വിവാദത്തിനു കാരണം സംഘാടനത്തിലെ പാളിച്ചയോ ? വിഡിയോ പുറത്ത്
Mail This Article
രമേശ് നാരായണൻ–ആസിഫ് അലി വിവാദം സിനിമ–സാംസ്കാരിക മേഖലയെ പിടിച്ചുലയ്ക്കുന്നതിനിടെ സംഭവത്തിൽ സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ഉൾപ്പടെ വെളിപ്പെടുന്ന വിഡിയോ പുറത്ത്. ആസിഫ് പരിപാടിയിൽ വരുന്നതു മുതലുള്ള ദൃശ്യങ്ങളും പിന്നീട് പുരസ്കാരം കൊടുക്കുന്ന സമയത്തെ വിവാദത്തിനാസ്പദമായ സംഭവങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്. പുരസ്കാരം കൊടുക്കാൻ ആസിഫിനെ പെട്ടെന്നു വിളിക്കുന്നതും, രമേശ് നാരായണന്റെ പേര് തെറ്റായി പറയുന്നതും ഉൾപ്പടെ സംഘാടകരുടെ ഭാഗത്തു നിന്നുള്ള പിഴവുകൾ വെളിവാക്കുന്നതാണ് ഇൗ വിഡിയോ.
എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളിലെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തത് സംവിധായകൻ ജയരാജ് ആണ്. ജയരാജിന്റെ സിനിമയ്ക്ക് വേണ്ടി സംഗീതം പകർന്നത് സംഗീത സംവിധായകൻ രമേശ് നാരായണൻ ആയിരുന്നു. എന്നാൽ സിനിമയുമായി സഹകരിച്ച എല്ലാർക്കും ഉപഹാരം കൊടുക്കുന്ന ചടങ്ങിൽ സംവിധായകൻ ജയരാജിന്റെ സിനിമയ്ക്ക് വേണ്ടി സംഗീതം നൽകിയ രമേശ് നാരായണനെ വേദിയിലേക്ക് സംഘാടകർ വേദിയിലേക്ക് ക്ഷണിക്കുകയോ ഉപഹാരം നൽകുകയോ ചെയ്തില്ല. രമേഷ് നാരായണൻ സംഘാടകരെ അതൃപ്തി അറിയിച്ചപ്പോഴാണ് പറ്റിയ പിഴവ് സംഘാടകർക്ക് മനസ്സിലായത്. ഉടൻ തന്നെ അവതാരക രമേശ് നാരായണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിക്കുകയും അദ്ദേഹത്തിന് ഉപഹാരം നൽകാനായി നടൻ ആസിഫ് അലിയെയും വിളിച്ചു. ഇക്കാര്യങ്ങളൊന്നും അറിയാതെ പരിപാടി ആസ്വദിച്ചുകൊണ്ടിരുന്ന ആസിഫ് തന്റെ പേര് വിളിക്കുന്നത് കേട്ട് ഞെട്ടുന്നത് വിഡിയോയിൽ ദൃശ്യമാണ്. പെട്ടെന്നു പറഞ്ഞപ്പോഴുള്ള ആശങ്ക ആസിഫ് അലിയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.
തന്റെ പേര് വിളിച്ച ഉടനെ ആസിഫ് എഴുന്നേറ്റ് രമേശ് നാരായണനെ വണങ്ങുകയും ഉപഹാരം എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ രമേശ് നാരായണനെ വിളിച്ച അവതാരകയ്‌ക്ക് തെറ്റ് പറ്റുകയും അവർ അദ്ദേഹത്തെ ‘സന്തോഷ് നാരായണൻ’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. വേദിയിൽ അരങ്ങേറിയ സംഭവത്തിനു പിറകെ ഇതു കൂടി ആയപ്പോൾ രമേശ് നാരായണനും പ്രകോപിതനായി. ‘രമേശ് നാരായണനെ വേദിയിലേക്ക് ക്ഷണിച്ചില്ല, അദ്ദേഹത്തെ വിളിച്ച് ഒരു മെമെന്റോ കൊടുക്ക്, ഒരു സോറി പറഞ്ഞിട്ട് കൊടുക്ക്’ എന്ന് സംഘാടകരിൽ ആരോ ഒരാൾ പറയുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം.
അവതാരക അനൗൺസ് ചെയ്തത് ഇങ്ങനെ. ‘അടുത്തതായി ചെറിയൊരു ക്ഷമാപണത്തോടുകൂടി തന്നെ ശ്രീ സന്തോഷ് നാരായണനെ വേദിയിലേക്ക് ക്ഷണിക്കുകയാണ്. ശ്രീ സന്തോഷ് നാരായണൻ സാറിന് ആസിഫ് അലി ഒരു ചെറിയ സമ്മാനം നൽകുന്നതായിരിക്കും. ആസിഫ് ദയവു ചെയ്ത് അദ്ദേഹത്തിന് ഒരു ചെറിയ പുരസ്‌കാരം നൽകിക്കൊണ്ട് അദ്ദേഹത്തെ ആദരിക്കുക.’ സംഘാടകർക്കും ശ്രീ രമേശ് നാരായണന്റെ പേര് വ്യക്തമായി അറിയില്ല എന്നാണ് വിഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. ‘അദ്ദേഹത്തിന്റെ പേരെന്താ , സന്തോഷ് അല്ലേ? അല്ല രമേശ് എന്നാണ്’ എന്നൊക്കെ ആരോ പറയുന്നുണ്ട്.
വീണ്ടും അവതാരക സന്തോഷ് നാരായണൻ എന്ന് പറയുന്നത് കേട്ട് ആരോ ‘രമേശ് നാരായണൻ’ എന്ന് തിരുത്തിക്കൊടുക്കുന്നുണ്ട്. ആസിഫ് അലി ഉപഹാരവുമായി മുന്നിൽ ചെന്നപ്പോൾ രമേശ് നാരായണൻ അത് വാങ്ങിയിട്ട് ജയരാജിനെ വിളിച്ച് തനിക്ക് ഇത് നൽകാൻ ആവശ്യപ്പെടുന്നു. അപ്പോഴാകട്ടെ സംഘാടകർ ഇതൊന്നും ശ്രദ്ധിക്കാതെ മറ്റ് പരിപാടികളുടെ തിരക്കിലുമായിരുന്നു.
സംഭവം വിവാദമായപ്പോൾ രമേശ് നാരായണൻ വ്യക്തമാക്കിയയത് ഇങ്ങനെയാണ് ‘ആസിഫ് അലിയെ അപമാനിച്ചിട്ടില്ല. ആസിഫ് അലി എനിക്കാണോ ഞാൻ ആസിഫ് അലിക്കാണോ ഉപഹാരം കൊടുക്കുന്നത് എന്ന് മനസിലായില്ല. അതു കൊണ്ടാണ് ജയരാജിനെ വിളിച്ച് ഉപഹാരം സ്വീകരിച്ചത്. ജയരാജ് ക്ഷമ ചോദിച്ച് രാവിലെ മെസേജയച്ചിരുന്നു. ഇത് അവാർഡ് അല്ലല്ലോ ഉപഹാരമല്ലേ. ആര് തന്നാൽ എന്താ? വസ്തുത മനസിലാക്കാതെയാണ് സൈബർ ആക്രമണം നടക്കുന്നത് ’. രമേശ് നാരായണൻ ആസിഫ് അലി സംഭവം സമൂഹമാധ്യമങ്ങളിൽ വിവാദമായി കത്തിപ്പടരുകയാണ്. ആസിഫിന് പിന്തുണയുമായി നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തി. സിനിമാസംഘടനയായ അമ്മയും ആസിഫിന് പിന്തുണ നൽകി.