അഭിപ്രായങ്ങൾ ഉറക്കെ പറയുന്നത് കുറ്റമല്ല: നിഖിലയെ പിന്തുണച്ച് ശബ്ന മുഹമ്മദ്
Mail This Article
നിഖില വിമലിനെ പിന്തുണച്ച് തിരക്കഥാകൃത്ത് ശബ്ന മുഹമ്മദ്. സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നത് ഒരു കുറ്റകൃത്യമല്ലെന്നും അത്തരം ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള മാന്യത മാധ്യമങ്ങൾ കാണിക്കണമെന്നും ശബ്ന കുറിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ശബ്ന മുഹമ്മദ് നിലപാട് വ്യക്തമാക്കിയത്.
"ഒരു അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അത് ഉയർത്തുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമല്ല. അങ്ങനെ പരിഗണിക്കപ്പെടാനും പാടില്ല. മാധ്യമ ഇടങ്ങൾ അത്തരം ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. ആ മാന്യത അവർക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ശബ്ന മുഹമ്മദ് കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ നിഖില വിമലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശബ്നയുടെ പോസ്റ്റ്. അഭിമുഖങ്ങളിൽ ‘ഉരുളയ്ക്ക് ഉപ്പേരി’ പോലുള്ള നിഖിലയുടെ മറുപടികളും നിലപാടുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതുമൂലം ‘തഗ് റാണി’ എന്നൊരു വിളിപ്പേരും സൈബർ ലോകം നിഖിലയ്ക്ക് നൽകിയിട്ടുണ്ട്. അതിനിടെ നിഖിലയെ പരോക്ഷമായി വിമർശിക്കുന്ന നടി ഗൗതമി നായരുടെ ഒരു പോസ്റ്റും ചർച്ചയായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു ഗൗതമിയുടെ പോസ്റ്റ്. ആരുടെയും പേര് പരാമർശിച്ചായിരുന്നില്ല ഗൗതമിയുടെ പ്രതികരണം.
ഈ പ്രതികരണം നിഖില വിമലിനെതിരെയാണെന്ന തരത്തിൽ ചർച്ചകൾ സജീവമായതോടെ ഗൗതമി പോസ്റ്റ് നീക്കം ചെയ്തു. റീച്ച് കിട്ടുന്നതിനായി ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ നിഖില വിമൽ മറുപടി നൽകാറുണ്ട്. നിഖിലയുടെ ഇത്തരം മറുപടികൾക്ക് ആരാധകർ ഏറെയാണ്.