ഈ ഭാവങ്ങൾ കാണണമെങ്കിൽ ക്യാമറ ഓഫ് ആക്കണം; നിഖില വിമലിന്റെ സെറ്റിലെ കറക്കം പകർത്തി വ്ലോഗർ
Mail This Article
യുവതാരം നിഖില വിമലിന്റെ രസകരമായ ഭാവപ്രകടനങ്ങൾ ക്യാമറയിൽ പകർത്തി വ്ലോഗർ. ഷൂട്ടിങ് ഇടവേളയിലെ രസകരമായ നിമിഷങ്ങളായ ഫാഷൻ ഫോട്ടോഗ്രാഫറും വ്ലോഗറുമായ ജിയോ ജോമി ക്യാമറയിലാക്കിയത്. നിമിഷനേരത്തിനുള്ളിൽ നിഖില വിമലിന്റെ മുഖത്തു മിന്നിമായുന്ന ഭാവങ്ങളാണ് വിഡിയോയുടെ ആകർഷണം. മനു അശോകൻ സംവിധാനം ചെയ്യുന്ന 'ഐസ്' എന്ന വെബ് സീരീസിന്റെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.
വെള്ളയിൽ നീല പൂക്കളുള്ള സിംപിൾ കുർത്തിയാണ് നിഖില വിമൽ ധരിച്ചിരിക്കുന്നത്. സെറ്റിൽ തമാശ പറഞ്ഞും കുസൃതികൾ ഒപ്പിച്ചും കറങ്ങി നടക്കുന്ന നിഖിലയുടെ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. 'ക്യാമറ റോൾ ചെയ്യാത്തപ്പോഴാണ് യഥാർഥ മാജിക് സംഭവിക്കുന്നത്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
'തഗ് ലേഡി' എന്നാണ് വിഡിയോയ്ക്ക് ഒരു ആരാധികയുടെ കമന്റ്. അഭിമുഖങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന നിഖിലയുടെ പല നിലപാടുകളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിലാണ് നിഖില ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.
ബോബി സഞ്ജയ്‍യുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന 'ഐസ്' എന്ന വെബ് സീരീസിലാണ് നിഖില ഇപ്പോൾ അഭിനയിക്കുന്നത്. ഉയരെ, കാണെക്കാണെ എന്ന ചിത്രങ്ങൾക്കു ശേഷം മനു അശോകനും ബോബി സഞ്ജയും ഒന്നിക്കുന്ന പ്രോജക്ടാണ് 'ഐസ്'. കനി കുസൃതി, ശ്രുതി രാമചന്ദ്രൻ, സാനിയ ഇയ്യപ്പൻ, ദേവ് മോഹൻ തുടങ്ങിയ താരങ്ങൾ ഇതിൽ അഭിനയിക്കുന്നുണ്ട്.