‘ബസൂക്ക’ ഈ വർഷം അവസാനമോ?; വരുന്നത് മൈൻഡ് ഗെയിം ത്രില്ലർ
Mail This Article
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബസൂക്ക’ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രം ഈ വർഷം അവസാനമോ ജനുവരി 26നോ തിയറ്ററുകളിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞ വിവരം. അതേസമയം ചിത്രത്തിന് റിഷൂട്ട് വേണമെന്ന വാർത്ത തെറ്റാണെന്നും അണിയക്കാർ വ്യക്തമാക്കുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്ക മൈൻഡ് ഗെയിം ത്രില്ലർ ഗണത്തിൽപെട്ട സിനിമയാണ്. ചിത്രത്തിന്റെ ടീസർ ആരാധകരുടെ ഇടയിൽ തരംഗമായി മാറിയിരുന്നു. മമ്മൂട്ടിയുടെ ഗംഭീര ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ടീസറിൽ നിറഞ്ഞു നിൽക്കുന്നു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്. വിഎഫ്എക്സ് രംഗങ്ങള്‍ അധികം വേണ്ടിവരുന്നതുകൊണ്ട് സമയമെടുത്താണ് ടീം പ്രവർത്തിക്കുന്നത്.
ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ‘ബസൂക്ക’. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നു ചിത്രം നിർമിക്കുന്നു. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്കു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.
സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ബസൂക്കയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവി ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: നിഷാദ് യൂസഫ്.
സുഷിൻ ശ്യാമിന്റെ സഹായായിരുന്ന സയീദ് അബ്ബാസ് ആണ് സിനിമയുടെ ബിജിഎം നിർവഹിക്കുന്നത്. സംഗീതം മിഥുൻ മുകുന്ദൻ.