'ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിട്ടും ആസിഫ് പോയത് എംടിയുടെ പരിപാടി ആയതിനാൽ'
Mail This Article
ശാരീരിക പ്രശ്നങ്ങളെ അവഗണിച്ചാണ് എം.ടി കഥകളുടെ ആന്തോളജി 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിന് ആസിഫ് അലി എത്തിയതെന്ന് നിർമാതാവ് ഷിബു.ജി.സുശീലൻ. ആസിഫ് അലിയെ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷിബു സുശീലന്റെ വാക്കുകൾ ഇങ്ങനെ: "ഇന്നലെ വൈകുന്നേരം എന്റെ ലൊക്കേഷനിൽ നിന്ന് ഫൈറ്റ് സീനുകൾ പൂർത്തീകരിച്ചിട്ട് ശാരീരിക പ്രശ്നം ഉണ്ടായിരുന്നിട്ടും കാറ്റിലും, പെരുമഴയിലും എം. ടി സാറിന്റെ പ്രോഗ്രാമിന് പ്രിയപ്പെട്ട ആസിഫ് അലി പോയത്.
"ആസിഫേ നിങ്ങൾ എങ്ങും അപമാനപ്പെട്ടിട്ടില്ല"
അഹങ്കാരത്തിനും, പുച്ഛത്തിനും, ദാർഷ്ട്യത്തിനും, കാപട്യത്തിനും പണ്ഡിറ്റ് നേടിയവനാണ് നിങ്ങളുടെ പുഞ്ചിരിയാലും ജനങ്ങളാലും അപമാനം നേരിട്ടത്.
സഹപ്രവർത്തകനോട് ഇങ്ങനെ പെരുമാറുന്ന സംഗീത പണ്ഡിറ്റ് മറ്റുള്ളവരോട് എങ്ങനെയാവും പെരുമാറുക... ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും.
NB. ഞാൻ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു."
എം.ടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിവാദ സംഭവം നടന്നത്. രമേശ് നാരായണന് ഉപഹാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണൻ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്.