ADVERTISEMENT

ലൈംഗികാരോപണ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി നടൻ നിവിൻ പോളി. ആരോപണം നേരിട്ടപ്പോൾ മുതൽ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ സമൂഹമാധ്യമ പോസ്റ്റ്. ‘എന്നിലർപ്പിച്ച വിശ്വസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി,’ നിവിൻ കുറിച്ചു. 

സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. ഈ കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം. 

എന്നാൽ, കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു റിപ്പോർട്ട് സമര്‍പ്പിച്ചത്. 

കൃത്യം ചെയ്തു എന്ന് അതിജീവിത തന്റെ മൊഴികളിൽ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിൻ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നെന്നാണു റിപ്പോർട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ഡിവൈഎസ്പി ടി.എം.വർഗീസാണ് റിപ്പാർട്ട് നൽകിയത്. 

2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്. എന്നാൽ യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. യുവതി പരാതിയുമായി വന്നതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തി. വാർത്ത പുറത്തുവന്ന രാത്രി തന്നെ നിവിൻ പോളി വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

English Summary:

Nivin Pauly expresses heartfelt gratitude after being cleared of sexual assault charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com