‘തിയറ്റർ നോട്ടുബുക്കിൽ’ പിറന്ന സിനിമാ യോദ്ധാവ്
Mail This Article
സംഗീതിന്റെ മുറിയിൽ ക്രിക്കറ്റ് ബാറ്റ്, പന്തുകൾ, നാലഞ്ചു ഹോക്കി സ്റ്റിക്കുകൾ, പുസ്തകങ്ങൾ... കൂട്ടത്തിൽ കിടക്കയിൽ ഒളിപ്പിച്ച 3 നോട്ടു ബുക്കുകൾ കണ്ടുപിടിച്ചത് സന്തോഷ്. ഓരോ ബുക്കിനും തിയറ്ററുകളുടെ പേരുകൾ: സെൻട്രൽ, ശ്രീകുമാർ, ശ്രീവിശാഖ് ! നഗരത്തിലെ ഈ തിയറ്ററുകളിൽ കണ്ട സിനിമകളെക്കുറിച്ചുള്ള കുറിപ്പുകളാണുള്ളിൽ !
യൂണിവേഴ്സിറ്റി ക്രിക്കറ്റ്, ഹോക്കി ടീമുകളിൽ അംഗമായിരുന്ന സംഗീത് ബികോം കഴിഞ്ഞ് ബാങ്ക് ടെസ്റ്റെഴുതി. എസ്ബിഐയിൽ നിയമനം കിട്ടി വീടുവിടാനൊരുങ്ങിയപ്പോൾ സന്തോഷ് ചോദിച്ചു: ‘നിന്റെ നോട്ടുബുക്കുകളിൽ സിനിമ വിട്ട് നീയിനി കണക്കെഴുതുമോ?
സന്തോഷ് ശിവന്റെ ആ ചോദ്യമാണ് സംഗീത് ശിവനെ സിനിമാക്കാരനാക്കിയത്. പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രാഫറായ അച്ഛൻ ശിവന്റെ ഉള്ളിലുണ്ടായിരുന്ന അതേ ചോദ്യമാണ് മൂത്ത മകൻ സന്തോഷ്, രണ്ടാമനോടു ചോദിച്ചത്.
അരുണാചലിൽ അച്ഛൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ സഹായിയായി താനും വരുന്നുവെന്നു സംഗീത് അറിയിച്ചപ്പോൾ പോങ്ങുംമൂട്ടിലെ ‘ശിവൻസ്’ വീട്ടിൽ ആർപ്പു വിളിയുയർന്നു. അക്കാലത്തു ശ്രീകുമാർ തിയേറ്ററിൽ മൂവരും ഇതുപോലെ ആർപ്പുവിളിക്കുമ്പോൾ തിയറ്റർ ജീവനക്കാർ പറയുമായിരുന്നു, ശിവൻ സാറിന്റെ മക്കൾ പടം കാണാൻ വന്നിട്ടുണ്ട്.
ശിവൻ ജീവിതം കൊണ്ടാണു മക്കളെ ക്യാമറയും സിനിമയും പഠിപ്പിച്ചത്. ശ്രീകാര്യത്തെ വീട്ടിലും മക്കൾ തമ്പടിച്ചിരുന്ന സ്റ്റാച്യുവിലെ സ്റ്റുഡിയോയിലും കളിപ്പാട്ടങ്ങളല്ല, ക്യാമറകളായിരുന്നു ഏറെയും. അച്ഛൻ ചെയ്യുന്നതു സംഗീതും കണ്ടു പഠിച്ചു. ഡോക്യുമെന്ററികളിലും ഹ്രസ്വചിത്രങ്ങളിലും സഹായിയായി. പിന്നീടു പരസ്യ ചിത്രീകരണത്തിലേക്കു മാറി. തന്റെ പരസ്യങ്ങൾക്കു പതിവായി ജിംഗിളൊരുക്കിയ ‘ദിലീപ്’ എന്ന ചങ്ങാതി ‘യോദ്ധാ’യിലൂടെ എ.ആർ. റഹ്മാനായി സംഗീതസംവിധാനമൊരുക്കി.
ഉള്ളിൽ തോന്നിയൊരു ആശയം സാബ് ജോണിന്റെ സഹായത്തോടെ രണ്ടും കൽപിച്ച് എഴുതി സംവിധാനം ചെയ്തതാണ് ആദ്യസിനിമയായ വ്യൂഹം. രഘുവരനായിരുന്നു നായകൻ. അച്ഛന്റെ ഉറ്റ സുഹൃത്തായ ബസു ഭട്ടാചാര്യ സംവിധാനം ചെയ്യുന്ന ‘രാഖി’ലേക്ക് അതിനു മുൻപേ ക്ഷണം കിട്ടിയിരുന്നു. കാര്യമായ ബജറ്റില്ലാത്ത ആ സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി 1989ൽ അരങ്ങേറ്റം.
‘വ്യൂഹം’ കഴിഞ്ഞു ‘യോദ്ധ’. തുടർന്നു ഡാഡി, ജോണി, ഗാന്ധർവം, നിർണയം... അങ്ങനെ ചിത്രങ്ങൾ. ‘നിർണയ’ത്തിനു ശേഷം സണ്ണി ഡിയോളിന്റെ ഡേറ്റ് ഒത്തുവന്നതോടെ മുംബൈയ്ക്കു പറന്നു. സംഗീത് ശിവന്റെ ഖ്യാതി ഇന്ത്യയാകെ പടർന്നു. തിരുവനന്തപുരത്തു വരുമ്പോഴെല്ലാം പഴയ കേന്ദ്രമായ അച്ഛന്റെ സ്റ്റുഡിയോ ‘ശിവൻസി’ലെത്തും. കുറെ നേരം അവിടെയുള്ള ജീവനക്കാരുമായി പഴയ വിശേഷങ്ങൾ പറഞ്ഞിരിക്കും. കോഫിഹൗസിൽ കാപ്പി കുടിക്കും.
‘യോദ്ധ’യുടെ രണ്ടാം ഭാഗം ചെയ്യുന്നില്ലേയെന്ന ചോദ്യം ഏറെ കേട്ടു ‘ഞാനതു ചെയ്തേക്കും. മനസ്സു പാകപ്പെട്ടിട്ടില്ല.’ എന്നു മറുപടി.