ADVERTISEMENT

വിവാഹമോചനത്തിനു ശേഷം നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻതാരം സമാന്ത റൂത്ത് പ്രഭു. വിവാഹമോചിത ആയതിനു ശേഷം പലതരം മോശം കമന്റുകൾ കേൾക്കേണ്ടി വന്നുവെന്നും മാനസികമായും ശാരീരകമായും തകർന്നു പോയെന്നും സമാന്ത വെളിപ്പെടുത്തി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.  

വിവാഹമോചിതയായ സ്ത്രീയുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ്. സമൂഹവും ചുറ്റുമുള്ള മനുഷ്യരും പലപ്പോഴായി പറഞ്ഞ അഭിപ്രായങ്ങളെല്ലാം വളരെയേറെ വേദനിപ്പിച്ചുവെന്ന് സമാന്തപറയുന്നു. വിവാഹമോചനത്തിനു ശേഷം ഒരുവിധത്തിൽ ജീവിതത്തിൽ സമാധാനം വീണ്ടെടുത്തതിന് തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മയോസൈറ്റീസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗത്തെ തിരിച്ചറിഞ്ഞതെന്നും താരം വെളിപ്പെടുത്തി. 

സമാന്തയുടെ വാക്കുകൾ: "വിവാഹമോചനത്തിന് ശേഷം പലതരം മോശം കമന്റുകൾ ഞാൻ കേട്ടിട്ടുണ്ട്. 'സെക്കൻഡ് ഹാൻഡ്', 'പാഴായ ജീവിതം' എന്നൊക്കെയാണ് ചിലർ എന്നെ വിശേഷിപ്പിച്ചത്. നിങ്ങൾ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു, നിങ്ങൾ ഒരു പരാജിതയാണെന്ന് സ്വയം തോന്നണം. ഒരിക്കൽ വിവാഹിതയായിരുന്നു, ഇപ്പോൾ അല്ല എന്ന കാരണത്താൽ കുറ്റബോധം അനുഭവിക്കണം. നാണക്കേടുകൊണ്ട് തല താഴ്ത്തണം എന്നൊക്കെയാണ് സമൂഹം നിർബന്ധിച്ചിരുന്നത്. വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന പെൺകുട്ടികളും കുടുംബവും ഇതെല്ലം അനുഭവിച്ചുകാണും എന്ന് ഞാൻ മനസിലാക്കുന്നു."

ആദ്യ വിവാഹത്തിന് അണിഞ്ഞ വെള്ളനിറത്തിലെ ഗൗൺ, നിറവും സ്റ്റൈലും മാറ്റി മറ്റൊരു അവസരത്തിൽ അണിഞ്ഞ സാഹചര്യം ഉണ്ടായപ്പോൾ ശരിക്കും വിഷമിച്ച അവസ്ഥയും സാമന്ത പങ്കുവച്ചു. 

'വളരെ കഷ്ടപ്പെട്ടാണ് ആ തീരുമാനം എടുത്തത്. ഒരുപാടു വേദനിച്ചു. അതുകൊണ്ടാണ് കല്യാണ ഉടുപ്പിനു മേക്കോവർ നൽകാമെന്നു ഞാൻ കരുതിയത്. ഞാൻ വിവാഹമോചിതയാണ്. ജീവിതം സുന്ദരമായ മുത്തശ്ശിക്കഥല്ല. എന്നു കരുതി ഞാൻ അത് ആലോചിച്ച് ഒരു മൂലയിൽ ഇരുന്നു കരഞ്ഞു കളയാൻ ഉദ്ദേശിക്കുന്നുമില്ല,' സമാന്ത വ്യക്തമാക്കി. 

‘വിവാഹമോചനം സംഭവിച്ചു. അത് മറച്ചുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതം അവസാനിച്ചിട്ടുമില്ല. ഇപ്പോൾ ഞാൻ അതെല്ലാം അതിജീവിച്ചുകഴിഞ്ഞു. ഞാൻ ഒരുപാട് വളർന്നു. വളരെ നല്ല മനുഷ്യർക്കൊപ്പം ഗംഭീര ജോലികൾ ചെയ്തു. ജീവിതത്തിന്റെ ഭാവിയെയാണ് ഞാൻ ഇപ്പോൾ ഉറ്റുനോക്കുന്നത്,’ സാമന്ത കൂട്ടിച്ചേർത്തു.

വിവാഹം ചെയ്തു നാലു വർഷങ്ങൾ പൂർത്തിയാക്കും മുൻപാണ് നാഗചൈതന്യയും സമാന്ത റൂത്ത് പ്രഭുവും ബന്ധം വേർപെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ദമ്പതികൾ അവരുടെ വിവാഹമോചനവാർത്ത പരസ്യമാക്കിയത്. സമൂഹമാധ്യമത്തിൽ ഒരുപാട് ആരാധകരുള്ള ദമ്പതിമാരായിരുന്നു സമാന്തയും നാഗചൈതന്യയും. ഇരുവരുടെയും വിവാഹമോചനവാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.

English Summary:

Samanta Ruth Prabhu about her divorce and revival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com