ADVERTISEMENT

‘എമ്പുരാന്’ ഷൂട്ടിങ് ലൊക്കേഷൻ കണ്ടെത്താൻ പൃഥ്വിരാജ് ചെലവഴിച്ചത് നീണ്ട പതിനെട്ട് മാസം. വിദേശ രാജ്യങ്ങളാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രധാന ലൊക്കേഷനുകൾ. ലൂസിഫറിലെപ്പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും എമ്പുരാന്റെ കഥ നടക്കുന്നുണ്ടെങ്കിലും എമ്പുരാനിൽ മറ്റൊരു ലോകവുമുണ്ടെന്ന് പൃഥ്വി പറയുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ, അതാതു രാജ്യങ്ങളിൽത്തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്റെ പ്രധാന പ്രത്യേകത.

2022 അവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങിയ ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. ഇന്ത്യയിലെ ലൊക്കേഷനുകൾക്കു വേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറു മാസത്തോളം നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് 2023 ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.

ഒന്നര വർഷം ലൊക്കേഷൻ ഹണ്ടിനായി മാത്രം പൃഥ്വിരാജ് മാറ്റിവച്ചു. യുകെ, അമേരിക്ക, ലഡാക്ക് എന്നിവടങ്ങളിലെ ഷെഡ്യൂളുകൾ പൂർത്തിയായി. ചിത്രീകരണം ഇപ്പോൾ ഇരുപത് ശതമാനം പൂർത്തിയായിക്കഴിഞ്ഞു. യുഎഇയിലും ഇന്ത്യയിലുമുള്ള ഭാഗങ്ങളാണ് അവശേഷിക്കുന്നത്. 

2019ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തുന്നു. എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു.  

മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം.

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എമ്പുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

English Summary:

Prithviraj spent 18 months searching for perfect filming locations for Empuraan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com