മലയാളിയായ ഇന്ദു റബേക്ക വർഗീസ് ആയി സായി പല്ലവി; ‘അമരൻ’ ടീസർ
Mail This Article
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ‘അമരൻ’ സിനിമയിലെ സായി പല്ലവിയുടെ ക്യാരക്ടർ ടീസർ പുറത്ത്. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയാണ് സായി പല്ലവി എത്തുന്നത്.
റിയല്‍ ലൈഫിലെ ഇന്ദു റബേക്ക വര്‍ഗീസില്‍ നിന്നും സായി പല്ലവിയുടെ വേഷത്തിലേക്ക് മാറുന്ന രീതിയിലാണ് ടീസറിന്‍റെ തുടക്കം. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ‘‘അമരൻ..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാൻ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാൻ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.ഒരു ദശാബ്ദം കടന്നുപോയി. ഇപ്പോൾ വെള്ളിത്തിരയിൽ അദ്ദേഹത്തിന്‍റെ സ്മരണയും ദേശസ്നേഹവും എന്നെന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്. ഞാൻ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു.പക്ഷേ ഈ ആവേശം എന്നെന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേർന്നതാണ്.’’-ഇന്ദു റബേക്ക വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു
ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് നിർമാണം. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ‘പ്രേമലു’വിൽ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു. ചിത്രത്തിനായി കൗമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.
കശ്മീർ ആണ് പ്രധാന ലൊക്കേഷൻ. സംഗീതം ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം സി.എച്ച്. സായി. പ്രൊഡക്‌ഷൻ ഡിസൈൻ രാജീവൻ.
മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കാണുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി 1983 ഏപ്രിൽ 12ന് കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു മുകുന്ദിന്റെ ജനനം. തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചു. പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു. പിതാവ് തമിഴ്നാട്ടിലേക്കു സ്ഥലം മാറിയതോടെ മുകുന്ദിന്റെ പഠനവും അവിടെയായി.
പത്തനംതിട്ട മാരാമൺ സ്വദേശിയും തിരുവനന്തപുരം പേരൂർക്കട കോലത്ത് ഹോസ്പിറ്റലിന്റെ ഡയറക്ടറുമായ ഡോ.ജോർജ് വർഗീസിന്റെയും അക്കാമ്മയുടെയും മകളായ ഇന്ദു, ബെംഗളൂരുവിലെ ഡിഗ്രി പഠനത്തിനു ശേഷമാണു മാസ് കമ്യൂണിക്കേഷനിൽ പിജി പഠിക്കാൻ 2004ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ (എംസിസി) എത്തുന്നത്. എംസിസിയിൽ ജേണലിസത്തിൽ പിജി ഡിപ്ലോമ പഠിക്കുകയായിരുന്നു മുകുന്ദ്. ഇരുവരുടെയും സൗഹൃദം വിവാഹത്തിലെത്തി. 2009 ഓഗസ്റ്റ് 28നായിരുന്നു വിവാഹം. 2005ലാണ് മുകുന്ദിന് ഓഫിസറായി പട്ടാളത്തിൽ ജോലി ലഭിക്കുന്നത്. 2011 മാർച്ച് 17നാണ് മുകുന്ദ്–ഇന്ദു ദമ്പതികൾക്ക് മകൾ ആർഷ്യ ജനിക്കുന്നത്.
ഭർത്താവിന്റെ മരണശേഷം 2014 മുതൽ 2017 വരെ ബെംഗളൂരുവിലെ ആർമി സ്കൂളിൽ അധ്യാപികയായി ജോലി നോക്കിയ ഇന്ദു, 2017ലാണ് എജ്യുക്കേഷനിൽ പിജി ചെയ്യാൻ ഓസ്ട്രേലിയയിൽ പോയത്. കോഴ്സിനു ശേഷം അവിടെ ജോലി ചെയ്ത ഇന്ദു, മകളുമൊത്ത് കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി. മകൾക്ക് സ്വന്തം നാടിനോടുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കുന്നതിനാണ് ഓസ്ട്രേലിയയിൽ നിന്നു തിരികെ നാട്ടിലെത്തിയതെന്ന് ഇന്ദു പറയുന്നു. ഇപ്പോൾ തിരുവനന്തപുരം ഇന്റർ നാഷനൽ സ്കൂളിൽ അധ്യാപികയാണ് ഇന്ദു. മകളെയും അവിടെ മൂന്നാം ക്ലാസിൽ ചേർത്തു. അധ്യാപികയായി ജോലി ചെയ്യുന്നതിനൊപ്പം, ചിത്രരചനയിലും എഴുത്തിലും മുഴുകിയാണ് ഇന്ദുവിന്റെ ഇപ്പോഴത്തെ ജീവിതം.