കഥപറഞ്ഞ് തിരിച്ചു പോരുമ്പോൾ ബിജു മേനോന്റെ ഫോൺ കോൾ; നമ്മൾ ഈ പടം ഉടനെ ചെയ്യുന്നു; നടന്ന സംഭവം തീയ്യേറ്ററുകളിലെത്തുന്നു
Mail This Article
ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്ന സംഭവം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്തുകയാണ്. ഇപ്പോൾ ഈ സിനിമയിലേക്ക് ബിജു മേനോൻ എത്തിയ സംഭവം പറയുകയാണ് സിനിമയുടെ സംവിധായകൻ വിഷ്ണു നാരായണും നിർമ്മാതാവ് അനൂപ് കണ്ണനും.
മറഡോണക്ക് ശേഷം ബിജു മേനോനുമായി ഒരു ബിഗ് ബജറ്റ് ചിത്രം പ്ലാൻ ചെയ്തു നിൽക്കുകയായിരുന്നു സംവിധായകൻ വിഷ്ണു നാരായൺ. എന്നാൽ കോവിഡ് വന്നതോടെ ആ സിനിമയുമായി ഉടനടി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയായി. അപ്പോഴാണ് ചുരുങ്ങിയ ലൊക്കേഷനുകളിൽ നിന്ന് ചെയ്യാൻ കഴിയുന്ന ഒരു സിനിമ പ്ലാൻ ചെയ്യാൻ ബിജുമേനോൻ ആവശ്യപ്പെടുന്നത്. “ആയിടക്കാണ് നടന്ന സംഭവത്തിന്റെ കഥ കേൾക്കുന്നത്. അത് കേട്ടപ്പോഴേ ഉറപ്പിച്ചു ഇതിലെ ഉണ്ണിയേട്ടൻ ബിജു മേനോന് പറ്റിയ കഥാപാത്രമായിരിക്കുമെന്ന്. അങ്ങിയനെയാണ് നിർമ്മാതാവ് അനൂപ് കണ്ണനുമായി ബിജു മേനോന്റെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് കഥപറയാൻ പോകുന്നത്”. വിഷ്ണു നാരയൺ പറഞ്ഞു.
നിർമ്മാതാവ് അനൂപ് കണ്ണൻ പറയുന്നു. “കഥകേട്ട ബിജുമേനോന് കഥയും കഥാപാത്രവും വല്ലാതെ ഇഷ്ടമായി. നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് കൈ കൊടുത്ത് അവിടെ നിന്നും ഇറങ്ങി. എന്നാൽ തിരികെ കാറിൽ കയറിയ ഉടനെ ബിജു മേനോൻ കോൾ വരുന്നു. നമ്മൾ ഈ പടം രണ്ട് മാസത്തിനകം ചെയ്യും. പിന്നേ ലൊക്കേഷൻ തപ്പിയുള്ള ഓട്ടമായിരുന്നു. ഒടുവിൽ എറണാകുളത്തെ ഒരു വില്ല കമ്യൂണിറ്റിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. മറ്റൊരു പ്രധാന ലൊക്കേഷനായ പോലീസ് സ്റ്റേഷൻ തൃശ്ശൂർ രാമവർമ്മപുരത്താണ് ചിത്രീകരിച്ചത്.”
ഫാമിലി ഫൺ ഡ്രാമ ജോണറിൽ കഥപറയുന്ന ചിത്രത്തിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.