ADVERTISEMENT

നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നടി നവ്യ നായർ. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിൽ ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പൊലീസും ഇടപെട്ട ഒരു കേസിനെപ്പറ്റി അതിന് അതിന്റേതായ തീരുമാനങ്ങൾ വരുകയാണ് ചെയ്യേണ്ടതെന്നും നവ്യ പറഞ്ഞു.

‘‘ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ ഞാനിപ്പോൾ പറയാത്തത്, ഞാൻ ഒളിച്ചോടുന്നതുപോലെ വ്യാഖാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാളും ഇത്തരം ചോദ്യങ്ങളാവും കൂടുതലും ഉണ്ടാവുകയെന്നറിയാം. ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത്, അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസിലാക്കിയാൽ മതി.

എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങൾക്കത് വാർത്തയാക്കണമെങ്കിൽ ചോദിക്കാം. എന്നാൽ ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാർത്താമൂല്യമില്ലാത്ത, അറിയപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ്. അതിലേയ്ക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാൽ അതായിപ്പോവും വാർത്ത. അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റ്‌മെന്റുകൊണ്ടും നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടത്ര റീച്ച് കിട്ടാതെ വരും. അതിനാൽ ഇത് കഴിഞ്ഞ് ഞാൻ മറ്റെവിടെയെങ്കിലും വരുമ്പോൾ നിങ്ങൾ അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ സന്തോഷമായിരിക്കും. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നത്. മാധ്യമങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ ഒരിക്കലുമില്ല.

വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോൾ ഭയന്നോടുന്നത് ശരിയായ പ്രവൃത്തിയായി കാണുന്നില്ലെന്നും സിനിമാമേഖലയിലെ വിവാദവിഷയങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി നവ്യ പറഞ്ഞു.

‘‘സിനിമാമേഖലയിൽ മാത്രമല്ല, എല്ലാ തൊഴിൽരംഗങ്ങളിലും മാറ്റം അനിവാര്യമാണ്. കലാമേഖലയിൽ ഉൾപ്പെടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കാലാനുസൃതമായിട്ടുള്ള മാറ്റം വരണം. കലാമേഖലയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മറ്റെല്ലാ ആളുകൾക്കും ഉള്ളതുപോലെ ഇക്കാര്യത്തിൽ വലിയ ആശങ്ക ഉണ്ട്. നവ്യ നായർ പറഞ്ഞു.

English Summary:

Hiding Isn't Right": Navya Nair's Bold Statement on Ongoing Legal Battles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com