ദിവസവും 2 ലക്ഷം, ഇതുവരെ ചികിത്സയ്ക്കായത് 40 ലക്ഷം; സഹായം തേടി നടി അരുന്ധതിയുടെ കുടുംബം
Mail This Article
വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിക്കായി സഹായം തേടി കുടുംബം. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവൻ നിലനിർത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കു വേണ്ടി വരുന്നത്. ഇതിനോടകം തന്നെ അരുന്ധതിക്കായി ലക്ഷങ്ങൾ കുടുംബം ചെലവാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെയാണ് സഹായം അഭ്യർഥിച്ച് കുടുംബം രംഗത്തുവന്നത്.
അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ച അവസ്ഥയാണ്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവിനായി വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി മാധ്യമങ്ങളോടു പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വാരിയെല്ലുകൾ പൊട്ടിയതിനാൽ അവിടെയും ശസ്ത്രക്രിയ വേണ്ടി വരും.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ തന്നെ കിടന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരൻ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് നടി ഗോപിക അനിൽ ഉള്‍പ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.
അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.
2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.