‘ഇത് നീയാണല്ലേ ചെയ്യുന്നത്, നന്നായി വരട്ടെ’, അനുഗ്രഹിച്ച് മമ്മൂട്ടി: വിഡിയോ വൈറൽ
Mail This Article
മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൂജാചടങ്ങുകൾക്ക് ശേഷം മമ്മൂട്ടി അടുത്തേക്ക് വിളിച്ച് കുശലം ചോദിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങുകയും ചെയ്ത പയ്യൻ ആരാണ് എന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. ഇൗ ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ അജിത് കുമാർ പി. എസ് ആണ് ആ യുവാവ്.
മമ്മൂട്ടി കമ്പനി സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന നവീൻ മുരളിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ് അജിത്. ഏറ്റവും പുതിയ ചിത്രത്തിലേക്ക് സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കാൻ അജിത്തിനെ മമ്മൂട്ടി കമ്പനി നേരിട്ട് ക്ഷണിക്കുകയായിരുന്നു.
ഗൗതം മേനോന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന സിനിമയിൽ തുടക്കം കുറിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അജിത്. ഫോട്ടോഗ്രാഫി തന്റെ പാഷൻ ആണെന്നും അരോമ മോഹൻ, നവീൻ മുരളി, ജോർജ്, സുനിൽ സിങ് തുടങ്ങിയവരുടെ പിന്തുണയാണ് തനിക്ക് ഈ അവസരം ഒരുക്കിയതെന്നും അജിത് കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘ഞാൻ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി ആദ്യമായി വർക്ക് ചെയ്യുന്ന സിനിമയാണിത്. ഗൗതം മേനോൻ സംവിധാനം ചെയ്തു മമ്മൂട്ടി കമ്പനി നിർമിച്ച് മമ്മൂട്ടി സർ നായകനാകുന്ന സിനിമയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ഞാൻ മമ്മൂക്കയുടെ പടങ്ങൾ ചെയ്യുന്ന നവീൻ മുരളി എന്ന ഫോട്ടോഗ്രാഫറെ ആണ് അസിസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. റോഷാക്ക്, ക്രിസ്റ്റഫർ, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം തുടങ്ങിയ മമ്മൂട്ടി സാറിന്റെ പടങ്ങൾക്ക് വേണ്ടി തുടർച്ചയായി വർക്ക് ചെയ്യുകയായിരുന്നു. ഈ സിനിമ വന്നപ്പോൾ മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, മമ്മൂട്ടി സാറിന്റെ മാനേജർ ജോർജേട്ടൻ, ലൈൻ പ്രൊഡ്യൂസർ സുനിലേട്ടൻ തുടങ്ങിയവർ എന്നെ വിളിച്ച് ഈ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി വർക്ക് ചെയ്യാൻ ക്ഷണിച്ചു. മമ്മൂട്ടി സാറിന്റെ പടങ്ങൾക്ക് അസിസ്റ്റ് ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് എന്നെ അറിയാം. പൂജയുടെ സമയത്ത് എന്നെ അവിടെ കണ്ടപ്പോൾ മമ്മൂട്ടി സാർ അടുത്തേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, സർ ഞാൻ ആദ്യമായി ഈ സിനിമയ്ക്ക് വേണ്ടി സ്വതന്ത്രമായി വർക്ക് ചെയ്യാൻ പോവുകയാണ് എന്ന്. അദ്ദേഹം പറഞ്ഞു ‘‘ആ, ഇത് നീയാണ് അല്ലേ ചെയ്യുന്നത്, നന്നായി വരട്ടെ’’ അദ്ദേഹം എനിക്ക് കൈ തന്നു, അനുഗ്രഹിച്ചു. ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി വർക്ക് തുടങ്ങുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കാണുന്നത്.’ അജിത് പറയുന്നു.
‘ഞാൻ ഫോട്ടോഗ്രാഫിയിൽ ചെറിയ ഒരു കോഴ്സ് ചെയ്തിട്ടുണ്ട്, പിന്നീട് യൂട്യൂബിൽ നോക്കി പഠിച്ചു. ഫോട്ടോഗ്രാഫി ആണ് എന്റെ പാഷൻ. നവീൻ മുരളി, ശ്രീനാഥ് ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ അസിസ്റ്റ് ചെയ്താണ് കൂടുതൽ പഠിക്കുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ് മമ്മൂട്ടി സാറിന്റെ സിനിമയിലൂടെ തുടക്കം കുറിക്കുക എന്നത്. എനിക്കൊരു അവസരം തരാൻ മമ്മൂട്ടി കമ്പനി തന്നെ നേരിട്ട് മുന്നോട്ട് വരികയായിരുന്നു. ഗൗതം സാർ മലയാളത്തിൽ ചെയ്യുന്ന പടം ആണ്. ഈ അവസരം എനിക്ക് തന്നതിൽ മമ്മൂട്ടി കമ്പനിയോട് ഏറെ നന്ദിയുണ്ട്,’ അജിത് കൂട്ടിച്ചേർത്തു.
പൂജയുടെ സമയത്ത് അജിത് എടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. പ്രത്യേകിച്ച് മമ്മൂട്ടിയുടേതായി അജിത് എടുത്ത സിംഗിൾ പ്രൊഫൈൽ ചിത്രം ബോളിവുഡ് മാധ്യമങ്ങൾ വരെ ആഘോഷിക്കുന്നുണ്ട്.