വേദനയായി 'രോമാഞ്ചം' റീമേക്ക്; റിലീസിനു മുൻപ് സംഗീത് ശിവന്റെ അവിചാരിത മടക്കം
Mail This Article
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. സംഗീത് ശിവൻ സംവിധാനം ചെയ്ത ‘കപ്കപി’ എന്ന ഹിന്ദി ചിത്രം റിലീസിന് ഒരുങ്ങുന്നതിന് ഇടയിലാണ് സംവിധായകന്റെ അവിചാരിത മടക്കം. സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘കപ്കപി’.
പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഒരാഴ്ച മുൻപു വരെ അദ്ദേഹം സമൂഹമാധ്യമ പേജിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നായിരുന്നു സംഗീത് ശിവന്റെ പോസ്റ്റ്. ബോളിവുഡ് യുവതാരം തുഷാർ കപൂറിനും തിരക്കഥാകൃത്ത് സൗരഭ് ആനന്ദിനുമൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രമാണ് സംഗീത് ശിവൻ പങ്കു വച്ചത്. ഇങ്ങനെ ഊർജ്ജസ്വലനായി നിന്ന വ്യക്തി ഇത്ര പെട്ടെന്ന് ഓർമചിത്രമായത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം.
സംഗീത് ശിവന്റെ സംവിധാന മികവിൽ മികച്ചൊരു സിനിമാനുഭവമാകും ‘കപ്കപി’യെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ, സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തോടെ വേദനിക്കുന്ന ഓർമയാവുകയാണ് പുതിയ ചിത്രം. ജൂണിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ബ്രാവോ എൻ്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്.
ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്.
സൗബിന്‍ ഷാഹിർ അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവനൊരുക്കി ഹൊറര്‍ കോമഡി ചിത്രമാണ് ‘രോമാഞ്ചം’. 2023ലെ മലയാളത്തിലെ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൊന്നായിരുന്നു ഈ സിനിമ. തമിഴിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.