‘ചാക്കോച്ചനും നാല് സംവിധായകരും പിന്നെ ഞാനും’
Mail This Article
‘‘നിങ്ങൾ കൊച്ചീലുണ്ടോ?’’ ആലപ്പുഴയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന ചങ്ക് ചെങ്ങായ് ഷാഹി ഫോണിൽ. ‘‘ഉണ്ട് , നമ്മൾ ഇന്ന് ഒരുമിച്ചുണ്ടിരിക്കും.’’ പ്രാസമൊപ്പിച്ച് ഞാൻ മറുപടി നൽകി. എന്റെ ഓഫിസിന്റെ പിന്നിലുള്ള കൊച്ചു മുറിയിൽ ഇരുന്നു ഷാഹി കാര്യം പറഞ്ഞു. ജോസഫ്, നായാട്ട് എന്നീ സൂപ്പർ ഹിറ്റ് ചലചിത്രങ്ങൾ എഴുതിയതിനുശേഷം, ‘ഇലവീഴാ പൂഞ്ചിറ’ എന്ന ഇടിവെട്ട് പടം സംവിധാനം നിർവഹിച്ച ഷാഹി കബീർ ഇനിയും പേരിടാത്ത പുതിയ പടത്തിന്റെ എഴുത്തുകാരനാണ്.
ഞാൻ അഭിനയിച്ച് ‘മരിച്ച’ ദുൽഖർ സൽമാൻ പടം ‘100 ഡേയ്സ് ഓഫ് ലവ്’ പിന്നെ ഇല വീഴാ പൂഞ്ചിറ/ഭ്രമം/നായാട്ട്/ ഉദാഹരണം സുജാത /ആക്‌ഷൻ ഹീറോ ബിജു എന്നീ സിനിമകളുടെ അസ്സോഷ്യേറ്റ് ഡയറക്ടറും എഴുത്തുകാരനും നടനുമായ ജിത്തു അഷ്റഫ് സ്വതന്ത്ര സംവിധായകനാകുന്ന പുതിയ സിനിമയിൽ ഒരു മുഴുനീള കഥാപാത്രമാകാൻ എനിക്ക് ‘സമയമില്ലെന്ന്’ പറഞ്ഞപ്പോൾ ഷാഹി കുട്ടന്റെ മുഖം മങ്ങി. ആയതിനാൽ ചെറിയൊരു ‘ഭാരം’ ഏൽക്കാൻ തയാറായപ്പോൾ രണ്ടുമൂന്നു കുഞ്ഞൻ കഥാപാത്രങ്ങൾ ഷാഹി വിവരിച്ചു.
അതിൽ നാലും മൂന്ന് ഏഴ് വാക്കുകൾ ഡയലോഗുള്ള ‘മുതലാളി’ വേഷത്തിൽ മനസ്സുടക്കി. തരുണീമണികളുടെ കണ്ണിലുണ്ണിയും മലയാളി പ്രേക്ഷകരുടെ പ്രിയപെട്ടവനും പഴേ ചങ്ങായിയുമായ ചാക്കോച്ചന് അത്യാവശ്യം പണികൊടുക്കാൻ സാധ്യമാകുന്ന എണ്ണം പറഞ്ഞ ഒരെണ്ണം. ഷൂട്ടിങ് ആകട്ടെ കൊടും ചൂടുള്ള കളമശ്ശേരിയിലെ കാർബൺ മോണോക്സയിഡ് മണക്കുന്ന പെട്രോൾ ബങ്കിൽ. ഡയലോഗുകൾ മനഃപാഠമാക്കിയെങ്കിലും കാറിന് വെളിയിൽ നിൽക്കേണ്ടിവന്ന നായകവേഷക്കാരനെ ‘അരിമണികൾ പെറുക്കി’ അഞ്ചാറ് ടേക്കുകൾ ‘മനഃപൂർവം’ എടുപ്പിച്ച് വെയിലത്ത് നിർത്തി ഉണക്കിയപ്പോൾ ഞാൻ അനുഭവിച്ച മാനസിക സുഖം സാറെ, അതത്ര ചെറുതല്ല.
ഇതു കണ്ട് സഹിക്കാനാകാതെ എന്നെ കസ്റ്റഡിയിൽ പോലും എടുക്കാൻ കഴിയാതെ പൊലീസ് ഓഫിസർ കൂടിയായ ഷാഹി രൂക്ഷഭാവത്തിൽ എന്നെ നോക്കിയിട്ട് സ്ഥലം കാലിയാക്കി. സംഭവം മണത്തറിഞ്ഞ, നൂറോളം പടങ്ങളിൽ തകർത്തഭിനയിച്ച ബുദ്ധിശാലിയായ ചാക്കോച്ചൻ എന്നെ കണ്ണുരുട്ടിയപ്പോൾ ഒരൊറ്റ ടേക്കിന് കാര്യം സാധ്യമായി, പിന്നെ എല്ലാം പെട്ടന്നായിരുന്നു, എല്ലാർക്കും സന്തോഷം.
പ്രശസ്ത സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ മാർട്ടിൻ പ്രക്കാട്ട് നിർമിക്കുന്ന, ഷാഹി കബീർ എഴുതുന്ന, നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന, മമ്മുക്കയുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് പടം കണ്ണൂർ സ്‌ക്വാഡ് സംവിധായകനും സിനിമാറ്റോഗ്രാഫറുമായ റോബി വർഗീസ് രാജ് കാമറ ചെയ്യുന്ന, ചിത്രീകരണം തുടരുന്ന പുതിയ സിനിമയിൽ നമ്മുടെ സ്വന്തം ചാക്കോച്ചനും പ്രിയാമണിയും പിന്നെ ജഗദീഷ്, മനോജ് കെ.യു. ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ തുടങ്ങിയ ഒരുപാടു താരങ്ങളും ഒരുമിക്കുന്നു, കുഞ്ഞു വേഷത്തിൽ ഞാനും , ആനന്ദലബ്ധിക്കിനിയെന്തുവേണം ..? അങ്ങനെ വിലപിടിച്ച നാല് സംവിധായകർ ഒരുമിക്കുന്ന നല്ലൊരു സിനിമയുടെ ഭാഗമായതിന്റെ സന്തോഷം ഒരൽപം തള്ളിയതാണ്, എന്നെ സഹിച്ച ചാക്കോച്ചനും ജിത്തും ഷാഹിയും എന്നോട് പൊറുക്കട്ടെ. അല്ലെങ്കിലും നമ്മുടെ പടവും സൂപ്പർ ഡ്യൂപ്പർ ഹിറ്റല്ലേ ചെങ്ങായിമാരെ.’’