‘ഗോട്ടില്‍’ വിജയ്ക്കൊപ്പം ‘വിജയകാന്തും’; കുടുംബത്തിന്റെ സമ്മതം വാങ്ങി വെങ്കട് പ്രഭു
Mail This Article
ദളപതി വിജയ്‌യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന സിനിമയില്‍ വിജയകാന്തും. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ സിനിമയിൽ പുനഃസൃഷ്ടിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത ഇക്കാര്യം സ്ഥിരീകരിച്ചു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കുന്ന കാര്യത്തെക്കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി കഴിഞ്ഞ കുറച്ചുദിവസമായി ചർച്ച നടത്തി വരികയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഈ വാർത്ത ഔദ്യോഗികമായി അറിയിക്കുമെന്നും പ്രേമലത വ്യക്തമാക്കി.
‘‘ഷണ്മുഖപാണ്ഡ്യനുമായി ചർച്ച നടത്താനായി സംവിധായകൻ വെങ്കട്ട് പ്രഭു നാലഞ്ച് തവണ വീട്ടിൽ വരികയും പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. എന്നെ വന്നു കാണണമെന്ന് വെങ്കട്ട് പ്രഭു അഭ്യർഥിച്ചിരുന്നു. ഞാനിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് വന്നിരിക്കുകയാണ്. ഗോട്ട് എന്ന ചിത്രത്തിൽ എഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അവർ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നെ നേരിൽക്കാണണമെന്ന് വിജയ്‌യും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാപ്റ്റൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന്റെ വീക്ഷണകോണിൽ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയ് സിനിമയിൽ വന്ന സമയത്ത് അദ്ദേഹം നായകനായ സിന്ദൂരപാണ്ഡി എന്ന ചിത്രത്തിൽ വിജയകാന്ത് അഭിനയിക്കുകയും വിജയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. വിജയ്‌യെയും പിതാവ് എസ്. എ. ചന്ദ്രശേഖറിനേയും ക്യാപ്റ്റന് വളരെ ഇഷ്ടമായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് പ്രവർത്തിച്ചത്. ക്യാപ്റ്റനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയശേഷം ആ നല്ല വാർത്ത എല്ലാവരേയും അറിയിക്കും. വെങ്കട്ട് പ്രഭുവിനെ കുട്ടിക്കാലം മുതലേ അറിയാം. അതുകൊണ്ട് അദ്ദേഹത്തോടോ വിജയ്‌യോടെ ഞാൻ നോ പറയില്ല.’’–പ്രേമലതയുടെ വാക്കുകൾ.