തെരുവോരത്ത് ഭക്ഷണം നൽകി സാറ അലിഖാന്; ‘ജിസ് ജോയ്’ സിനിമ തങ്ങളും കണ്ടിട്ടുണ്ടെന്ന് മലയാളികൾ
Mail This Article
തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരം സാറ അലി ഖാന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ റോഡരികിലുള്ള നിര്‍ധനര്‍ക്കാണ് സാറ ഭക്ഷണം വിതരണം ചെയ്തത്. വിവരമറിഞ്ഞെത്തിയ പാപ്പരാസികളും വഴിയാത്രികരും ഇതോടെ താരത്തിന്‍റെ വിഡിയോ ഷൂട്ട് ചെയ്തിരുന്നു. വിഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ സാറ കയര്‍ക്കുന്നതും വിഡിയോയില്‍ കാണാം. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുതെന്നും വിഡിയോ എടുക്കരുതെന്നും താരം ആവശ്യപ്പെട്ടു.
വിഡിയോ പുറത്തുവന്നതോടെ സാറയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്‍റ് ബോക്സിലെത്തിയത്. വിഡിയോ എടുക്കരുതെന്ന അവരുടെ അഭ്യര്‍ഥനയെ മാനിക്കണമായിരുന്നുവെന്ന് ചിലര്‍ കുറിച്ചു. സാറയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ചിലര്‍ ആരോപിച്ചു. അതേസമയം ഈ സീനൊക്കെ മലയാള സിനിമ പണ്ടേ വിട്ടതാണെന്നാണ് മലയാളികള്‍ സോഷ്യല്‍ മിഡിയയില്‍ കമന്‍റ് ചെയ്തത്.
ജിസ് ജോയ് ചിത്രം മോഹന്‍കുമാര്‍ ഫാന്‍സിലെ ഒരു രംഗത്തോടാണ് മലയാളികള്‍ സംഭവത്തെ ഉപമിക്കുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ആഘോഷ് മേനോന്‍ എന്ന സെലിബ്രിറ്റി കഥാപാത്രം തെരുവോരത്ത് ഭക്ഷണം കൊടുക്കുന്ന രംഗം വലിയ ശ്രദ്ധ നേടിയിരുന്നു.
വിഡിയോ എടുക്കുന്നവരോട് ആഘോഷ് മേനോനും ചിത്രത്തില്‍ കയര്‍ക്കുന്നുണ്ട്. സാറയെ ആഘോഷ് മേനോനുമായി ചേര്‍ത്തുവച്ചുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.