‘മഞ്ഞുമ്മൽ ബോയ്‌സി’നെ വീട്ടിലേക്ക് ക്ഷണിച്ച് രജനി; അനുഭവം പങ്കുവച്ച് ചന്തു സലിംകുമാർ
Mail This Article
‘മഞ്ഞുമ്മൽ ബോയ്‌സി’നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി അഭിനന്ദനം അറിയിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ വീട്ടിലെത്തിയ അദ്ദേഹം മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഒരുമാസം മുന്നേതന്നെ രജനികാന്ത് സിനിമ കണ്ട് ഫോണിൽ അദേഹത്തിന്റെ അഭിനന്ദനങ്ങൾ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. സംവിധായകൻ ചിദംബരം, നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് രജനികാന്തിനെ സന്ദർശിക്കാൻ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ തങ്ങളെ രജനികാന്ത് സ്നേഹപുരസരം ആതിഥ്യമരുളുകയും സിനിമയെപ്പറ്റി ഏറെ നേരം സംസാരിക്കുകയും ചെയ്തുവെന്ന് സലിം കുമാറിന്റെ മകനും ചിത്രത്തിലെ താരവുമായ ചന്തു സലിംകുമാർ മനോരമ ഓൺലൈനിനോടു പറഞ്ഞു. ഒരുകൂട്ടം ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ സിനിമയാക്കിയതും കണ്മണി എന്ന തമിഴ് ഹിറ്റ് പാട്ടിന്റെ പ്ലേസ്മെന്റും താരങ്ങളുടെ പ്രകടനവും എല്ലാം എടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചുവെന്ന് ചന്തു പറയുന്നു.
‘‘മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട് ഞങ്ങളോട് വ്യക്തിപരമായി സംസാരിക്കാൻ രജനി സർ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചതാണ്. ഇന്നാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം പടം ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു. അന്ന് തന്നെ ഞങ്ങളെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഞങ്ങളെ കണ്ടു സംസാരിക്കണം എന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ്ങിന്റെ തിരക്കിൽ ആയതിനാൽ അദ്ദേഹത്തിന് ഞങ്ങളെ കാണാൻ സൗകര്യം കിട്ടിയില്ല.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വേട്ടൈയൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആയിരുന്നു അദ്ദേഹം. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഞങ്ങളെ കണ്ടു സംസാരിക്കണം എന്ന് അറിയിച്ചതിനെത്തുടർന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഞങ്ങളെ വളരെ സ്നേഹപൂർവം സ്വീകരിച്ച അദ്ദേഹം സിനിമയെക്കുറിച്ച് ആവോളം സംസാരിച്ചു. ഞങ്ങളുടെ ടീമിലെ ഞാൻ, ചിദംബരം, ഗണപതി, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ, അസ്സോഷ്യേറ്റ് ഡയറക്റ്റർ ശ്രീരാഗ്, പിന്നെ അനൂപ് ഇത്രയുംപേരാണ് അദ്ദേഹത്തെ കാണാൻ പോയത്.
പടം കണ്ടിട്ട് വളരെയധികം ഇഷ്ടപ്പെട്ടു, ഒരു കൂട്ടം ചെറുപ്പക്കാരുടെ അതിജീവന കഥ, അതിന്റെ ജീവൻ ഒട്ടും ചോരാതെ സിനിമയാക്കുന്നതിൽ ഞങ്ങൾ വിജയിച്ചുവെന്നും കണ്മണി പാട്ട് ചിത്രത്തിൽ ഉൾപ്പെടുത്തിയതും, ക്യാമറ വർക്കും എല്ലാം ഇഷ്ടപ്പെട്ടു, ഞങ്ങളെല്ലാം വളരെ നന്നായി അഭിനയിച്ചു എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. പടത്തെപ്പറ്റി കുറെ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. അദ്ദേഹം പടം കണ്ടിട്ട് ഒരുമാസം ആയി. ഇത്രയും ദിവസം ആയിട്ടും അദ്ദേഹം അതൊക്കെ ഓർത്തുവച്ചു പറഞ്ഞപ്പോൾ ഞങ്ങൾ അദ്ഭുതപ്പെട്ടുപോയി. തിരക്കുകഴിഞ്ഞ് ഞങ്ങളെ ഓർത്തുവച്ചു വീട്ടിലേക്ക് ക്ഷണിച്ചതും എല്ലാം വലിയ കാര്യം തന്നെയാണ്. ഞങ്ങൾക്കെല്ലാം വലിയ സന്തോഷമായി.’’– ചന്തു സലിംകുമാർ പറയുന്നു.