പേരോ, ശബ്ദമോ, വിളിപ്പേരോ ഉപയോഗിക്കരുത്: ജാക്കി ഷ്രോഫ് കോടതിയിൽ
Mail This Article
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, സാദൃശ്യം, ശബ്ദം, ബിദു എന്ന വിളിപ്പേര് എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് ജാക്കി ഷ്രോഫ് ഹർജി നല്‍കിയത്. ഹർജിയില്‍ ജസ്റ്റിസ് സഞ്ജീവ് നരുല വിശദമായി വാദം കേള്‍ക്കുകയും നിരവധി സ്ഥാപനങ്ങള്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തു. ജാക്കി ഷെറോഫിന്‍റെ കേസ് മെയ് 15 ന് പരിഗണിക്കും. കേസ് പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം.
ജാക്കിയുടെ ചിത്രങ്ങളും ശബ്ദവും ചില മീമുകളിലും മറ്റ് തെറ്റിദ്ധാരണ പരത്തുന്ന ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ മാധ്യമങ്ങളെ അറിയിച്ചു. ജാക്കി ഷ്രോഫിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ആക്ഷേപകരമായ കണ്ടന്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ശബ്ദം ദുരുപയോഗം ചെയ്യുകയും ചില കേസുകളില്‍ അശ്ലീലചിത്രങ്ങള്‍ സൃഷ്ടിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജാക്കി ഷ്രോഫ്, ജാക്കി, ജഗ്ഗു, ജഗ്ഗു ദാദ, ബിദു എന്നി പേരുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെ വിലക്കണമെന്നും ഹർജിയില്‍ പറയുന്നുണ്ട്. കൂടാതെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കും വിധത്തിലുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയത്തിന് ജാക്കി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതാദ്യമായല്ല ഒരു ബോളിവുഡ് താരം വ്യക്തിത്വാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരുന്നത്. മുന്‍പ് നടന്‍ അനില്‍ കപൂറും കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഈ ജനുവരിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. അമിതാഭ് ബച്ചനും സമാന ആവശ്യവുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.