മലയാള സിനിമയിൽ സ്ത്രീകളെവിടെ? ചോദ്യമെറിഞ്ഞ് അഞ്ജലി മേനോൻ; ചൂടു പിടിച്ച് ചർച്ച
Mail This Article
'മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്'– ചോദ്യം ഉന്നയിക്കുന്നത് മലയാളത്തിലെ വനിതാ സംവിധായകരിൽ ശ്രദ്ധേയയായ അഞ്ജലി മേനോൻ ആണ്. മലയാളത്തിൽ ഈയിടെ ഇറങ്ങി കോടി ക്ലബിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നിലൊഴികെ മറ്റൊന്നിലും നായികമാരില്ലാത്തത് ചർച്ചയായ പശ്ചാത്തലത്തിലാണ് അഞ്ജലി മേനോന്റെ ചോദ്യം. നവമാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലി പോസ്റ്റ് പങ്കുവെച്ചത്.
അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഭ്രമയുഗം, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. ഇവയ്ക്കൊപ്പം നൂറു കോടി ക്ലബിൽ ഇടം പിടിച്ച പ്രേമലുവിൽ മാത്രമാണ് മുഴുനീള വേഷത്തിൽ സ്ത്രീകഥാപാത്രങ്ങളുള്ളത്. എൻജിനീയറിങ് കോളജിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ചിട്ടും 'ആവേശം' എന്ന സിനിമയില്‍ ശക്തമായ ഒരു സ്ത്രീകഥാപാത്രം ഉണ്ടായിരുന്നില്ലെന്നും പേരിനു മാത്രം വാര്‍പ്പുമാതൃകയില്‍ ഒരു അമ്മ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നെന്നും വിമർശനം ഉയർന്നിരുന്നു.
അഞ്ജലി മേനോൻ സമൂഹമാധ്യമത്തിൽ ഉയർത്തിയ ചോദ്യത്തെ അനുകൂലിച്ചും വിമർശിച്ചും ധാരാളം പേർ രംഗത്തെത്തി. യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും കമന്‍റിലൂടെ ചോദിക്കുന്നത്. ജയ ജയ ജയഹേ, പ്രേമലു, ഹൃദയം എന്നിവ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തമായ പ്രധാന്യം നല്‍കി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളാണെന്നും കമന്‍റുകളുണ്ട്.
കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലനടയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇതേ ചോദ്യം നടി നിഖില വിമലിനോടും ഉന്നയിക്കുകയുണ്ടായി. അതിന് താരം നൽകിയ മറുപടിയും ഈ ചർച്ചയുടെ ഭാഗമായി ഉയരുന്നുണ്ട്. വെറുതെ വന്നു പോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു നിഖില വിമൽ നൽകിയ മറുപടി.
എന്തുകൊണ്ട് കോടി ക്ലബിൽ ഇടം പിടിക്കുന്ന സിനിമകളിൽ സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതെയാകുന്നുവെന്ന ചോദ്യത്തോട് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ ശബരീഷ് വർമയും അഞ്ജന ജയപ്രകാശും പ്രതികരിച്ചിരുന്നു. അത്തരം സിനിമകൾ സംഭവിച്ചുകൂടായ്കയില്ലെന്നാണ് ശബരീഷ് പറഞ്ഞത്. "മലയാളത്തിലെ പുരുഷ കേന്ദ്രീകൃതമായ സിനിമകൾ തന്നെ 100 കോടി ക്ലബിൽ കയറാൻ തുടങ്ങിയത് മിനിഞ്ഞാന്നാണ്. ഇതുവരെ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. ഇനിയൊരിക്കലും സംഭവിക്കില്ല എന്നില്ലല്ലോ," ശബരീഷ് അഭിപ്രായപ്പെട്ടു.
എല്ലാത്തിനും ഒരു തുടക്കമുണ്ടെന്നും മലയാള സിനിമ ഇപ്പോൾ കടന്നു പോകുന്ന സമയം അതിനു ഉതകുന്നതാണെന്നും അഞ്ജന ജയപ്രകാശ് പ്രതികരിച്ചു. "ഒരുപാടു മാറ്റങ്ങൾ സിനിമയിൽ സംഭവിക്കുന്ന കാലമാണ്. എന്തു വേണമെങ്കിലും സംഭവിക്കാം. ഇതൊരു അവസാനമല്ല. അതിന്റെ സമയത്ത് അത്തരം സിനിമകൾ സംഭവിക്കും," അഞ്ജന ജയപ്രകാശ് പറഞ്ഞു.