‘10 വർഷം മുമ്പ് ആഗ്രഹിച്ചു, നിനക്കും ഒരുപാട് കുഞ്ഞുങ്ങൾക്കുമൊപ്പം ഒരു ജീവിതം’
Mail This Article
കോപ്പിറൈറ്റ് തർക്കം കാരണം ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ചേർക്കാൻ കഴിയാതെപോയ പാട്ടിന്റെ വരികൾ പാടി നയൻതാരയ്ക്കായ് പങ്കുവച്ച് ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ. നയൻതാര അഭിനയിച്ച് വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ പാട്ടുകളും സീനുകളും നിർമാതാവായ ധനുഷ് അനുവാദം കൊടുക്കാത്തത് മൂലം നെറ്റ്ഫ്ലിക്സ് നിർമിച്ച ഡോക്യൂമെന്ററിയിയിൽ ചേർക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നയൻ താരയുടെ പിറന്നാൾ ദിവസം പാട്ടിന്റെ വരികൾ പാടി നയൻതാരയുടെയും കുട്ടികളുടെയും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേശ്.
നയൻതാര തന്റെ ജീവിതത്തിൽ വന്നതിനു ശേഷം അവളുടെ ഹൃദയത്തെപ്പോലെ തന്നെ തന്റെ ജീവിതവും മനോഹരമായിത്തീർന്നുവെന്നും തന്നെ പ്രചോദിപ്പിക്കുന്ന നയൻതാരയുടെ വ്യക്തിത്വത്തെ താൻ എന്നും ആരാധിച്ചുകൊണ്ടിരിക്കുമെന്നുമുള്ള കുറിപ്പും വിഘ്‌നേശ് ശിവൻ പങ്കുവച്ചിട്ടുണ്ട്.
‘‘സ്നേഹം ഉണ്ടെങ്കിൽ നമുക്ക് മറ്റൊന്നും ആവശ്യമില്ല. സ്നേഹം എന്താണെന്ന് എനിക്ക് കാണിച്ചുതന്നതിന് നന്ദി! നിന്റെ മുഖം, ഹൃദയം, പെരുമാറ്റം, നമ്മൾ കണ്ടുമുട്ടിയതിന് ശേഷമുള്ള നിന്റെ ജീവിതത്തിലെ ഓരോ മിനിറ്റും എന്റെ പ്രിയപ്പെട്ടവൾ എനിക്കായി സമർപ്പിച്ചിരിക്കുന്നു. നിന്നെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല. നയൻ, എന്റെ തങ്കമേ, നിനക്കല്ലാതെ ആർക്കാണ് ഇത്ര ശുദ്ധമായും ആഴത്തിലും സ്നേഹിക്കാൻ കഴിയുക.
ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധയായ, ശക്തയായ, ബഹുമാനം അർഹിക്കുന്ന, ദയാലുവായ വ്യക്തിയാണ് നീയെന്നതാണ് നിന്നെ അതുല്യയാക്കി മാറ്റുന്നത്. എന്നെ എന്നും പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് നീ, നിന്നെ ഞാൻ എന്നെന്നും ആരാധിച്ചുകൊണ്ടിരിക്കും. ഞാൻ നിന്നെ നോക്കുന്ന രീതിയിലും നിന്നെ സ്നേഹിക്കുന്ന രീതിയിലും എല്ലാം അത് പ്രതിഫലിച്ചുകൊണ്ടിരിക്കും. നിന്നെ കണ്ടുമുട്ടിയതിന് ശേഷം എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും നിന്റെ ഹൃദയം പോലെ മനോഹരമായിരുന്നു.
10 വർഷങ്ങൾക്ക് മുമ്പ് നമ്മൾ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞത് മുതൽ ഞാൻ ആഗ്രഹിച്ചത് നിന്റെ കൂടെ ഒരു ജീവിതകാലം മുഴുവൻ ഏറെ സന്തോഷത്തോടെ, ഒരുപാട് കുഞ്ഞുങ്ങളോടൊപ്പം, ചുറ്റും ഒരുപാട് നല്ല ആളുകളുമായി ഒരുപാട് പോസിറ്റിവിറ്റി നിറഞ്ഞ അദ്ഭുതകരമായ നിമിഷങ്ങൾക്ക് വേണ്ടിയായിരുന്നു. നമ്മുടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കിക്കൊണ്ടാണ് നമ്മൾ ഇവിടെ വരെ എത്തിയിരിക്കുന്നത്. ഒപ്പം നെറ്റ്ഫ്ലിക്സ് പോലുള്ള ഒരു ഗ്ലോബൽ പ്ലാറ്റ്‌ഫോമിൽ നമ്മുടെ അനുഗ്രഹീതമായ ജീവിതത്തിന്റെ നല്ലൊരു ഭാഗം എത്തുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സംതൃപ്തിയും സന്തോഷവും തോന്നുന്നു.
ഏവർക്കും അറിയാവുന്ന ചില കാരണങ്ങളാൽ ഡോക്യുമെന്ററിയുടെ ഭാഗമാക്കാൻ കഴിയാത്ത ഞാനെഴുതിയ മനോഹരമായ വരികളുണ്ട്. ഇത് നെറ്റ്ഫ്ലിക്സിൽ ഇല്ല എന്നത് വേദനാജനകമാണ്. പക്ഷേ, ലോകം നമുക്ക് നൽകിയിട്ടുള്ള മറ്റെല്ലാ പ്ലാറ്റ്ഫോമുകളിലൂടെ ഈ വരികൾക്ക് ആളുകളിലേക്ക് എത്തിച്ചേരാനാകും. എന്നെങ്കിലുമൊരു നല്ല ദിവസം നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് ലോകം ശരിക്കും മനസ്സിലാക്കും. ആ ദിവസം ഉടനെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നിങ്ങൾ കണ്ടിട്ടില്ലാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട വരികളുടെ ഒരു പതിപ്പ് ഇതാ. കോപ്പിറൈറ്റ് പ്രശ്‌നങ്ങൾ കാരണം ഡോക്യൂമെന്ററിയിൽ ചേർക്കാൻ കഴിയാത്ത വരികളുടെ ഒരു വോയ്‌സ് ഓവർ പതിപ്പാണിത്, പക്ഷേ നിനക്കായി ഞാനിതിവിടെ പങ്കുവയ്ക്കുന്നു, എന്റെ ഉയിർ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.’’ വിഘ്‌നേശ് ശിവൻ കുറിച്ചു.