‘ഉറക്കത്തിൽ എന്നെ രക്ഷിക്കാൻ വരുന്നത് ലാലേട്ടനും രാജുവേട്ടനും’; വിചിത്രമായ സ്വപ്നങ്ങളെക്കുറിച്ച് നവ്യ നായർ
Mail This Article
ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നവ്യ നായർ. ചെറുപ്പം മുതലെ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതിൽ കൂടുതലും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെന്നും നവ്യ പറയുന്നു. പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ കാരണം ശരിയായി ഉറങ്ങാൻ കഴിയാറില്ല. ഇങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് തന്റെ തുറന്നുപറച്ചിൽ സഹായകരമായേക്കും എന്നു കരുതിയാണ് വ്ലോഗിൽ ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് നവ്യ പറഞ്ഞു.
നവ്യയുടെ വാക്കുകൾ: "പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ് പലപ്പോഴും ഉറങ്ങുക. ചിലപ്പോൾ ഞെട്ടി ഉണരും. മുഖം കഴുകി വീണ്ടും കിടന്നാൽ ചിലപ്പോൾ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം, പിന്നെ ഉറങ്ങില്ല. വെളുപ്പിന് രണ്ടു മണിക്കാണ് ഇങ്ങനെ എഴുന്നേൽക്കുന്നതെങ്കിൽ ഞാൻ പിന്നെ ഉണർന്നു തന്നെ ഇരിക്കും. എന്തെങ്കിലും വായിച്ചോ അല്ലെങ്കിൽ മൊബൈലിൽ എന്തെങ്കിലും കണ്ടോ സമയം കളയും. കാരണം, പിന്നെ, എനിക്ക് ഉറങ്ങാൻ പേടിയാണ്. വെളിച്ചം വന്നാലെ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റൂ. അപ്പോൾ പേടിയില്ല. ഇരുട്ടു മാറി എന്നൊരു തോന്നലാണ്."
ഉറക്കത്തിൽ കാണാറുള്ള പല വിചിത്ര സ്വപ്നങ്ങളും നവ്യ വിശദമായി തന്നെ ആരാധകരോട് പങ്കുവയ്ക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ‘ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കൽപിക ലോകത്ത് ഞാൻ അകപ്പെട്ടിരിക്കുകയാണ്. ഞാൻ, അമ്മ, അച്ഛൻ, പിന്നെ ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറമാൻ പി.സുകുമാർ എന്നിവരൊക്കെയുണ്ട് അവിടെ. ഒരു പ്രത്യേകതരം ജീവിയുണ്ട് അവിടെ. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവൻ കുമിളകളുള്ള ജീവിയാണ്. അതു വായ തുറക്കുമ്പോൾ ത്രികോണ ആകൃതിയിൽ പല്ലു കാണാം. കണ്ടാൽ പിശാചിനെ പോലെ തോന്നും. ഈ ഡെവിൾ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടൻ (പി.സുകുമാർ), രാജു ചേട്ടൻ (പൃഥ്വിരാജ്), ലാലേട്ടൻ (മോഹൻലാൽ) എന്നിവരൊക്കെ വരും. പറയുമ്പോൾ കോമഡിയാണ്. പക്ഷേ, സ്വപ്നത്തിൽ കാണുമ്പോൾ പേടി തോന്നും,’ നവ്യ പറഞ്ഞു.
ഇത്തരം പ്രശ്നങ്ങളെ ലഘൂകരിക്കാൻ ചില മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും നവ്യ വെളിപ്പെടുത്തി. ‘ഇപ്പോൾ ഒറ്റയ്ക്കു കിടക്കുന്നത് നിർത്തി. മകനൊപ്പം 10നും 10.15നും ഇടയിൽ കിടക്കും. രാവിലെ നേരത്തെ എണീക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വപ്നം കാണൽ ഇല്ലാതായിട്ടില്ല. പക്ഷേ, സ്വപ്നത്തിൽ നിന്ന് പെട്ടെന്ന് ഉണരാൻ കഴിയുന്നുണ്ട്. കൂടാതെ, പിന്നീട് ഉറങ്ങുമ്പോൾ ബാക്കി സ്വപ്നം കാണുന്നുമില്ല,’ നവ്യ പറഞ്ഞു.