‘സല്‍മാന്‍ കൃഷ്ണമൃഗത്തെ കൊലപ്പെടുത്തുമ്പോൾ ബിഷ്ണോയ്ക്ക് വയസ്സ് അഞ്ച്’; വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ
Mail This Article
ലോറന്‍സ് ബിഷ്ണോയ് എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ പേരാണ് ബാബാ സിദ്ദിഖിയുടെ മരണത്തിനു ശേഷം മാധ്യമതലക്കെട്ടുകള്‍ നിറയെ. നടന്‍ സല്‍മാന്‍ ഖാനുമായുള്ള പകയുടെ പേരിലാണ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് സംഘം തന്നെ രംഗത്തെത്തിയിരുന്നു. സല്‍മാനുമായി ബന്ധമുള്ള ആളുകള്‍ക്കെല്ലാം ഇതായിരിക്കും ഗതിയെന്നാണ് സംഘം ഭീഷണിപ്പെടുത്തുന്നത്. ഇതിനിടെ സംഭവത്തിലെ ബിഷ്ണോയ്–സമല്‍മാന്‍ പോരിനെക്കുറിച്ചു തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.
‘‘ബിഷ്ണോയ് സംഘത്തിനു സല്‍മാന്‍ ഖാനുമായുള്ള പക കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതിന്റെ പേരിലാണ്, ആ സംഭവം നടക്കുമ്പോള്‍ 1998ല്‍ ലോറന്‍സ് ബിഷ്ണോയ് വെറും 5 വയസ്സുള്ള കുട്ടിയായിരുന്നു. പിന്നെ 25 വര്‍ഷത്തോളം ബിഷ്ണോയ് തന്റെ പക നിലനിര്‍ത്തി, ഇപ്പോള്‍ 31ാം വയസ്സില്‍ ആ മാനിനെ കൊന്നതിനു പ്രതികാരം ചെയ്യാന്‍ സല്‍മാന്‍ ഖാനെ കൊല്ലുക എന്നതാണ് ജീവിതലക്ഷ്യമെന്ന് പറയുന്നു. ഇത് യഥാർഥത്തില്‍ മൃഗസ്നേഹം കൊണ്ടാണോ അതോ വെറുമൊരു തമാശയാണോ?’’ എന്ന ചോദ്യമാണ് ആര്‍ജിവി ഉയര്‍ത്തുന്നത്.
അതേസമയം സല്‍മാന്‍ ഖാനുമായി ബന്ധമുള്ളതുകൊണ്ടാണ് എന്‍സിപി നേതാവ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നും സര്‍ക്കാറിന്റെ സംരക്ഷണയില്‍ ആണ് പ്രതികളെന്നും രാംഗോപാല്‍ വര്‍മ നേരത്തേ പറഞ്ഞിരുന്നു. പ്രതികളുടെ വക്താക്കളെല്ലാം വിദേശത്തു നിന്നാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഈ സംഭവം നാളെ ഒരു സിനിമയാക്കിയാല്‍ അയാളെ ഇവര്‍ നശിപ്പിക്കുമെന്നും ആര്‍ജിവി പറയുന്നു. അത്രത്തോളം അവിശ്വസനീയവും പരിഹാസ്യവുമായ തരത്തിലാണ് കാര്യങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു.
ബോളിവുഡ് താരം സൽമാൻ ഖാൻ ഉൾപ്പെട്ട കുപ്രസിദ്ധമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് 1998-ൽ രാജസ്ഥാനിൽ ‘ഹം സാത്ത്-സാത്ത് ഹേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്നത്. കൃഷ്ണമൃഗത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്ണോയ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും, 31 കാരനായ ലോറൻസ് ബിഷ്‌ണോയ് സൽമാൻ ഖാനെതിരെയുള്ള കടുത്ത നീരസം പരസ്യമാക്കിയിരുന്നു. 2018ൽ ജോധ്പൂരിൽ കോടതിയിൽ ഹാജരായപ്പോൾ സല്‍മാന്‍ ഖാനെ കൊല്ലുമെന്നും സംഘം വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ സല്‍മാന്‍ ഖാനു നേരെ കൊലപാതക ശ്രമം ഉണ്ടായിരുന്നു. നേരത്തേയും ആര്‍ജിവി ഈ സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
‘‘ഗുണ്ടാസംഘമായി മാറിയ ഒരു വക്കീൽ ഒരു സൂപ്പർസ്റ്റാറിനെ കൊന്ന് മാനിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു, താരത്തിന്റെ അടുത്ത സുഹൃത്തായ ഒരു വലിയ രാഷ്ട്രീയക്കാരനെ കൊല്ലാന്‍ ഫെയ്സ്ബുക്കിലൂടെ റിക്രൂട്ട്മെന്റ് നടത്തി’’ എന്നായിരുന്നു ആദ്യ പോസ്റ്റ്.
ബിഷ്ണോയ് സംഘത്തിന്റെ പകയുമായി ബന്ധപ്പെടുത്തിയൊരു ചിത്രം ആർജിവിയിൽ നിന്നും ഉടൻ ഉണ്ടാകും എന്നാണ് പ്രേക്ഷകർ പറയുന്നത്.