ആ സ്വപ്നസുന്ദരി മരണത്തിന് കീഴടങ്ങിയതെന്തിന്? ശ്രീദേവിയുടെ മരണത്തിലെ നിഗൂഢതകള്‍
Mail This Article
സ്വപ്നസുന്ദരി എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. സ്വപ്നം പോലെ സങ്കല്‍പ്പങ്ങള്‍ക്കും യാഥാർഥ്യങ്ങള്‍ക്കും അപ്പുറത്ത് നില്‍ക്കുന്ന സുന്ദരി. രൂപഭംഗിയുടെ അവസാന വാക്ക്. ഇന്ത്യന്‍ സിനിമയില്‍ ആ ഗണത്തില്‍ പെട്ട ഒരു നടിയേ ഉണ്ടായിട്ടുളളു. അത് ശ്രീദേവി മാത്രമാണ്. മലയാളത്തിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ തുടങ്ങി ബോളിവുഡിലെ ഏറ്റവും കളര്‍ഫുളായ ബിഗ്ബജറ്റ് സിനിമകളിലുടെ രാജ്യത്തെങ്ങുമുളള പ്രേക്ഷക ലക്ഷങ്ങളുടെ മനം കവര്‍ന്ന സുന്ദരി. അക്കാലത്ത് ക്യാംപസുകളില്‍ തരംഗമായിരുന്നു ശ്രീദേവി. അവരോടുളള ആരാധന മൂത്ത് പ്രേക്ഷകര്‍ കാട്ടിക്കൂട്ടിയ തമാശകള്‍ക്ക് കണക്കില്ല. ഭ്രാന്തമായ ഒരു തരം വികാരമായിരുന്നു ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി...എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരു പോലെ വിപണനമൂല്യം കൈവരിച്ച താരം. അതിലുപരി മികച്ച അഭിനേത്രി.
ബാലു മഹേന്ദ്രയുടെ മൂന്നാം പിറയായിരുന്നു അവരുടെ മാസ്റ്റര്‍പീസ്. അതിലെ ഓര്‍മകള്‍ നഷ്ടപ്പെട്ട കുട്ടിത്തം നിറഞ്ഞ പെണ്‍കുട്ടിയുടെ ഭാവഹാവാദികള്‍ അവര്‍ അനശ്വരമാക്കി. ആ സിനിമ സദ്മ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും ശ്രീദേവിയായിരുന്നു നായിക. അവരെ പ്രണയിക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല എന്നതാണ് സത്യം. മലയാളത്തില്‍ നായികയായി അരങ്ങേറിയ കാലത്ത് ഒരു സംവിധായകനുമായി ഗാഢപ്രണയത്തിലാണെന്ന് ശ്രുതി പരന്നിരുന്നു. തമിഴ്ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ശ്രീദേവിയും സംവിധായകനും തമ്മിലുളള വിവാഹബന്ധത്തിന് അവരുടെ അമ്മ സമ്മതിച്ചില്ലെന്നും അക്കാരണത്താല്‍ അത് യാഥാർഥ്യമായില്ലെന്നും പറഞ്ഞു കേട്ടിരുന്നു. അതേക്കുറിച്ച് ഇരുവരും പിന്നീട് വെളിപ്പെടുത്തലുകളൊന്നും നടത്തിയതുമില്ല.
എന്നാല്‍ കമല്‍ഹാസനും ശ്രീദേവിയും തമ്മിലുളള പ്രണയം അങ്ങാടിപ്പാട്ടായ ഒരു അരമന രഹസ്യമായിരുന്നു. ഏതൊക്കെയോ കാരണത്താല്‍ അതും വിവാഹത്തിലെത്തിയില്ല.
വീണ്ടും ദീര്‍ഘകാലത്തിന് ശേഷമാണ് ശ്രീദേവിയേക്കാള്‍ ഏറെ പ്രായവ്യത്യാസമുളള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബോണി കപൂര്‍ അവരുമായി അടുക്കുന്നത്. ആ ബന്ധം വിവാഹത്തില്‍ കലാശിച്ചു.
നാലാം വയസ്സില്‍ തുടങ്ങിയ പ്രയാണം
1967 ല്‍ തന്റെ നാലാം വയസ്സില്‍ ഒരു തമിഴ്ചിത്രത്തില്‍ ബാലതാരമായാണ് ശ്രീദേവി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 8-ാം വയസ്സില്‍ പൂമ്പാറ്റ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് മലയാള സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവി 1970ല്‍ മികച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി.13 -ാം വയസ്സില്‍ കെ.ബാലചന്ദറിന്റെ മുന്‍ട്ര് മുടിച്ച് എന്ന പടത്തിലൂടെ അവര്‍ നായികയായി. അക്കാലത്ത് നിരവധി മലയാള സിനിമകളിലും നായികയായി വേഷമിട്ടിരുന്നു. കമല്‍ഹാസനും വിന്‍സന്റും മുതല്‍ രാഘവന്‍ വരെ അവരുടെ നായകന്‍മാരായിരുന്നു.
പിന്നീട് തമിഴില്‍ തിരക്കായതോടെ മലയാളത്തിന് അവര്‍ അപ്രാപ്യയായി. തമിഴില്‍ നിന്ന് ഹിന്ദിയിലേക്ക് തേരോട്ടം നടത്തിയ അവര്‍ ബോളിവുഡില്‍ തരംഗമായി മാറി. വിവിധ ഭാഷകളിലായി 300ല്‍ അധികം സിനിമകളില്‍ വേഷമിട്ട ശ്രീദേവി ഭരതന്റെ ദേവരാഗത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വന്നു. അരവിന്ദ് സ്വാമിയായിരുന്നു നായകന്‍. താരം എന്ന നിലയില്‍ ഉദയസൂര്യനെ പോലെ ജ്വലിച്ചു നിന്ന അവരുടെ രൂപഭംഗിയുടെ ആരാധകരായിരുന്നു വിവിധ മേഖലകളിലെ പ്രമുഖര്‍ അടങ്ങുന്ന ഇന്ത്യന്‍ ജനത. ശ്രീദേവിയെ പോലെ ഒരു കാമുകിയെ സ്വപ്നം കണ്ടിരുന്ന ചെറുപ്പക്കാര്‍ അനവധി. അവളുടെ ഭാവം കണ്ടാല്‍ ശ്രീദേവിയാണെന്ന് തോന്നും എന്ന തലത്തില്‍ ഒരു പ്രയോഗം പോലും പ്രചരിക്കപ്പെട്ടു.
സൗന്ദര്യത്തികവിന്റെ അവസാന വാക്കായി അന്ന് ശ്രീദേവി പ്രതിഷ്ഠിക്കപ്പെട്ടു. ആ സൗന്ദര്യധാമത്തെ ആര് സ്വന്തമാക്കും എന്നത് തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഒരു സ്ഥിരം വാര്‍ത്തയായിരുന്നു. കാലാകാലങ്ങളില്‍ പലരുമായി ചേര്‍ത്ത് അവരെക്കുറിച്ചുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആരും കൊതിക്കുന്ന പ്രണയാതുരമായ രൂപഭാവങ്ങള്‍ ഒരേ സമയം ശ്രീദേവിയുടെ ശക്തിയും ദൗര്‍ബല്യവുമായിരുന്നു. കമല്‍ഹാസന്റെ ഭാര്യാപദത്തിലെത്തുമെന്ന് വിശ്വസിക്കപ്പെട്ട കാലത്തു നിന്നും അതൊന്നും സംഭവിക്കാതെ അവര്‍ മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ന്നു.
മിഥുന്‍ ചക്രവര്‍ത്തിയുടെ കാമുകി
ബോളിവുഡിലെ താരറാണിയായ ശേഷം പലരും പ്രണയപാശങ്ങളുമായി അവരോട് അടുത്തെങ്കിലും ശ്രീദേവിയുടെ കണ്ണിലും മനസിലും ഉടക്കിയത് മിഥുന്‍ ചക്രവര്‍ത്തി എന്ന റൊമാന്റിക് ലുക്കുളള സുന്ദരനായ നായകനായിരുന്നു. അവര്‍ തമ്മില്‍ ആഴത്തിലുളള അടുപ്പം രൂപപ്പെടുകയും ചെയ്തു. അതീവ രഹസ്യമായി അവര്‍ വിവാഹം കഴിച്ചു എന്ന് പോലും അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ബാലു മഹേന്ദ്ര- ശോഭ ബന്ധത്തില്‍ സംഭവിച്ചതു പോലുളള ഒരു തരം ഇരട്ടത്താപ്പ് ഈ ബന്ധത്തിലുമുളളതായി ശ്രീദേവിക്ക് അനുഭവപ്പെട്ട് തുടങ്ങി. ആദ്യഭാര്യയെയും കുട്ടികളെയും നിലനിര്‍ത്തിക്കൊണ്ടുളള ഒരു തരം താത്കാലിക സംവിധാനമായിരുന്നു മിഥുന്‍ ചകവര്‍ത്തിയെ സംബന്ധിച്ച് ശ്രീദേവിയുമായുളള അടുപ്പം. തന്നോടുളള പ്രണയം തീവ്രവും ആത്മാര്‍ഥവുമായിരുന്നെങ്കില്‍ അദ്ദേഹം എന്നേ ഭാര്യയെ ഉപേക്ഷിച്ച് തന്നിലേക്ക് മാത്രമായി ഒതുങ്ങിക്കൂടുമായിരുന്നു.
ശ്രീദേവി മനസില്‍ കണ്ട തരത്തിലുളള ഉദ്ദേശശുദ്ധി മിഥുന് ഇങ്ങോട്ടില്ലെന്ന തിരിച്ചറിവില്‍ ആ ബന്ധം പതുക്കെ ഉലയാന്‍ തുടങ്ങി. അപ്പോഴും ബോണി കപൂര്‍ ശ്രീദേവിക്കായി കാത്തിരിക്കുകയായിരുന്നു. നായികയായി ശ്രീദേവി മൂംബൈയിലെത്തിയ കാലത്ത് ഒരു ചടങ്ങില്‍ വച്ച് അവരെ നേരില്‍ കണ്ട നിമിഷം മുതല്‍ ബോണി അവരുടെ കടുത്ത ആരാധകനായിരുന്നു. അത് ഒരു സാധാരണ ഇന്‍ഫാക്ചുവേഷന്‍ മാത്രമായിരുന്നെില്ലെന്നും അസ്ഥിക്ക് പിടിച്ച അതിതീവ്രമായ പ്രണയമായിരുന്നെന്നും പറയപ്പെടുന്നു.
ശ്രീദേവിയെ കൂടുതല്‍ അടുത്ത് പരിചയപ്പെടാനും സംസാരിക്കാനും അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും ബോണി കണ്ട കുറുക്കുവഴി താന്‍ നിര്‍മ്മിക്കുന്ന അടുത്ത പടത്തില്‍ അവരെ കാസ്റ്റ് ചെയ്യുക എന്നതായിരുന്നു.
ബോണി എന്ന ആരാധകന്‍
ശ്രീദേവിയെ കണ്ട് കഥ പറയാനും അഡ്വാന്‍സ് നല്‍കാനും ചെന്ന ബോണിക്ക് ലഭിച്ച മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു. അപരിചിതരുമായി താന്‍ നേരില്‍ സംസാരിക്കാറില്ലെന്നും സിനിമയുടെ ബിസിനസ് കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മയാണെന്നും അവര്‍ അറുത്തു മുറിച്ച് പറഞ്ഞു. മിഥുന്‍-ശ്രീദേവി പ്രണയം കൊടുമ്പിരി കൊണ്ട സമയമായിരുന്നു അത്. ആ സമയത്ത് മറ്റൊരു പുരുഷനെ കാണുന്നതും അടുത്തിടപഴകുന്നതുമൊന്നും ശ്രീദേവിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ബോണിയുടെ ആരാധനയെക്കുറിച്ച് അറിഞ്ഞിട്ടും അവരുടെ നിലപാടില്‍ മാറ്റം വന്നില്ല. സിനിമയിലേക്ക് ബുക്ക് ചെയ്യാന്‍ വന്ന ബോണിയോട് അമ്മ വഴി അക്കാലത്ത് അവര്‍ വാങ്ങുന്നതിലും മുന്തിയ പ്രതിഫലം ആവശ്യപ്പെടുകയുണ്ടായി. അങ്ങനെയെങ്കിലൂം ഒഴിഞ്ഞു പോകട്ടെയെന്നാവണം ഉദ്ദേശിച്ചത്. എന്തായാലും ബോണി അവരുടെ കണക്കൂകൂട്ടലുകള്‍ക്കപ്പുറത്തായിരുന്നു.
ശ്രീദേവി ആവശ്യപ്പെട്ടതിലും അധികം തുക അഡ്വാന്‍സ് നല്‍കി ബോണി അമ്മയെയും മകളെയും ഞെട്ടിച്ചു. എന്നാല്‍ അതൊന്നും ശ്രീദേവിയുടെ മനസില്‍ കൊണ്ടില്ല. ബോണിയുമായി കൃത്യമായ അകലം പാലിച്ചു നില്‍ക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. മിഥുനോടുളള ശ്രീദേവിയുടെ ഇഷ്ടത്തിലും അടുപ്പത്തിലും നേരിയ ക്ഷതം പോലുമേല്‍പ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന തിരിച്ചറിവ് ബോണി കപൂറിനെ നിരാശനാക്കി. മിഥുന്‍ കാഴ്ചയില്‍ തന്നേക്കാള്‍ സുന്ദരന്‍, കത്തി നില്‍ക്കുന്ന നായകന്‍...
താനും ശ്രീദേവിയും തമ്മിലാണെങ്കില്‍ നല്ല പ്രായ വ്യത്യാസമുണ്ടെന്ന് മാത്രമല്ല നിലവില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മിഥുന്‍ ചക്രവര്‍ത്തിയും സമാനമായ അവസ്ഥയിലാണെങ്കിലും പ്രണയത്തിന് കണ്ണില്ലാത്തതു കൊണ്ട് അതൊന്നും തന്നെ ശ്രീദേവിയെ ബാധിച്ചില്ല. നിലവില്‍ മറ്റൊരു പുരുഷനെ മനസില്‍ ചുമക്കുകയും അയാള്‍ക്കൊപ്പം ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുകയും ചെയ്യുന്ന പെണ്‍കുട്ടിക്ക് തന്നെ ഉള്‍ക്കൊളളാനാവില്ലെന്ന് ബോണിക്ക് ഉത്തമബോധ്യമായി. ബോളിവുഡിലെ പ്രണയങ്ങളുടെ സ്വഭാവത്തെക്കുറിച്ച് നല്ല ബോധ്യമുളള ബോണി കപൂര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ശ്രീദേവി തന്റെ ഉളളില്‍ തൊട്ട പ്രണയം തിരിച്ചറിയുമെന്ന ഉത്തമ വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്. രണ്ട് കാര്യങ്ങളിലായിരുന്നു ബോണിയുടെ പ്രതീക്ഷയെന്ന് പറയപ്പെടുന്നു. മുന്‍പ് രണ്ട് വിവാഹബന്ധങ്ങളിലേര്‍പ്പെട്ട ആളാണ് മിഥുന്‍. മാത്രമല്ല തന്നേക്കാള്‍ പ്രായവുമുണ്ട്.
ഏതു നിമിഷവും മിഥുന്റെ ഇഷ്ടങ്ങള്‍ മാറിമറിയാം. ബോണിയുടെ കണക്കു കൂട്ടല്‍ ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. ബോണിയുടെ സ്‌നേഹമാണ് മിഥുന് തന്നോടുണ്ടെന്ന് താന്‍ കരുതിയ ഇഷ്ടത്തേക്കാള്‍ വലുതെന്ന തിരിച്ചറിവില്‍ ശ്രീദേവി ബോണിയെ സ്‌നേഹിച്ചു തുടങ്ങി. താന്‍ പലകുറി നിരാകരിച്ചിട്ടും അസ്വസ്ഥനാകാതെ വര്‍ഷങ്ങളായി തനിക്കു വേണ്ടി കാത്തിരിക്കുന്ന ഒരാള്‍ എന്നതും ശ്രീയുടെ മനസിനെ സ്പര്‍ശിച്ചു.
രണ്ടാം വരവിലും തിളങ്ങി
വിവാഹശേഷം 15 വര്‍ഷത്തോളം അഭിനയരംഗത്തു നിന്നും മാറി നിന്ന ശ്രീദേവി ഒടുവില്‍ ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന സിനിമയിലുടെ തിരിച്ചുവരവ് നടത്തി. രണ്ടാം വരവില്‍ അവരെ ഏറ്റവുമധികം ഭയപ്പെടുത്തിയ ഒന്ന് പ്രായം നേരിയ തോതിലാണെങ്കിലും ശരീരത്തെ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവാണ്. തന്റെ രൂപഭംഗിക്ക് ഇടിവ് സംഭവിച്ചു തുടങ്ങി എന്ന തോന്നല്‍ അവരെ ഡിപ്രഷനിലേക്ക് നയിച്ചതായും കേട്ടു. ഒരു വേദിയില്‍ കയറി നാലാളുകള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ രണ്ട് വാക്ക് പറയാന്‍ കഴിയാത്ത വിധം ധൈര്യം നഷ്ടപ്പെട്ട ഒരു സ്ത്രീയായി അവര്‍ മാറിയതായും രാം ഗോപാല്‍ വര്‍മ അടക്കം പലരും അക്കാലത്ത് നിരീക്ഷിച്ചിരുന്നു.
ചെറുപ്പകാലത്ത് പോലും നിരവധി തവണ കോസ്മറ്റിക് സര്‍ജറികള്‍ നടത്തി തന്റെ സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്ന വ്യക്തിയാണ് ശ്രീദേവി. എന്തു തന്നെയായാലും ഏത് പ്രായത്തിലും എന്തൊരു സുന്ദരിയെന്ന് സ്ത്രീപുരുഷഭേദമെന്യേ ആളുകളെക്കൊണ്ട് പറയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കേവലം 54 -ാം വയസ്സിലാണ് ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്.
ദുബായില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടടെ ബാത്ത്‌റൂമില്‍ കയറിയ ശ്രീദേവി ബാത്തിങ് ഡബ്ബില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. വിവാഹപാര്‍ട്ടി കഴിഞ്ഞു വന്ന് മദ്യലഹരിയില്‍ മയങ്ങുകയായിരുന്ന ശ്രീയെ സന്ധ്യാസമയത്ത് ബോണി വിളിച്ചുണര്‍ത്തി പുറത്തേക്ക് പോകാനായി റെഡിയാകാന്‍ ആവശ്യപ്പെട്ടു. അവര്‍ ബാത്ത്‌റൂമിലേക്ക് നടക്കുന്നത് കണ്ടശേഷം അദ്ദേഹം മുറിവിട്ട് പുറത്തിറങ്ങി. ഹോട്ടലിന്റെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ശ്രീദേവിയെ കാത്തിരുന്ന ഭര്‍ത്താവ് ബോണി കപൂര്‍ ഏറെ നേരമായിട്ടും അവരെ കാണാതിരുന്നപ്പോള്‍ പല തവണ ഫോണില്‍ ബന്ധപ്പെടുകയും പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് കണ്ട് റൂമിലേക്ക് ചെന്നപ്പോഴാണ് ബാത്ത്‌റൂമില്‍ മരിച്ചു കിടന്ന ശ്രീദേവിയെ കണ്ടത്.
മരണത്തിലെ നിഗൂഢതകള്‍
ഈ വേര്‍ഷന്‍ സത്യമാണെങ്കിലും അല്ലെങ്കിലും ബോണി കപൂറിന്റെ പ്രവൃത്തിയില്‍ അസാധാരണത്വം കണ്ടെത്തിയ ചിലര്‍ അക്കാലത്ത് തന്നെ ഇതില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഭാര്യ ബാത്ത്‌റൂമില്‍ കുളിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഭര്‍ത്താവ് റൂമില്‍ വെയ്റ്റ് ചെയ്ത ശേഷം ഒന്നിച്ച് പുറത്തേക്കിറങ്ങുകയാണ് പതിവ്. മുറിയില്‍ ടെലിവിഷനും ഇന്റര്‍നെറ്റും അടക്കം നേരം പോക്കിനുളള എല്ലാ സംവിധാനങ്ങളുമുളളപ്പോള്‍ ബോണി എന്തിന് പുറത്തു പോയി എന്നതായിരുന്നു പ്രധാനചോദ്യം.
ദുബായ് പോലുളള രാജ്യത്തെ ഒരു സെവന്‍സ്റ്റാര്‍ ഹോട്ടലിലെ ബാത്തിങ് ഡബ്ബുകള്‍ സാധാരണ നമ്മുടെ നാട്ടില്‍ കാണുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും കൂടുതല്‍ ആഴമുളളതും അപകടസാധ്യതയുളളതുമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ചും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയും വിധം ശ്രീദേവി മരണസമയത്ത് മദ്യപിച്ചിട്ടുണ്ടെങ്കില്‍ -അതും കണക്കില്‍ കൂടുതല്‍ മദ്യം ഉളളില്‍ ചെന്നിട്ടുണ്ടെങ്കില്‍- നിശ്ചയമായും സമനില നഷ്ടപ്പെട്ട ഒരാള്‍ ഡബ്ബിലെ വെളളത്തില്‍ മുങ്ങിപോകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ അവരുടെ തലയില്‍ കാണപ്പെട്ട മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്ന ചോദ്യം വീണ്ടും ആളുകളെ കുഴയ്ക്കുന്നു.
രണ്ട് സാധ്യതകളാണ് വിലയിരുത്തപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ട ശേഷം ഭര്‍ത്താവ് പിടിച്ചു തളളുകയും ഭാര്യയുടെ തല ഭിത്തിയിലോ ഡബ്ബിന്റെ വശങ്ങളിലോ ചെന്നിടിച്ചതോ ആവാം. ഇതെല്ലാം ദോഷൈകദൃക്കുകളായ ആളുകളുടെ കേവലം അനുമാനങ്ങള്‍ മാത്രമാണെന്നും അത്തരത്തിലൊരു വിദൂര സൂചന പോലും അന്വേഷണങ്ങളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും എക്‌സ്പര്‍ട്ടുകള്‍ പറയുന്നു.
ഒന്നാമത് മരണം സംഭവിച്ചിരിക്കുന്നത് ബാഹ്യമായ ഏതെങ്കിലും ആക്രമണം കൊണ്ടല്ല. ശ്വാസതടസം മൂലമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നും പറയപ്പെട്ടിരുന്നു. എന്തായാലും അന്നും ഇന്നും ശ്രീദേവിയുടെ മരണം സംബന്ധിച്ച് വല്ലാത്ത അവ്യക്തത നിലനില്‍ക്കുന്നു. ഒരു തരം നിഗൂഢത അതിന് പിന്നിലുളളതായി വ്യത്യസ്തമായ മൊഴികളുടെ അടിസ്ഥാനത്തില്‍ പലരും വാദിച്ചു. ഒരുപക്ഷേ അതൊരു സ്വാഭാവിക മരണം മാത്രമാണെങ്കില്‍ കൂടി അത് സംബന്ധിച്ച് ആഴത്തിലുളള അന്വേഷണം ഉണ്ടാവേണ്ടിയിരുന്നു. അത് സംഭവിച്ചില്ല എന്നതും ദുരൂഹമാണ്. സംഭവം ഒരിക്കല്‍ക്കൂടി റീവൈന്‍ഡ് ചെയ്യാം...
സന്ധ്യയ്ക്ക് 7 മണിവരെ റൂമില്‍ ഉറങ്ങുകയായിരുന്നു ശ്രീ. ഗാഢനിദ്രയിലായിരുന്ന അവരെ ബോണി നിര്‍ബന്ധപൂര്‍വം വിളിച്ചുണര്‍ത്തി എണീറ്റ് റെഡിയാകാനും പുറത്ത് പോയി ഭക്ഷണം കഴിക്കാമെന്നും ആവശ്യപ്പെടുന്നു. അത് കേട്ട് എണീറ്റ ശ്രീ ബാത്ത്‌റൂമിലേക്ക് നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു എന്നും ബോണി ഓര്‍ക്കുന്നു. മദ്യപാനത്തിന്റെ ഹാങ്ങോവര്‍ കൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് അദ്ദേഹം കരുതിയത്. എന്തായാലും അത് കാര്യമാക്കാതെ ബോണി മുറിവിട്ട് റിസപ്ഷനിലേക്ക് പോയി.
മദ്യത്തിന്റെ സ്വാധീനം മൂലമാവാം അവര്‍ നിയന്ത്രണം വിട്ട് ബാത്ത്ഡബ്ബിലേക്ക് മറിഞ്ഞു വീണത്. അങ്ങനെയൊരു അവ്‌സഥയിലാണ് ഭാര്യ എന്ന് ബോധ്യമുളള ബോണി എന്തുകൊണ്ട് ഹോട്ടലിന്റെ വിസിറ്റേഴ്‌സ് ഏരിയയില്‍ പോയി കാത്തിരുന്നു എന്ന ചോദ്യം അക്കാലത്ത് പലരും ഉന്നയിച്ചിരുന്നു. ഒരുപക്ഷേ അതിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരുദ്ദേശം ഉണ്ടാവണമെന്നില്ല. ഭാര്യ റെഡിയാകാന്‍ ഏറെ സമയം എടുക്കുമെങ്കില്‍ അതുവരെയുളള വിരസത ഒഴിവാക്കായി അദ്ദേഹം ഒന്ന് പുറത്തേക്കിറങ്ങിയതാവാം. എന്നാല്‍ ഈ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തി തീര്‍ക്കാനുളള ബോധപൂര്‍വമായ ശ്രമം അതിന് പിന്നിലില്ലേ എന്നും സംശയാലുക്കള്‍ ചോദിച്ചിരുന്നു.
തലയിലെ പരുക്ക് ഏത് വിധേന സംഭവിച്ചു എന്നതിനും കൃത്യമായ ഉത്തരം നല്‍കാന്‍ സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ക്കും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനും കഴിഞ്ഞിട്ടില്ല. കാരണം തലയില്‍ മുറിവുണ്ട് എന്നല്ലാതെ എന്തുകൊണ്ട് ഉണ്ടായി എന്ന് പ്രവചിക്കാന്‍ ഇത്തരം പരീക്ഷണ സംവിധാനങ്ങള്‍ക്ക് കഴിയില്ലല്ലോ?
ശ്രീദേവിയുടെ മരണം: അധികൃതര്‍ പറയുന്നത്
ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ശ്രീദേവിയുടേത് അപകടമരണം തന്നെയാണ്. പാര്‍ട്ടിക്ക് പോയ സന്ദര്‍ഭത്തില്‍ അളവില്‍ കവിഞ്ഞ് മദ്യം കഴിച്ച അവര്‍ ബോധരഹിതയായി ബാത്ത് ഡബില്‍ വീണ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. അപ്പോഴത്തെ ഭയപ്പാടില്‍ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത് തീര്‍ത്തും ഒരു മുങ്ങിമരണം മാത്രമാണെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ ഭാഷ്യം. ബാത്തിങ് ഡബ്ബിലേക്ക് ബാലന്‍സ് തെറ്റി വീഴുന്നതിനിടയില്‍ സംഭവിച്ചതാകാം തലയിലെ ആ മുറിവ്.
ദുബായ് പൊലീസിന്റെയും കോടതിയുടെയും അന്വേഷണത്തില്‍ സ്വാഭാവികമെന്ന് സര്‍ട്ടിഫൈ ചെയ്യപ്പെട്ട മരണത്തെ അങ്ങനെ വിശ്വസിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്കു മുന്നിലില്ല. എന്നാല്‍ മരണം സംഭവിച്ച് ഏറെക്കാലത്തിന് ശേഷവും അതില്‍ നിഗൂഢമായി എന്തെങ്കിലുമുണ്ടോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കാലം ബാക്കി വച്ച പഴുതുകളിലുടെ പല മരണങ്ങള്‍ക്കും പിന്നിലെ രഹസ്യങ്ങള്‍ പില്‍ക്കാലത്ത് കണ്ടെത്തിയിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ അതിനുളള സാധ്യതകള്‍ വിരളമാണ്. എങ്കിലും പ്രതീക്ഷിക്കാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. ദൈവം ബാക്കി വച്ച ഒരു തുമ്പ് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടാവാം, ഇല്ലായിരിക്കാം. കാലത്തിനും പ്രപഞ്ചശക്തികള്‍ക്കും മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ഒന്നാണിത്.