‘ലാപതാ ലേഡീസ്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; പട്ടികയിൽ 4 മലയാള സിനിമകളും
Mail This Article
കിരൺ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഫിലിം ഫെഡറേഷൻ ഓഫ്‍ ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 29 സിനിമകളാണ് ഔദ്യോഗിക എൻട്രിക്കായി പട്ടികയിൽ ഉണ്ടായിരുന്നത്. 12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകൾ, 4 മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, 4 മറാഠി സിനിമകൾ എന്നിവയിൽ നിന്നുമാണ് ഈ ചിത്രത്തെ തിരഞ്ഞെടുത്തത്.
ഹനു-മാൻ, കൽക്കി 2898 എ.ഡി, മഹാരാജാ, അനിമൽ, കിൽ, ജിഗർതാണ്ഡ 2, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാന്‍, ജോറാം, കൊട്ടുകാളി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻസ് ആസ് ലൈറ്റ് എന്നിവയും 29 ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു. തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിവയും ലാപതാ ലേഡീസുമാണ് ജൂറിയുടെ അവസാന അഞ്ച് സിനിമകളിൽ ഇടംനേടിയത്.
കിരൺ റാവുവും ആമിർ ഖാനും ചേർന്നു നിർമിച്ച ലാപതാ ലേഡീസിൽ പുതുമുഖങ്ങളായ നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ് എന്നിവരാണ് അഭിനയിച്ചത്. ഛായ കദം, രവി കിഷൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കി സ്നേഹ ദേശായി ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ ആയിരുന്നു.