ADVERTISEMENT

എന്റെ ആദ്യചിത്രമായ ഉദയനായ താരം 2005ൽ ആണ് റിലീസ് ആകുന്നത്. 2003-2004 കാലഘട്ടത്തിൽ തിരക്കഥ എഴുതുമ്പോൾ അതിൽ ഒരു ഫിലിം സിറ്റിയുടെ ആവശ്യമുണ്ടായിരുന്നു.  ഞങ്ങൾ പല സ്ഥലങ്ങൾ നോക്കി അവസാനം റാമോജി റാവു ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഞാനും ക്യാമറാമാനും കൂടി റാമോജി റാവു ഫിലിം സിറ്റിയിൽ പോയി.  അവിടെ എത്തിയപ്പോൾ ഫിലിം സിറ്റിയെ അതേ പേരിൽ സിനിമയിലെ ഒരു കഥാപാത്രമാക്കി മാറ്റാൻ ഒരു ഐഡിയ ഉണ്ടായി. 

സിനിമയിലെ നായകൻ ഉദയഭാനുവും സംഘവും സിനിമ ഷൂട്ട് ചെയ്യാൻ പോകുന്നത് റാമോജി റാവു ഫിലിം സിറ്റിയിൽ ആണ്. കഥാപരമായി ഉദയഭാനു മധുമതിയെ കണ്ടെത്തണം, അങ്ങനെ പല കാര്യങ്ങളും അവിടെ നടക്കണം. സിനിമയുടെ ഉള്ളിൽ ഷൂട്ടിങ് നടക്കുമ്പോൾ ഉണ്ടാകുന്ന പല തടസങ്ങളും കാണിക്കണം. മഴ, റീടേക്ക് ചെയ്യേണ്ടിവരുക, അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ക്രൂവും എല്ലാം ഒരു സ്ഥലത്തു താമസിക്കുന്ന അവസ്ഥ;  ഫിലിം സിറ്റിയിൽ ഇതിനെല്ലാം സൗകര്യമുണ്ട്. അല്ലായിരുന്നെങ്കിൽ ഇതെല്ലം ഷൂട്ട് ചെയ്യണമെങ്കിൽ പല പല സ്ഥലത്ത് പോകേണ്ടി വരുമായിരുന്നു. സിനിമയിൽ റാമോജി ഫിലിം സിറ്റി ഞങ്ങൾ വളരെ നന്നായി ഉപയോഗിച്ചു. 

സിനിമയിൽ മോഹൻലാലിൻറെ കഥാപാത്രം പറയുന്നുണ്ട്, ഒരു സിനിമയെടുക്കാൻ വേണ്ട സൗകര്യങ്ങൾ എല്ലാം അവിടെ ഉണ്ട്, വളരെ കോസ്റ്റ് ഇഫക്ടീവ് ആണ് എന്നെല്ലാം. നല്ല വലിപ്പമുള്ള സെറ്റുകൾ അവിടെ ഉണ്ട്. പ്രിൻസസ് സ്ട്രീറ്റ് എന്നൊരു സ്ട്രീറ്റുണ്ട് അവിടെ. അത് നമുക്ക് എന്തു വേണമെങ്കിലും ആക്കി മാറ്റാം. അമ്പലം, പൊലീസ് സ്റ്റേഷൻ തുടങ്ങി ഒരു സിനിമയ്ക്കു വേണ്ട എല്ലാം അവിടെയുണ്ട്. ആ സ്റ്റുഡിയോയുടെ ഫ്ലോറിൽ അടക്കം ഞാൻ ഷൂട്ട് ചെയ്തു. സിനിമയുടെ അവസാനം ശ്രീനിവാസൻ ചേട്ടന്റെ സീനുകൾ ഷൂട്ട് ചെയ്തത് അവിടെയാണ്. 

ഞങ്ങൾ 10–25 ദിവസത്തോളം അവിടെ താമസിച്ചു ഷൂട്ട് ചെയ്തു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു അത്. ആ സിനിമ റിലീസ് ആയപ്പോൾ റാമോജി റാവു ഫിലിം സിറ്റിയും ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴും ആൾക്കാർ അവിടെ പോകുമ്പോൾ 'ഉദയനാണ് താരം' ഇവിടെയാണ് ഷൂട്ട് ചെയ്തത് എന്ന് പറയാറുണ്ട്.  

ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഒന്നുരണ്ടു തവണ റാമോജി റാവുവിനെ അവിടെ വച്ച് കണ്ടിട്ടുണ്ട്.  അദ്ദേഹത്തിന്റെ ഒപ്പം സുരക്ഷാഭടന്മാരും ഉണ്ടാകും. അദ്ദേഹം ഒരു വലിയ ദാർശനികൻ ആണ്.  അന്നത്തെക്കാലത്ത് ഇങ്ങനെ എല്ലാ സൗകര്യവുമുള്ള ഒരു ഫിലിം സിറ്റിയും അങ്ങോട്ടേക്ക് ഒരു റോഡുമെല്ലാം ഉണ്ടാക്കിയെടുക്കണം എന്ന ആശയം അദ്ദേഹത്തിന് ഉണ്ടായി. 

ramoji-rao

പുറം രാജ്യങ്ങളിൽ യൂണിവേഴ്സൽ സ്റ്റുഡിയോ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇത്രയും സൗകര്യമുള്ള ഒരു ഫിലിം സ്റ്റുഡിയോ പണിതുയർത്തുക ചെറിയ കാര്യമല്ല.  അത്രയും വലിയ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് ഇപ്പോൾ കടന്നുപോകുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ദാർശനികർ ഇനിയും ഉണ്ടാകട്ടെ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

English Summary:

Director Rosshan Andrrews remembers Ramoji Rao, the visionary behind the film city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com