ADVERTISEMENT

അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. എന്നാല്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നവ്യ ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഒപ്പം മാതംഗിയിലെ കാഴ്ചകളും നവ്യ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. 

‘‘നൃത്ത വിദ്യാലയം ആരംഭിക്കാന്‍ പദ്ധതി ഇട്ടപ്പോഴെ, നാട്ടില്‍ നിന്നും കഴിയുന്നത്ര പേര്‍ വരട്ടെ എന്ന് കരുതി ആ വിവരം എല്ലാവരോടുമായി പറഞ്ഞു. ഇവിടെ ഒരു അസോസിയേഷനൊക്കെ ഉണ്ട്. സാധാരണ നൃത്ത വിദ്യാലയം വരുന്നത് എല്ലാവർക്കും സന്തോഷമുണ്ടാക്കുകയാണ് ചെയ്യുക. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു. ആ മേഖലയിലെ താമസക്കാര്‍ പലരും മുതിര്‍ന്ന പൗരന്മാരാണെന്നും, അവരുടെ സ്വൈര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാന്‍ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാര്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി. പക്ഷേ അപ്പോഴേക്കും പണിയൊക്കെ തുടങ്ങി കഴിഞ്ഞിരുന്നു. മാതംഗി ഇവിടെ വരാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം.

അകമഴിഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തയാണ് ഞാന്‍. നന്ദനം സിനിമ വരുന്നതിനു മുമ്പേ അങ്ങനെയാണ്. ആ സിനിമയും ബാലാമണിയും എനിക്ക് ഗുരുവായൂരപ്പൻ നൽകിയ സമ്മാനമാണ്. എന്ത് പ്രശ്മുണ്ടായാലും പ്രാർഥന മുടക്കിയില്ല. എല്ലാ കാര്യങ്ങളും എല്ലാ മാസവും പോയി ഗുരുവായൂരപ്പനോട് പറയാറുണ്ട്. അങ്ങനെ ഇതിന്റെ സ്റ്റേ ഒക്കെ മാറി പണിയൊക്കെ നടന്നു. 

പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്നും ആര്‍ക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവര്‍ത്തിക്കുന്നുണ്ട്. പുറകിൽ കൂടി മറ്റൊരു ചെറിയ ഗേറ്റ് കൂടി വച്ചോട്ടെ എന്ന് ചോദിച്ചിട്ടും പോലും ഇവർ സമ്മതിച്ചില്ല. ഇതൊന്നും എല്ലാവരുമല്ല. ചില സ്ഥാപിത താൽപര്യമുള്ളവരാണ് അതുപോലെ പെരുമാറുന്നത്. എന്നാലും എല്ലാത്തിനും അവസാനം ഒരു സന്തോഷമുണ്ടാകും, ആ സന്തോഷമാണ് മാതംഗി.

മാതംഗി എന്നു പറയുന്നത് സരസ്വതി ദേവിയുടെ തന്ത്രത്തിലുള്ള പേരാണ്. ഇതിനു താഴെയാണ് ഞാൻ താമസിക്കുന്നത്. ബെഡ് റൂമിൽ നിന്നും എനിക്കു മാത്രം വരാനുള്ള വഴി പ്രത്യേകം പണികഴിപ്പിച്ചിട്ടുണ്ട്. 2000 സ്ക്വയർ ഫീറ്റുള്ള ഡാൻസ് സ്പേസ് ആണ് മാതംഗിയുടേത്. അമ്മയാണ് ഇവിടുത്തെ മറ്റ് കാര്യങ്ങളൊക്കെ നോക്കുന്നത്. എല്ലാവരും കളിയാക്കുന്നതുപോലെ മാതംഗിയുടെ പ്രിൻസിപ്പലാണ് എന്റെ അമ്മ.’’–നവ്യയുടെ വാക്കുകൾ.

കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്ന നവ്യ 2001-ൽ ആലപ്പുഴ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്നത്. പിന്നീട് മലയാളസിനിമയിൽ സജീവമാകുന്ന നവ്യയെ ആണ് പ്രേക്ഷകർ കണ്ടത്. വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത നവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രണ്ടാം വരവിൽ ഒരുത്തീ, ജാനകീ ജാനേ തുടങ്ങിയ ചിത്രങ്ങളിലും നവ്യ അഭിനയിച്ചു കഴിഞ്ഞു. 

English Summary:

Navya Nair showcases her dance school Maathangi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com