ADVERTISEMENT

ഇന്ത്യൻ സിനിമയിൽ ഇതുപോലെ ഒരു അദ്ഭുതം ഒരിക്കലുമുണ്ടായിട്ടില്ല. തെലുങ്ക് സിനിമ വലിയ താരങ്ങൾ മാത്രം ഭരിച്ചിരുന്ന കാലത്താണു തീരെ അറിയപ്പെടാത്ത താരങ്ങളുമായി അദ്ദേഹം ചെറിയ സിനിമകളെടുത്തു ഹിറ്റാക്കിയത്. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്രത്തെ അതിനായി ഉപയോഗപ്പെടുത്തി. വിജയശാന്തി പോലുള്ള താരങ്ങളെ സൂപ്പർ താരങ്ങളാക്കി ഉയർത്തി. ആ നീക്കമാണ് തെലുങ്കു സിനിമയെ ഇന്നു ലോകത്തിലെ വലിയ സിനിമാ മാർക്കറ്റുകളിലൊന്നാക്കി മാറ്റിയത്. അതുവരെ തെലുങ്ക് സിനിമ ഒരു പ്രദേശത്തിന്റെ മാത്രം സിനിമയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച അത്രയേറെ വലുതായിരുന്നു.

എല്ലാ ഭാഷയിലെ സിനിമയും തന്റെ മണ്ണിലെത്തി ഷൂട്ടു ചെയ്യണമെന്നു ഒരാ‍ൾ സ്വപ്നം കാണുന്നുവെങ്കിൽ അതിനു അസാമാന്യമായ ചങ്കൂറ്റം വേണം. പ്രത്യേകിച്ചും തെലുങ്ക് സിനിമ മാത്രം ചിത്രീകരിച്ചിരുന്നൊരു സ്ഥലത്ത്. അദ്ദേഹം നിർമിച്ച റാമോജി റാവു സ്റ്റുഡിയോ ഇന്ത്യൻ സിനിമയുടെ ചരിത്രമാണു തിരുത്തിയത്. വലിയ സെറ്റുകൾ ആവശ്യമായ ചരിത്ര സിനിമയും മറ്റും ഉണ്ടാക്കാമെന്നു ആലോചിച്ചു തുടങ്ങിയതുതന്നെ ഈ സ്റ്റുഡിയോ വന്ന ശേഷമാണ്. ലോകത്തെ ഏറ്റവും വലിയ സ്റ്റുഡിയോവാണിത്. രാജ്യത്തെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ളോറാണിത്. കഥയുമായി അകത്തേക്കു കയറിയാൽ സിനിമയുമായി തിരിച്ചുവരാം. രാജ്യത്ത് ഒരിടത്തും ഇത്തരമൊരു സൗകര്യമില്ല.

നമുക്കു വേണ്ട ഏതു സെറ്റ് ഇടാനുള്ള സൗകര്യവും ഇവിടെയുണ്ട്. ബാഹുബലി പോലുള്ള സിനിമകളേക്കുറിച്ച് അവർ ആലോചിച്ചതുതന്നെ ഇവിടത്തെ സൗകര്യത്തേക്കുറിച്ചു ചിന്തിച്ച ശേഷമാണ്. അല്ലെങ്കിൽ അത്തരമൊരു സിനിമ ഉണ്ടാകില്ല. എഴുതിയതുകൊണ്ടു മാത്രം കാര്യമില്ല. അതു ഷൂട്ട് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഉണ്ടാകണം.

film-city

തന്റെ സ്റ്റുഡിയോയിലെ സെറ്റുകളിലൂടെ കാണികളേ കൊണ്ടുപോയി അദ്ദേഹം സിനിമാ ടൂറിസം വളർത്തി. രാജ്യത്തെ ആദ്യ ടൂറിസ്റ്റു സിനിമാ യാത്ര ഇവിടെയാണ് ഒരുക്കിയത്. കാലത്തിനും അപ്പുറത്തേക്കു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാകുമ്പോഴാണു അദ്ഭുതങ്ങൾ ഉണ്ടാകുക. റാമോജി റാവു സാർ അങ്ങനെയാണു ചിന്തിച്ചത്. ലോക സിനിമയ്ക്കു മുന്നിൽ ഇന്ത്യയെ കൊണ്ടു വന്നു നിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.രാജ്യത്തെ എല്ലാ ഭാഷയിൽനിന്നുമുള്ള സിനിമകൾക്കു വേദിയാകാനും ഈ സ്റ്റുഡിയോവിനു കഴിഞ്ഞു. അങ്ങനെ സ്വപ്നം കാണുന്ന ഒരാളുണ്ടായതു രാജ്യത്തെ സിനിമയുടെ ഭാഗ്യമാണ്.

English Summary:

Priyadarshan remembering Ramoji Rao

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com