കെപിഎസി ലളിത പറഞ്ഞ ‘കറുത്തച്ചനൂട്ട്’; ബ്ലാക് മാജിക് ഇവിടെയുമുണ്ടോ?: ജിനു ഏബ്രഹാം പറയുന്നു
Mail This Article
അരുണാചൽ പ്രദേശിൽ മൂന്നു മലയാളികൾ ആത്മഹത്യ ചെയ്ത സംഭവത്തോടെ ബ്ലാക് മാജിക് അഥവാ സാത്താൻ സേവയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. 2017ൽ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ആദം ജോണി’ന്റെ പ്രതിപാദ്യ വിഷയവും സാത്താൻ സേവയായിരുന്നു. സിനിമ ചെയ്യനായി ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിരുന്നുവെന്നും അതിരുകളില്ലാത്ത സ്വാതന്ത്ര്യവും വിലക്കുകളില്ലായ്മയുമാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്നും ‘ആദം ജോണി’ന്റെ സംവിധായകൻ ജിനു ഏബ്രഹാം പറയുന്നു. വിദേശത്തുവച്ചാണ് സാത്താൻ സേവയെക്കുറിച്ച് അറിയാനിടയായതെന്നും കേരളത്തിൽ നടക്കുന്ന സാത്താൻ സേവയെക്കുറിച്ചുള്ള വിവരങ്ങൾ തേടി കുറേ യാത്ര ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ലെന്നും ജിനു മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘‘2012ൽ ലണ്ടൻ ബ്രിഡ്ജ് എന്ന സിനിമ എഴുതുന്ന സമയത്ത് ലൊക്കേഷൻ കാണാൻ ഒറ്റയ്ക്ക് യുകെയിൽ പോയിരുന്നു. അവിടെനിന്ന് സ്കോട്ട്‌ലൻഡിലേക്കു പോകുന്നത് വിന്റർ സമയത്താണ്, ഒരു നവംബറിൽ. ആ സമയത്ത് പകൽവെളിച്ചമൊക്കെ കുറഞ്ഞ് വല്ലാത്തൊരു മൂഡ് ആണവിടെ. വളരെ പഴക്കമുള്ള കെട്ടിടങ്ങളും മങ്ങിയ വെളിച്ചവുമൊക്കെ കണ്ടപ്പോൾ, ഇപ്പോൾ ചെയ്യാനുദ്ദേശിക്കുന്ന സിനിമയേക്കാൾ അവിടെ മറ്റൊരു തരത്തിലുള്ള സിനിമയ്ക്കാണല്ലോ വിഷ്വൽ സാധ്യതയുള്ളത് എന്ന് തോന്നിപ്പോയി.
ഒരു കുട്ടിയെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് ഒരു ത്രെഡും അപ്പോൾത്തന്നെ തോന്നി. പിന്നീട് അവിടുത്തെ തെരുവിൽ മറ്റൊരു കാഴ്ച കണ്ടു. കറുത്ത വസ്ത്രമണിഞ്ഞ തടിച്ച ഒരു സ്ത്രീ വേഗത്തിൽ നടന്നുപോകുന്നു. ‘നീ ആ സ്ത്രീയെ ശ്രദ്ധിച്ചോ’ എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു. എല്ലാ ശനിയാഴ്ചയും ഈ സമയത്തിങ്ങനെ ഇവരെ കാണാറുണ്ട്. അവർ സാത്താനെ ആരാധിക്കുന്നവരാണെന്നും അവൻ പറഞ്ഞു. ഇവിടെ അങ്ങനെയൊക്കെയുണ്ടോയെന്ന് ചോദിച്ചപ്പോൾ, അവിടെ സാത്താനെ സേവിക്കുന്ന ഒരുപാട് പള്ളികളും സ്ഥലങ്ങളുമുണ്ടെന്നായിരുന്നു മറുപടി.
അപ്പോഴാണ് ഞാൻ ഇതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്. പിന്നീട് റോമൻ പൊളൻസ്‌കിയുടെ റോസ് മേരീസ് ബേബി, ദ് നയൻത് ഗേറ്റ് എന്നീ സിനിമകൾ കണ്ടു. ഇതിൽ റോസ് മേരീസ് ബേബി എന്നെ നന്നായി സ്വാധീനിച്ചു. അങ്ങനെയാണ് ആദം ജോണിന്റെ കഥയിലേക്കെത്തുന്നത്. സിനിമയ്ക്കു വേണ്ടി റിച്വൽസ് ഓഫ് സാത്താനിക് വർഷിപ്പ്, സാത്താനിക് ബൈബിൾ എന്നീ രണ്ട് പുസ്തകങ്ങൾ ആമസോണിൽനിന്ന് വരുത്തിയിരുന്നു. ചർച്ച് ഓഫ് സാത്താൻ (സാത്താൻ സഭ) സ്ഥാപിച്ച ആന്റൺ സാൻഡോർ ലാവേ രചിച്ച പുസ്തകങ്ങളായിരുന്നു അത്. ബൈബിളിന്റെ നേരെ വിപരീതമായ ഒരു വികലാനുകരണമാണ് ഈ പുസ്തകങ്ങളെന്നാണ് എനിക്ക് വായിച്ചപ്പോൾ തോന്നിയത്.
യഹോവയാണ് എന്റെ ദൈവമെന്ന് ബൈബിളിൽ പറയുമ്പോൾ സാത്താനാണ് എന്റെ ദൈവമെന്ന് ഇതിൽ പറയുന്നു. ഒരു കഴമ്പുമില്ലാത്ത കുറേ കാര്യങ്ങൾ. അപാരമായ സ്വാതന്ത്ര്യമാണ് സാത്താനെ സേവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. കനി കഴിക്കുന്നത് തടയുന്നവനാണോ നിന്റെ ദൈവമാകേണ്ടതെന്നാണ് സാത്താന്റെ പുസ്തകത്തിൽ ചോദിക്കുന്നത്. അത് ചെയ്യരുത്, ഇത് ചെയ്യരുതെന്ന് വിലക്കുന്നവനല്ല നിന്റെ ദൈവമാകേണ്ടതെന്നും എല്ലാം ചെയ്യാൻ അനുവാദം തരുന്ന, നിനക്കൊപ്പം നിൽക്കുന്നവനെയല്ലേ നിന്റെ നാഥനായി കാണേണ്ടത് എന്നതാണ് പുസ്തകത്തിന്റെ കാമ്പ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യവും വിലക്കുകളില്ലായ്മയുമാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് തോന്നുന്നു. വളരെപ്പെട്ടെന്ന് ഫലമുണ്ടാകുമെന്ന അന്ധവിശ്വാസവും ഇതോടൊപ്പം ചേരുന്നു. ഇതെല്ലാം വളരെ വികലമായാണ് തോന്നിയത്. സിനിമ കഴിഞ്ഞപ്പോൾത്തന്നെ രണ്ട് പുസ്തകങ്ങളും കത്തിച്ചുകളയുകയും ചെയ്തു.
നമ്മുടെ നാട്ടിൽ നടക്കുന്ന സാത്താൻ സേവയെക്കുറിച്ചുള്ള വിവരങ്ങൾ തേടി കുറേ യാത്ര ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. വ്യവസായരംഗത്തെ ചില പ്രമുഖ കുടുംബങ്ങൾ വരെ ഇതിന്റെ കണ്ണികളാണെന്ന് അന്ന് ചിലർ പറഞ്ഞിരുന്നു. അതിനൊന്നും പക്ഷേ തെളിവില്ല. ഒരുപക്ഷേ അസൂയക്കാരുണ്ടാക്കിയ കഥയുമാകാം.
കേരളത്തിൽ ഒരു നൂറുവർഷം മുമ്പുള്ള ഇത്തരമൊരു ആചാരം ഒരു പാട്ടിൽ ചിത്രീകരിച്ച്, അത് വച്ച് ആദം ജോൺ തുടങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒരു പഴയ മന, അവിടേക്ക് അവരുടെ കുടുംബശാഖകളിലെ അംഗങ്ങളെത്തുകയും സാത്താൻ സേവയുടെ ആചാരങ്ങളിലേർപ്പെടുകയും ചെയ്യുന്നതായിരുന്നു സിനിമയുടെ ആദ്യ സീനുകളായി ചിത്രീകരിക്കാൻ ആഗ്രഹിച്ചിരുന്നത്.
റഫീക്ക് അഹമ്മദ് എഴുതി ദീപക് ദേവ് സംവിധാനം ചെയ്ത ഒരു പാട്ടു വരെ ഇതിനായി ഞങ്ങൾ തയാറാക്കിയിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ അത് ഷൂട്ട് ചെയ്യാനായില്ല. അത് ഷൂട്ട് ചെയ്തിരുന്നെങ്കിൽ കുറേക്കൂടി നമ്മുടെ നാടുമായി കണക്ട് ചെയ്യുന്ന ഭാഗങ്ങൾ വന്നേനെ. നിലവിലെ സിനിമയിൽ കെപിഎസി ലളിതച്ചേച്ചി പറയുന്ന ‘കറുത്തച്ചനൂട്ട്’ തുടങ്ങിയ കാര്യങ്ങളേക്കാൾ കുറേക്കൂടി വിഷ്വലിൽ വന്നേനെ. ഇതേക്കുറിച്ച് പഠിച്ചയാളെന്ന നിലയ്ക്ക്, എന്റെ അഭിപ്രായത്തിൽ അതിൽ പറയുന്ന കാര്യങ്ങളെല്ലാം തികച്ചും വിഡ്ഢിത്തമാണ്.’’–ജിനു ഏബ്രഹാമിന്റെ വാക്കുകൾ.