ഹീറോയേക്കാൾ ഗംഭീരമായി ലാൽ സർ ആ ഫൈറ്റ് ചെയ്തു: പീറ്റർ ഹെയ്ൻ
Mail This Article
ആക്‌ഷന്‍ സീനുകള്‍ പെര്‍ഫക്ട് ആക്കാന്‍ വേണ്ടി ഏതു തരത്തിലുള്ള വെല്ലുവിളിയും എടുക്കാന്‍ തയാറുള്ള നടനാണ് മോഹൻലാൽ എന്ന് പീറ്റർ ഹെയ്ൻ. അടുത്തിടെ ‘കണ്ണപ്പ’ എന്ന സിനിമയ്ക്കു വേണ്ടി മോഹൻലാൽ ചെയ്ത ഒരു റോപ്പ് ആക്‌ഷൻ സീൻ എടുത്തുപറഞ്ഞാണ് അദ്ദേഹം അഭിനയത്തിൽ നടന്റെ സമർപ്പണത്തെപ്പറ്റി പ്രകീർത്തിച്ചത്. മോഹൻലാൽ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അതേപ്പറ്റി മറ്റുള്ളവർക്ക് ഒരു ടെൻഷനും ഉണ്ടാകില്ലെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. ഇടിയന്‍ ചന്തു എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു പീറ്റർ ഹെയ്ൻ.
‘‘ലാല്‍ സാറിനെ സംബന്ധിച്ച് സീനിന്റെ പെര്‍ഫെക്‌ഷനാണ് ഏറ്റവും പ്രധാനം. അതിനു വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും. എത്ര റിസ്‌കുള്ള സീനാണെങ്കിലും അത് പെര്‍ഫെക്ട് ആക്കാന്‍ വേണ്ടി എത്ര പാടുപെടാനും അദ്ദേഹം തയാറാണ്. ഏറ്റവുമൊടുവില്‍ ആക്‌ഷന്‍ സീന്‍ പെര്‍ഫെക്ടായാല്‍ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകുള്ളൂ. അതുവരെ ചെയ്തുകൊണ്ടിരിക്കും. അദ്ദേഹം ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ ബോധ്യമുണ്ട്. നമുക്ക് അതിനെക്കറിച്ച് ആലോചിച്ച് ടെന്‍ഷനാകേണ്ട ആവശ്യമില്ല.
അടുത്തിടെ ഞാൻ ലാൽ സാറിന് വേണ്ടി ഒരു റോപ്പ് ഷോട്ട് കംപോസ് ചെയ്തു. ആ സെറ്റിൽ അന്ന് 800 ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. ഫൈറ്റേഴ്സ് എല്ലാം എട്ടടി പൊക്കമുള്ള വലിയ ആൾക്കാരായിരുന്നു. ഹീറോയും ബാക്കി ക്യാരക്ടർ ആർടിസ്റ്റുകളുമെല്ലാം അതിമനോഹരമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാൽ സാറിനു വേണ്ടി ചെയ്ത ഷോട്ട് അദ്ദേഹം മറ്റുള്ളവരെക്കാൾ ഗംഭീരമായി ചെയ്തു, ഇവിടുന്നു ചാടി അവനെ അടിച്ച് മുകളിൽ കൂടി ചാടി പോകുന്ന സീൻ ഒരൊറ്റ ഷോട്ടിൽ അദ്ദേഹം പൂർത്തിയാക്കി. കേരളത്തിലെ എല്ലാവരും ലാൽ സാറിനെ ഓർത്ത് അഭിമാനിക്കണം. അത്രയ്ക്ക് ഡെഡിക്കേഷൻ ഉള്ള ആർടിസ്റ്റാണ് അദ്ദേഹം.
ലാൽ സാർ ഒരു ഇതിഹാസമാണ് , ഇത്രയും വലിയ ലെജൻഡ് ആയിരുന്നിട്ടും ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്കതയോടെ ഒരു പുതിയ ആർടിസ്റ്റിനെപ്പോലെ ഓരോ ആക്‌ഷൻ സീക്വൻസിനെയും സമീപിക്കും, ഞാൻ പറയുന്നത് ചിലപ്പോ നിങ്ങൾ വിശ്വസിക്കില്ല പക്ഷെ ഞാൻ നേരിട്ട് കണ്ട കാര്യമാണ്. അടുത്തിടെ ബെംഗളൂരിൽ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു എനിക്കത് നേരിട്ട് കാണാൻ കഴിഞ്ഞത്.’’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.