‘ജയരാജിൽ നിന്നു പുരസ്കാരം വേണമെങ്കിൽ അത് ആദ്യമേ പറയാമായിരുന്നു’
Mail This Article
ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ പൊതുവേദിയിൽ വച്ച് അപമാനിച്ചു എന്ന വിവാദത്തോട് പ്രതികരിച്ച് സംവിധായകൻ സാജിദ് യഹിയ. ഇത്രയും മനോഹരമായ ട്രെയിലർ ലോഞ്ചിൽ വച്ച് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് രമേശ് നാരായണൻ ചെയ്തതെന്ന് സാജിദ് പറയുന്നു. ജയരാജ് തന്നെ ഉപഹാരം നൽകണമെന്നുണ്ടെങ്കിൽ അത് നേരത്തെ തന്നെ സംഘാടകരോട് പറയാമായിരുന്നെന്നും അല്ലെങ്കിൽ ആസിഫിനോട് തന്നെ നേരിട്ട് പറയാമായിരുന്നെന്നും സാജിദ് പറഞ്ഞു. രമേശ് നാരായണൻ ചെയ്തത് വളരെ മോശമായ കാര്യമാണ്. എത്ര വലിയ കലാകാരൻ ആയാലും ചില മാന്യതകൾ കാത്തുസൂക്ഷിക്കുന്നതുകൊണ്ട് കഴിവിനേ അനുഭവപരിചയത്തിനോ ഒരു കോട്ടവും തട്ടില്ല എന്നും സാജിദ് വ്യക്തമാക്കി.
‘‘ഇന്നലെ എംടി സാറിന്റെ ഒരു പടത്തിന്റെ ട്രെയിലർ ലോഞ്ചിൽ രമേശ് നാരായണൻ എന്ന സംഗീത സംവിധായകൻ ആസിഫ് അലി എന്ന എല്ലാവർക്കും വേണ്ടപ്പെട്ട നടനെ അപമാനിച്ച ഒരു വിഡിയോ കണ്ടു. ഇത്രയും കലാകാരൻമാർ പങ്കെടുത്ത ഒരു മനോഹരമായ ചടങ്ങിൽ ഒരു ഉപഹാരം കൊടുക്കാൻ ആസിഫിനോട് സംഘാടകർ പറയുകയും അദ്ദേഹം സ്റ്റേജിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കാതെ ആ അവാർഡ് വാങ്ങിയിട്ട് അവിടെ നിന്നോണ്ട് തന്നെ ജയരാജ് സാറിനെ സ്റ്റേജിലേക്ക് വിളിച്ച് അത് അദ്ദേഹത്തിൽ നിന്ന് വാങ്ങുകയും ചെയ്തത് ആസിഫ് അലിയെ ഇൻസൾട്ട് ചെയ്തത് തന്നെയാണ്.
ഒന്നുകിൽ രമേശ് നാരായണൻ സാർ സംഘാടകരോട് മുൻപേ പറയാമായിരുന്നു എനിക്ക് ഇത് ഇന്ന ആള് തന്നാൽ മതി എന്ന്. അത് പറയാൻ പറ്റിയില്ല എങ്കിൽ അത് ആസിഫിനോട് പറഞ്ഞാലും മതിയായിരുന്നു. എനിക്ക് ആസിഫിനെ നന്നായി അറിയാം ആസിഫ് ഉറപ്പായും അത് ജയരാജ് സാറിനോട് പറയുമായിരുന്നു. പക്ഷേ ഇത് രമേശ് നാരായൺ സാർ വളരെ മോശമായിട്ടാണ് പെരുമാറിയിരിക്കുന്നത്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് നമ്മൾ എത്ര വലിയ കലാകാരൻ ആയാലും ചില മാന്യതകൾ നമ്മൾ കാത്തുസൂക്ഷിക്കണം എന്നാണ്. അതുകൊണ്ട് നമ്മുടെ കഴിവിനോ അനുഭവപരിചയത്തിനോ ഒരു കോട്ടവും തട്ടില്ല.’’ സാജിദ് യഹിയയുടെ വാക്കുകൾ.