ഏലിയനായി അനാർക്കലി; ‘ഗഗനചാരി’ ട്രെയിലർ വൈറൽ
Mail This Article
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്‌ഷന്‍ കോമഡി ചിത്രത്തിന്റെ ട്രെയിലർ റിലീസായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിക്കാർ നായികയാവുന്നു. അന്യഗ്രഹ ജീവിയുടെ വേഷത്തിലാണ് അനാർക്കലി എത്തുന്നത്.
2043 ല്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 'പോര്‍ട്ടല്‍', 'ഡാര്‍ക്ക് മാറ്റര്‍', 'ഏലിയന്‍' തുടങ്ങിയ ആശയങ്ങള്‍ ട്രെയിലറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ എത്തുന്നതും ചിത്രത്തിന്റെ രസകരമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. മോക്യുമെന്ററി ശൈലിയിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന.
‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ശങ്കർ ശർമയാണ് സംഗീതം.