ADVERTISEMENT

ബൈക്കപകടത്തിൽ ഗുരുതര പരുക്കുമായി ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നിലയിൽ പുരോഗതിയില്ല. നടി മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ഇപ്പോൾ വെന്റിലേറ്ററിലാണ്. 

ഒരുപാട് കോളുകളും മെസേജുകളും വരുന്നുണ്ടെന്നും ചേച്ചി ഇപ്പോഴും വെന്റിലേറ്ററിൽ ആണ് തുടരുന്നതെന്നും അരുന്ധതിയുടെ സഹോദരി ആരതി നായർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.  ‘‘വെന്റിലേറ്ററിൽ ജീവനുവേണ്ടി എന്റെ സഹോദരി പോരാടുകയാണ് എല്ലാവരും പ്രാർഥിക്കണം. കാര്യങ്ങൾ പറയുവാനുള്ള സമയം ഇതല്ല. നിങ്ങളുടെ എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.’’–ആരതി നായരുടെ വാക്കുകൾ.

ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ തന്നെ കിടന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരൻ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് നടി ഗോപിക അനിൽ ഉള്‍പ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.

അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.

2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

English Summary:

Arundhathi Nair Health Updation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com