ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാരികളോട് ആദരം: പ്രശംസിച്ച് സമാന്ത
Mail This Article
ഡബ്ല്യുസിസിയെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം സമാന്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള ചലച്ചിത്രമേഖലയിലുണ്ടായ പൊട്ടിത്തെറിയെ സംബന്ധിച്ച വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് സമാന്തയുടെ പ്രതികരണം. സുരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണെന്ന് സമാന്ത കുറിച്ചു.
അതിനായി ഡബ്ല്യുസിസി എടുത്ത പരിശ്രമങ്ങൾ വൃഥാവിലായില്ലെന്നും അവരുടെ പ്രവർത്തനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും സമാന്ത പ്രതികരിച്ചു.
സമാന്തയുടെ വാക്കുകൾ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീര പ്രവർത്തനങ്ങൾ പിന്തുടരുന്നുണ്ട്. അത്ര എളുപ്പമായിരുന്നില്ല അവരുടെ യാത്ര. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തു വരുന്നത് കാണുമ്പോൾ, ഡബ്ല്യുസിസിയോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. സുരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായി ആർക്കും ലഭിക്കേണ്ടതാണ്. പക്ഷേ, അതിനു പോലും വലിയ സംഘർഷങ്ങൾ വേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ വൃഥാവിലായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാർക്കും സഹോദരിമാർക്കും സ്നേഹം... ആദരം!
'നമുക്കു മുൻപെ കടന്നു പോയ സ്ത്രീകൾ നേരിട്ട ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ഫലമാണ് നാമെല്ലാം ഇപ്പോൾ ഇവിടെ നിൽക്കുന്നത്' എന്നായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ് ഷെയർ ചെയ്ത് സമാന്ത കുറിച്ചത്. എല്ലാവർക്കും ആത്മാഭിമാനത്തോടെ ഇരിക്കാൻ കഴിയട്ടെയെന്നും സമാന്ത ആശംസിച്ചു.
മലയാള ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സിനിമാമേഖലയിലെ പല തരത്തിലുള്ള ചൂഷണങ്ങൾ തുറന്നു കാണിക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതിനെത്തുടർന്ന് താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വച്ചു. ലൈംഗികാരോപണം നേരിട്ട സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ചൊഴിഞ്ഞു. അതിജീവിതകൾ സമർപ്പിച്ച പരാതികളെ തുടർന്ന് സിദ്ദീഖ്, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, രഞ്ജിത് എന്നിവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.