പീഡനശേഷം പരാതി; എന്നാൽ ഇത് ചോദിക്കുമ്പോൾ തന്നെ കരണക്കുറ്റിക്ക് ഒന്നു കൊടുത്തൂടെ? ഷൈൻ ചോദിക്കുന്നു
Mail This Article
കലാകാരന്മാർ ലഹരി ഉപയോഗിക്കുന്നത് പുതുമയല്ലെന്നും സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ലൈംഗിക അതിക്രമം നടക്കുന്നുണ്ടെന്നും ഷൈൻ ടോം ചാക്കോ. പുതുതായി വരുന്ന പെൺകുട്ടികളെ ആരും പിടിച്ചു വച്ച് ഒന്നും ചെയ്യുന്നില്ലെന്നും പരസ്യമായി പ്രതികരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും ഷൈൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം.
"ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ശ്രദ്ധിച്ചിരുന്നു. പണ്ടു കേട്ടിട്ടുണ്ട്, കലാകാരന്മാരാണെങ്കിൽ അടിച്ചു കൂത്താടി നടക്കുന്നവരാണെന്ന്. കലാകാരന്മാർ ഇതു ചെയ്യുന്നത് പുതിയ കാര്യമാണോ?," ഷൈൻ ചോദിക്കുന്നു.
"സ്ത്രീകൾക്കു മാത്രമല്ല, പല വ്യക്തികൾക്കും സിനിമയിൽ വിവേചനങ്ങൾ നേരിടുന്നുണ്ട്. പുരുഷ–സ്ത്രീ വ്യത്യാസത്തിലല്ല ഈ വിവേചനം. മാർക്കറ്റ് അനുസരിച്ചാണ് ഇത്. ഒരു വ്യക്തിക്ക് മാർക്കറ്റുണ്ടോ അല്ലെങ്കിൽ ബിസിനസ് ഉണ്ടോ? അയാളിൽ എല്ലാവരും തൽപരരാണ്. ഒരു വ്യക്തിക്ക് മാർക്കറ്റോ ബിസിനസോ ഇല്ലെങ്കിൽ അവന്റെ പിന്നാലെ നടക്കേണ്ട കാര്യമില്ല. ഇതൊരു ബിസിനസ് മേഖല കൂടിയല്ലേ," ഷൈൻ ചോദിച്ചു.
"സത്യത്തിൽ സിനിമയിലാണ് കുറവ് ലൈംഗികാത്രികമങ്ങൾ നടക്കുന്നത്. കാരണം, അതു നേരിട്ടാൽ മാധ്യമങ്ങൾ അറിയും. എല്ലാ മേഖലയിലും സ്ത്രീകൾ ലൈംഗികാത്രികമങ്ങൾ നേരിടുന്നുണ്ട്. എല്ലാ മേഖലയിലും കമ്മിഷൻ വച്ചാൽ അവർക്കെല്ലാം കുറെ കഥകൾ പറയാനുണ്ടാകും."
"അതിക്രമം നേരിടുന്ന സ്ത്രീ വേണം ആദ്യം പ്രതികരിക്കാൻ! അങ്ങനെ പോരാടുമ്പോൾ ബാക്കിയുള്ളവർ പിന്തുണയ്ക്കുമല്ലോ! അങ്ങനെ ആരെയെങ്കിലും പിന്തുണയ്ക്കാതെ ഇരുന്നിട്ടുണ്ടോ? പീഡനത്തിനു ശേഷമാണല്ലോ പരാതിയുമായി സ്ത്രീകൾ വരുന്നത്. അങ്ങനെ ഒരു ഇടപാട് ചോദിക്കുമ്പോൾ തന്നെ കരണക്കുറ്റിക്ക് ഒന്നു കൊടുത്താൽ തീരാവുന്നതല്ലേ ഈ പ്രശ്നം? പുതുതായി വരുന്ന പെൺകുട്ടികളെ ആരും ഇവിടെ പിടിച്ചു വച്ചിട്ട് ഒന്നും സംഭവിക്കുന്നില്ല. ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. പക്ഷേ, അത് സിനിമയിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ലെന്നാണ് എന്റെ അഭിപ്രായം," ഷൈൻ വ്യക്തമാക്കി.