ADVERTISEMENT

ചെറിയ ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയനടി കലാരഞ്ജിനി അഭിനയിക്കുന്ന സിനിമയാണ് ‘ഭരതനാട്യം’. ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയ്ക്കു ശേഷം കലാരഞ്ജിനി സ്വന്തമായി ഡബ് ചെയ്തു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വർഷങ്ങളായി അടഞ്ഞ ശബ്ദമാണ് കലാരഞ്ജിനിക്കുള്ളത്. ‘ഞാൻ സംസാരിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഒരുപാട് സ്ട്രെയിൻ എടുത്താണ് പറയുന്നതെന്ന്. പക്ഷേ അല്ല, ഇതാണ് എന്റെ ശബ്ദം.’ ശബ്ദത്തിനെന്താണ് പറ്റിയതെന്താണെന്ന് മനോരമ ഓൺലൈനിൽ തുറന്നു പറയുകയാണ് കലാരഞ്ജിനി. 

‘വർഷങ്ങൾക്കു മുമ്പ് നടന്നതാണ്. പ്രേം നസീർ സാറിന്റെ ജോഡി ആയിട്ട് അഭിനയിക്കുന്ന സിനിമയാണ്. ബ്ലഡ് വായിൽനിന്നു വൊമിറ്റ് ചെയ്യുന്ന ഒരു സീനാണ്. അന്നൊക്കെ ചുവന്ന കളർ പൗഡറിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് ചോര ഉണ്ടാക്കിയിരുന്നത്. വൊമിറ്റ് ചെയ്യുന്നതും ദേഹത്ത് മുറിവ് പറ്റിയതുമൊക്കെ അങ്ങനെയാണ് കാണിക്കുന്നത്. ആ സിനിമയിലെ മേക്കപ്പ്മാൻ അറിഞ്ഞുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല, പക്ഷേ അസറ്റോൺ മിക്സ് ചെയ്ത പൊടിയാണ് തന്നത്. ഞാനിട്ടിരുന്നത് വെള്ള നിറത്തിലുള്ള സാരിയാണ്. അപ്പോൾ ‍ഞാൻ തന്നെ ഒഴിക്കുമ്പോൾ ദേഹത്തും സാരിയിലുമൊക്കെ ആകുമെന്നുള്ളതുകൊണ്ട് നസീർ സർ ഒഴിച്ചു തരാമെന്ന് പറഞ്ഞു, ഷോട്ട് ആകുമ്പോൾ പറഞ്ഞാൽ മതിയെന്നു പറഞ്ഞു. നസീർ സർ അത് ഒഴിച്ചു തന്നതുമാത്രമേ എനിക്ക് ഓർമയുള്ളൂ. എന്റെ വായൊക്കെ വീർത്തു വരുന്നതു പോലെ തോന്നി. അവരൊക്കെ എന്നോട് തുപ്പാൻ പറയുന്നുണ്ട്. ഞാൻ തുപ്പുന്നുമുണ്ട് പക്ഷേ എന്റെ സെൻസ് പോയി. അങ്ങനെ ശ്വാസനാളം വരണ്ടു പോയി. വളരെ ചെറിയ, നെറ്റ് പോലെയാണ് നമ്മുടെ ശ്വാസനാളം. അത് ചുരുങ്ങിപ്പോയി. പിന്നെ മുതൽ എനിക്ക് എന്ത് അസുഖം വന്നാലും ആദ്യം ബാധിക്കുന്നത് എന്റെ ശബ്ദത്തെയാണ്. അതിങ്ങനെ വളഞ്ഞുവരും. അന്ന് കുറേ ശരിയാക്കാനൊക്കെ നോക്കി. പിന്നെ അങ്ങനെ പോട്ടെ എന്നു കരുതി. അങ്ങനെയാണ് ശബ്ദം പോകുന്നത്.’

എന്തുകൊണ്ട് ഉർവശി കല്പന പോലെ സിനിമയിൽ സജീവമായില്ല എന്നതിനും കൃത്യമായ മറുപടി കലാരഞ്ജിനിയുടെ കയ്യിലുണ്ട്. 

'സത്യം പറഞ്ഞാൽ, ഭാഗ്യം വേണം. കഴിവ് മാത്രം പോരാ ഭാഗ്യം എന്നു പറയുന്ന ഒന്നു കൂടി വേണം. ഒന്നാമത്തെ കാര്യം അത്. രണ്ടാമത്തേത് ഞാൻ അങ്ങനെ ഒരു ക്യാരക്റ്റർ അല്ല. ഞാൻ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ചെയ്തു. അതുകഴിഞ്ഞു വന്നതെല്ലാം അതുപോലെയുള്ള കഥാപാത്രങ്ങൾ. അപ്പോൾ ഞാൻ അത് ചെയ്യില്ല. അങ്ങനെ ഞാൻ ഗ്യാപ് ഇടും. പിന്നെ സെറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കുറേ നാൾ ഞാൻ സിനിമ ചെയ്യില്ല. എന്റെ മനസ്സിൽ അതുതന്നെ കിടക്കും. അങ്ങനെ ഒരു സ്വഭാവക്കാരിയാണ് ഞാൻ. നല്ല കഥാപാത്രങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. എനിക്ക് ഇഷ്ടപ്പെട്ടു എന്നു തോന്നിയാൽ മാത്രം. ഉർവശി എന്നു പറയുന്നത് വേറെയൊരു ലെവൽ ആണ്. കല്പന വേറെയൊരു ലെവലും. ഞാൻ മറ്റൊന്ന്. ഇപ്പോൾ വളരെ ഇഷ്ടപ്പെട്ട് ചെയ്തതാണ് 'ഭരതനാട്യം'. എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു കഥാപാത്രമാണ്. സാധാരണ കാണുന്നപോലെ ഒരു വില്ലത്തി അമ്മ അല്ലെങ്കിൽ സോഫ്റ്റ്‌ അമ്മ അല്ല ഇത്. കുശുമ്പും കാര്യങ്ങളും ഒക്കെ ഉള്ള ഒരു അമ്മയാണ്. മുഴുനീള കഥാപാത്രവുമാണ്. അങ്ങനെയാണ് സൂഫിയും സുജാതയും കഴിഞ്ഞ് ഇത്ര നാളുകൾക്കു ശേഷം ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്.'

English Summary:

"Instead of coconut oil, they mixed acetone. That's how I lost my voice"; says Kalaranjini.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com