്കുന്ന ജോലി ആയിരുന്നു. നല്ല സുഖമുള്ള ജോലി. അങ്ങനെ ബെന്യാമിൻ സാറ്‍ എന്റെ പുറകെ നടന്ന് ഒരു വർഷമൊക്കെ എടുത്താണ് ഈ കഥ എഴുതുന്നത്.
2020 ൽ ഞാൻ ഗൾഫ് ജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിൽവന്നു. പിന്നെ പണിയൊന്നുമില്ലാതെ വീട്ടിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് നമ്മുെട കൂട്ടുകാര് പിള്ളേര് കടലിൽ പൊങ്ങും വലയുമൊക്കെയിട്ട് മീൻ പിടിക്കുമായിരുന്നു. എനിക്ക് പണിയൊന്നുമില്ലാത്തതുകൊണ്ട് അവരെന്നെ വിളിച്ച് മീൻ വലയിൽനിന്ന് അഴിക്കുന്ന പണി തന്നു. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു. അല്ലാതെ വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ല. ഭാര്യയും രണ്ടു മക്കളും രണ്ടു കൊച്ചു മക്കളും ഉണ്ട്. ഇപ്പോൾ പണി വളരെ കുറവാണ്.’’–നജീബ് പറഞ്ഞു നിർത്തി. നജീബീന്റെ മകൻ മസ്കറ്റിൽ ജോലി െചയ്യുന്നു. മകളുടെ വിവാഹം കഴിഞ്ഞു.