കാര്‍ ഇടിച്ചിട്ടില്ല, രവീണ മദ്യപിച്ചിട്ടുമില്ല; നടി കാറിൽ നിന്നിറങ്ങിയത് ഡ്രൈവറെ രക്ഷിക്കാൻ
Mail This Article
ബോളിവുഡ് താരം രവീണ ടണ്ടനെതിരെ ലഭിച്ചത് വ്യാജ പരാതിയിയെന്ന് കണ്ടെത്തി മുംബൈ പൊലീസ്. സിസിടിവി ഉൾപ്പടെയുള്ള തെളുവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി വ്യാജമാണെന്ന തീരുമാനത്തിൽ പൊലീസ് എത്തിയത്. മദ്യപിച്ച് അപകടകരമാം വിധം അമിതവേഗതയിൽ വാഹനമോടിക്കുകയും നാട്ടുകാരെ അപമാനിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു രവീണ ടണ്ടനെതിരെ ഒരാൾ പൊലീസിൽ പരാതി നൽകിയത്.
ബാന്ദ്ര റിസ്വി കോളജിന് സമീപത്തുള്ള കാർട്ടർ റോഡിലൂടെ പോയ രവീണയുടെ കാർ അമിതവേഗതയിൽ പാഞ്ഞ് മൂന്നുപേരെ ഇടിച്ചിട്ടുവെന്നും പരാതിയിൽ പറയുന്നു. അപകടം നടക്കുമ്പോൾ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ കാറിൽ നിന്നിറങ്ങുമ്പോൾ രവീണ മദ്യപിച്ച നിലയിലായിരുന്നെന്നും ആരോപണം ഉണ്ടായിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ രവീണ അപമാനിച്ചെന്നും വാർത്തകൾ വന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയതെന്നും പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടും നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല എന്നാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും പൊലീസ് പറയുന്നു. നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവരാണ് ഉടനെ കാര്‍ തടഞ്ഞു നിർത്തി ദേഷ്യപ്പെടാൻ ആരംഭിച്ചത്. തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ടൻ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. ഇതിനിടെ കൂടിനിന്ന ആളുകൾ നടിയെ അധിക്ഷേപിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പരാതി പിൻവലിക്കുകയും ചെയ്തു. അതിനിടെയാണ് വിഷയത്തില്‍ കൂടുതൽ വ്യക്തതയുമായി മുംബൈ പൊലീസ് എത്തിയത്.
സംഭവത്തെപ്പറ്റി രവീണ ടണ്ടനും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. കാർ ആരെയും ഇടിച്ചിട്ടില്ലെന്നും സംഭവത്തിൽ താൻ നിരപരാധിയാണെന്നും രവീണ പറയുന്നു.