മറച്ചുവയ്ക്കരുത്, ആ പേരുകളെല്ലാം പുറത്തുവിടണം: തുറന്നടിച്ച് ഭാഗ്യലക്ഷ്മി
Mail This Article
കാതലായ വിഷയങ്ങൾ മറച്ചുവച്ച് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാര്യമില്ലെന്ന് ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. വിഷയങ്ങൾ കമ്മിഷനു മുൻപിൽ തുറന്നു പറഞ്ഞത് വെറുതെ പേപ്പറിൽ എഴുതി വയ്ക്കാനല്ല. ഇത്രയും കോടികൾ മുടക്കിയത് ഇരയെ സംരക്ഷിക്കാനോ അതോ പ്രതിയെ സംരക്ഷിക്കാനോ എന്ന് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പുറത്തു വന്ന സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
മനോരമ ന്യൂസിനോട് ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ: മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചിട്ട് ബാക്കി പുറത്തുവിട്ടാൽ മതിയെന്നു പറയുന്നതിന്റെ അർഥം മനസ്സിലാകുന്നില്ല. അങ്ങനെയെങ്കിൽ മറച്ചുവയ്ക്കേണ്ടി വരുന്ന കാര്യത്തിനുവേണ്ടി മാത്രം ഒരു കമ്മിഷന്റെ ആവശ്യമില്ലായിരുന്നല്ലോ. ഇത്രയും കോടികൾ മുടക്കിയത് എന്തിന്. ഇരയെ സംരക്ഷിക്കാനോ പ്രതിയെ സംരക്ഷിക്കാനോ ഇത് മറച്ചുവയ്ക്കുന്നത്? അതാണ് എന്റെ ചോദ്യം.
എന്താണ് ഇതിന്റെ പിന്നിൽ നടക്കുന്ന വിഷയമെന്തെന്ന് വ്യക്തമായി പറയാന്‍ എനിക്കാകില്ല. കമ്മിഷന്റെ മുൻപാകെ പോയിരുന്ന് സംസാരിച്ചപ്പോൾ പോലും ഞാൻ ചോദിച്ച ചോദ്യമുണ്ട്. തന്നെ ചൂഷണം ചെയ്തു, അല്ലെങ്കിൽ ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്ന പരാതി പറയാൻ തുടങ്ങിയതാണല്ലോ ഈ പ്ലാറ്റ്ഫോം. ആ വ്യക്തിയുടെ പേരു കൂടി പുറത്തുവരുമ്പോഴാണല്ലോ കമ്മിഷന്റെ ദൗത്യം പൂർത്തിയാകുക. അതില്ലാത്തിടത്തോളം കാലം, അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ അടുത്തു പോയി കാര്യങ്ങൾ പറയുന്നതുപോലെ അല്ലേ ഇതും.
നടിയെ ആക്രമിച്ച കേസും, സിനിമയ്ക്കകത്തെ നീതികേടും പരിഹരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മിഷൻ രൂപീകരിച്ചത്. ഞാനും കമ്മിഷന്റെ മുന്നിലിരുന്ന് സംസാരിച്ച ആളാണ്. നിങ്ങൾക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ, ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞവരുണ്ട്. ചിലർ വ്യക്തികളുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. അവർ തന്നെ ഇത് ആരിൽ നിന്നാണെന്ന് ചോദിക്കുന്നുണ്ട്, ആ പേരുകൾ അവർ എഴുതിവയ്ക്കുന്നുമുണ്ട്. എഴുതിവച്ച ശേഷം ആ പേരുകൾ മറയ്ക്കണം എന്നു പറയുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല.
ഇതിലൊരു ആശങ്ക ഇപ്പോഴും നിലവിലുണ്ട്. അവിടെ ചെന്ന് തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവം സ്ത്രീ പറയുമ്പോൾ, അത് കേസ് ആക്കാൻ പറ്റുമോ, അത് കേസ് ആക്കിയാൽ അതിനുള്ള തെളിവുകൾ വേണമല്ലോ തുടങ്ങിയ കാര്യങ്ങൾ എന്റെ മനസ്സിൽ നിലനിന്നിരുന്നു. തീർച്ചയായും അവിടെ പറഞ്ഞ അനുഭവങ്ങളും ദുരിതങ്ങളുമെല്ലാം കേസ് ആക്കണം. അല്ലാതെ വെറുതെ പേപ്പറിൽ എഴുതി വയ്ക്കാനല്ലല്ലോ ഇതൊക്കെ തുറന്നു പറയുന്നത്.
ഈ കമ്മിഷന്റെ മുന്നിൽ പോയി പറയുന്നതുകൊണ്ട് പ്രത്യേകിച്ചൊരു മാറ്റമോ പ്രയോജനമോ ഉണ്ടാകാൻ പോകുന്നില്ലെന്ന് ആദ്യം മുതലേ എനിക്കു തോന്നിയിരുന്നു. ഞാനൊരു വ്യക്തിയെക്കുറിച്ച് പറയുകയാണെങ്കിൽ, അയാൾക്കെതിരെ കേസ് എടുക്കണം. അങ്ങനെ കേസ് എടുത്താലും തെളിവുകള്‍ കൊടുക്കാന്‍ നമ്മളും ബാധ്യസ്ഥരാണ്. വർഷങ്ങൾക്കു മുമ്പ് നടന്നൊരു സംഭവമാണ്. ഇതൊക്കെ ഇതിലെ പ്രധാന വിഷയങ്ങളാണ്.
സത്യത്തിൽ ഇത് വനിത കമ്മിഷൻ നേരിട്ടു ചെയ്യേണ്ട കാര്യമായിരുന്നുവെന്ന് അന്നു മുതലേ എനിക്കു തോന്നിയിരുന്നു. കാതലായ വിഷയങ്ങൾ മാറ്റിവച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നതിൽ യാതൊരു കാര്യവുമില്ല. മാധ്യമങ്ങളിലും മറ്റും കുറച്ച് വാർത്തകൾ വരുമെന്നല്ലാതെ സിനിമാ ഇൻഡസ്ട്രിയിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
റിപ്പോർട്ടിന്റെ പുറത്ത് വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ടാകാം. റിപ്പോർട്ടിന്മേലുണ്ടായ കാലതാമസവും മാറ്റിവയ്ക്കാൻ പറ്റില്ല, അതൊരു നിസാര റിപ്പോർട്ട് അല്ല. ഗൗവതരമായ കാര്യങ്ങൾ അടങ്ങിയിട്ടുള്ള റിപ്പോർട്ട് ആണത്.