അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ: വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം: അന്‍സിബ
Mail This Article
സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കെവയാണ് അന്‍സിബ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. പക്ഷേ 5 വർഷം ഈ റിപ്പോർട്ട് പുറംലോകം കാണാതിരുന്നു എന്നു പറയുന്നത് വലിയ െതറ്റാണ്. നീതി വൈകുക എന്നത് നീതി നിഷേധം തന്നെയാണ്. ഇത്രയും സ്ത്രീകൾ അനുഭവിച്ചിട്ടുള്ള വേദനയാണ് ആ പേജുകളിലുള്ളത്. അതിലെ സംഭവങ്ങൾ കേൾക്കുമ്പോൾ തന്നെ വലിയ വിഷമം തോന്നുന്നു.
ഇവരൊക്കെ അനുഭവച്ച വേദനകൾക്ക് നീതി ലഭിക്കണം. ഇനി മറ്റൊരാൾക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. വേട്ടക്കാർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. നിയമ സംവിധാനങ്ങളാണ് ഇനി മുന്നിട്ടിറങ്ങേണ്ടത്. സംഘടനകൾക്ക് പരിമിതികളുണ്ട്. അവരെ മാറ്റി നിർത്തുകയോ, പുറത്താക്കുകയോ ചെയ്യാനേ കഴിയൂ. അല്ലാതെ ശിക്ഷിക്കാൻ കഴിയില്ല. ഇന്ത്യന്‍ നിയമമനുസരിച്ചുള്ള പരാമവധി ശിക്ഷ വേട്ടക്കാർക്ക് ഉറപ്പാക്കണം.
സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും ഇതുപോലുള്ള കമ്മിറ്റി ഉണ്ടാകണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിപ്പെട്ട പരാതികൾ തന്നെയാകും മറ്റ് മേഖലകളിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ളത്. എല്ലാ സ്ത്രീകൾക്കും മുന്‍ഗണന വേണം. തൊഴിലിടങ്ങളിൽ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കികൊടുക്കണം.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, ചെറിയ പ്രായം തൊട്ട് കുട്ടികൾ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളാണിത്. സിനിമ ഒരു ഗ്ലാമറസ് ഫീൽഡ് ആയതുകൊണ്ട് പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നു എന്നു മാത്രമേ ഒള്ളൂ.
ആരോപണ വിധേയരായവർക്കെതിരെ കൃത്യമായ െതളിവുകളും രേഖകളും ഉണ്ടെങ്കിൽ അവരുടെ പേരുകൾ പുറത്തുപറയുന്നതിൽ ഒരു തെറ്റുമില്ല. ഞാനൊരുപാട് സിനിമകൾ ചെയ്യുന്ന ആളല്ല. എനിക്കൊരുപാട് അവസരങ്ങൾ ലഭിച്ചിട്ടുമില്ല. ഈ മേഖലയിൽ സജീവമായത് അവതാരകയായും റേഡിയോ ജോക്കിയായൊക്കെ പ്രവർത്തിച്ചുമാണ്. ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ്. ആ പാഷൻ ഉണ്ടായതുകൊണ്ടാണ് ഇവിടെ സർവൈവ് ചെയ്തുപോകുന്നത്.
ഒരുപാട് നടിമാര്‍ പറഞ്ഞു, അവര്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന്. അവർക്കങ്ങനെ തോന്നിയതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത്. അപ്പോൾ അങ്ങനെയല്ല എന്നു പറയാൻ ആർക്കും അവകാശമില്ല. അത് അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ.
തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചു. പരാതിപ്പെടാന്‍ പോയില്ല.എനിക്കിഷ്ടപ്പെടാത്ത കാര്യം മുഖത്തുനോക്കി പറയുന്ന ആളാണ് ഞാൻ. അത് ആരാണെങ്കിലും എന്താണെങ്കിലും എവിടെയാണെങ്കിലും പറയും.’’–അൻസിബയുടെ വാക്കുകൾ.