പ്രയാഗ വളരെ നല്ല കുട്ടി, വാർത്തകൾ തെറ്റ്: അച്ഛൻ മാർട്ടിൻ
Mail This Article
നടി പ്രയാഗ വളരെ നല്ല കുട്ടിയാണെന്നും തെറ്റായ ആരോപണങ്ങളിലൂടെ മോശക്കാരിയാക്കാൻ ശ്രമിക്കരുതെന്നും നടിയുടെ അച്ഛൻ മാർട്ടിൻ പീറ്റർ. സ്വകാര്യ ഹോട്ടലിൽ പ്രയാഗ എത്തിയെന്നത് സത്യമാണെന്നും എന്നാൽ സുഹൃത്തുക്കളെ കാണാനാണ് പോയതെന്നും മാർട്ടിൻ പറയുന്നു.
പ്രയാഗ നിരപരാധിയെന്നും ആൾക്കൂട്ടത്തിൽ മോശക്കാരനായ ഒരാളുണ്ടെന്ന് എങ്ങനെ അറിയാനാണെന്നും പിതാവ് മാര്‍ട്ടിന്‍ പീറ്റര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ഹോട്ടലിൽ പോയെങ്കിലും ഓം പ്രകാശിനെ കണ്ടിട്ടില്ലെന്നും പ്രയാഗ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങ് ഉളളതിനാൽ ഏഴു മണിക്ക് തന്നെ അവിടെനിന്ന് മടങ്ങി, പ്രയാഗ പറയുന്നു. തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല. എന്നാൽ, തന്നെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ലെന്നും പ്രയാഗ മാർട്ടിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.