അന്ന് പലരും ചോദിച്ചു, ‘നേപ്പാളും ബുദ്ധിസവുമെല്ലാം ആർക്കെങ്കിലും മനസ്സിലാകുമോ?’
Mail This Article
സിനിമയും കലയും തനതു രീതിയിൽ കാണുകയും അവതരിപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു സംഗീത് ശിവൻ. മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ, ഇപ്പോഴും ചർച്ചയാകുന്ന യോദ്ധ, നിർണയം എന്നീ സിനിമകളെക്കുറിച്ച് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും പ്രചരിക്കുകയാണ്.
‘സിനിമ ചെയ്യാൻ തുടങ്ങുമ്പോൾ ആർക്ക് ഇഷ്ടപ്പെടും എന്നൊന്നും ആലോചിച്ചിട്ടേയില്ല. ഞങ്ങൾക്ക് ഇഷ്ടമായി, ചെയ്യുന്നു എന്നേയുണ്ടായിരുന്നുള്ളു. ഞങ്ങൾ മുൻപും ഒന്നും ചെയ്തിട്ടില്ല. പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനും ഇല്ലല്ലോ. അതുകൊണ്ടു ഞങ്ങൾ ചെയ്യുന്നു. യോദ്ധ ചെയ്യുമ്പോഴും ഹിറ്റാകുമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടമാകാൻ ചെയ്ത സിനിമയുമല്ല. സിനിമ ഓടുമോ എന്നൊന്നും ആലോചിച്ചിട്ടുപോലുമില്ല എന്നതാണു സത്യം. നേപ്പാളും ബുദ്ധിസവുമെല്ലാം ആർക്കെങ്കിലും മനസ്സിലാകുമോ എന്നൊക്കെ ചോദിച്ചവരുണ്ട്. സിനിമാ ചർച്ചയൊക്കെ നേരത്തേ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ കരിയർ മാറിപ്പോകുമായിരുന്നു.
നിർണയം ഹിറ്റായില്ല. രണ്ടു കാരണങ്ങളായിരുന്നു. കംപ്യൂട്ടറൊക്കെ ആദ്യമായി മലയാള സിനിമയിൽ കാണുന്നത് ആ സിനിമയിലാണ്. കുറച്ചു നിലവാരം കൂടിയാണ് അന്ന് ചിന്തിച്ചിരുന്നത്. അപ്പോൾ കരുതി സിനിമകൾ കുറച്ചുകൂടി താഴ്ന്നു ചിന്തിച്ചു ചെയ്യാമെന്ന്. കാഴ്ചക്കാർക്കു വേണ്ടി മാത്രമാണ് അങ്ങനെ ചിന്തിച്ചത്. ആ ചിന്തയിലും സിനിമകളിലും നഷ്ടബോധമില്ല’.