ബോക്സ്ഓഫിസ് ദുരന്ത നായകനായി അക്ഷയ് കുമാർ; ‘സർഫിര’ കാണാൻ ആളില്ല
Mail This Article
ഒരു കാലത്ത് ബോക്സ് ഒാഫിസ് ഭരിച്ചിരുന്ന ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രങ്ങളെ പ്രേക്ഷകർ കൈവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘സർഫിര’യ്ക്കു ആദ്യ ദിനം ലഭിച്ചത് വെറും രണ്ട് കോടി രൂപ മാത്രമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കലക്‌ഷനാണിത്. സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ആയിട്ടു കൂടി പ്രേക്ഷകർ ചിത്രത്തെ പൂർണമായും കൈവിട്ട അവസ്ഥയാണ്. സുധ കൊങ്കാര തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ 150ാം സിനിമയെന്ന വിശേഷണവുമായാണ് ‘സർഫിര’ എത്തിയത്. 80 കോടിയാണ് ബജറ്റ്. ഇങ്ങനെയാണ് മുന്നോട്ടെങ്കിൽ ഈ ചിത്രവും കനത്ത പരാജയമായി മാറിയേക്കും.
ഇതിനു മുമ്പ് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ബഠേ മിയാൻ ചോട്ടേ മിയാന് ആദ്യദിനം പതിനാറ് കോടിയാണ് കലക്‌ഷനായി ലഭിച്ചത്. എന്നാൽ സിനിമയുടെ ആജീവനാന്ത കലക്‌ഷൻ 59 കോടിയായിരുന്നു. 350 കോടി മുതൽ മുടക്കിയ ചിത്രത്തിന് അതിന്റെ നാലിലൊന്ന് കലക്‌ഷൻ പോലും നേടാനായില്ലെന്നു മാത്രമല്ല നിർമാതാക്കൾ വലിയ കടക്കെണിയിൽ അകപ്പെടുകയും ചെയ്തു.
തിയറ്ററുകളില്‍ ദുരന്തങ്ങളായി മാറിയ മിഷൻ റാണിഗഞ്ജ് 2.8 കോടിയും സെൽഫി 2.5 കോടിയും ഓപ്പണിങ് കലക്‌ഷനായി നേടിയിരുന്നു. കോവിഡ് സമയത്തിറങ്ങിയ ബെൽബോട്ടത്തിനു പോലും 2.7 കോടി ലഭിക്കുകയുണ്ടായി. ദേശീയ പുരസ്കാര ജേതാവായ സുധ കൊങ്കര സംവിധാനം ചെയ്ത സിനിമയായിട്ടുപോലും ‘സർഫിര’ കാണാൻ തിയറ്ററുകളിലേക്ക് ആളുകൾ വരുന്നില്ലെങ്കിൽ അത് അക്ഷയ് കുമാർ കാരണം മാത്രമാണെന്നാണ് നിരൂപകർ പോലും അഭിപ്രായപ്പെടുന്നത്.
ബോക്‌സ് ഓഫിസ് അഡ്വാൻസ് ബുക്കിങിലും സർഫിരയ്ക്ക് വലിയ നിരാശയായിരുന്നു ലഭിച്ചത്. അക്ഷയ് കുമാർ അഭിനയിച്ച സമീപകാല സിനിമകളെല്ലാം ബോക്‌സ് ഓഫിസിൽ വന്‍ പരാജയമായത് സർഫിരയെയും ബാധിച്ചു. സിനിപോളീസ്, പിവിആർ എന്നീ മുൻനിര ദേശീയ ശൃംഖലകളിലുടനീളം 1,800 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്.
കോവിഡിന് മുൻപ് ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന ബോളിവുഡിന്റെ സൂപ്പര്‍ താരമായിരുന്നു അക്ഷയ് കുമാർ. എന്നാൽ കോവിഡിന് ശേഷം ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളിൽ ഭൂരിഭാഗവും അമ്പേ പരാജയമായി മാറി. 2021 നവംബറിലെത്തിയ സൂര്യവന്‍ശിയും 2023ലെ ഒഎംജി 2 (ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗം) ഒഴികെ അക്ഷയ് കുമാറിന്‍റേതായി സമീപകാലത്തെത്തിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു.
തുടർച്ചയായ എട്ട് സിനിമകളാണ് അക്ഷയ് കുമാറിന്റേതായി ബോക്സ്ഓഫിസിൽ തകർന്നു വീണത്. 2022 മാർച്ചിൽ തിയറ്ററുകളിലെത്തിയ ബച്ചൻ പാണ്ഡെ എന്ന ചിത്രം വൻ പരാജയമായിരുന്നു. 180 കോടി മുടക്കിയ സിനിമയ്ക്ക് ആകെ ലഭിച്ചത് 68 കോടി മാത്രമാണ്. 300 കോടി മുടക്കിയ ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം നേടിയത് 60 കോടി രൂപ. അക്ഷയ് കുമാറിന്റെ കരിയറിലെ മറ്റൊരു വമ്പൻ പരാജയമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്.രക്ഷാബന്ധനും കനത്ത പരാജയം നേരിട്ടു. 70 കോടി മുടക്കിയ സിനിമയ്ക്ക് 60 കോടി മാത്രമാണ് കലക്ട് ചെയ്യാൻ കഴിഞ്ഞത്. മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് സെൽഫി വമ്പൻ പരാജയമായി മാറി. നൂറ് കോടി മുടക്കിയ ചിത്രത്തിന് ലഭിച്ചത് വെറും 23 കോടി. 110 കോടി മുടക്കിയ രാം സേതു എന്ന ചിത്രം കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പരാജയം തന്നെയായിരുന്നു.
സർഫിരയുടെ പരാജയം ബോളിവുഡിൽ തന്നെ വലിയ ചർച്ചയാണ്. താരത്തിന്റെ ഭാവിയ തന്നെ ചോദ്യചിഹ്നമാക്കും വിധമാണ് ഇൗ പോക്ക്. കണ്ണപ്പ, സ്കൈ ഫോഴ്സ്, ഹേരാ ഫേരി 3, സിങ്കം എഗെയ്ൻ എന്നിവയാണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാർ ചിത്രങ്ങൾ. ഇൗ ചിത്രങ്ങളിലേതെങ്കിലും ഒന്ന് ഹിറ്റായില്ലെങ്കിൽ അക്ഷയ് കുമാർ എന്ന താരത്തിന് പിന്നെ പിടിച്ചു നിൽക്കാൻ പോലും പ്രയാസപ്പെടേണ്ടി വരും.