‘മോഹൻലാലിനെ കാണാൻ എത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു’
Mail This Article
മലയാളത്തില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്. ആയിരം വാക്ക് പറഞ്ഞാല്‍ അരക്കാണി തൂങ്ങില്ല. തത്ത്വവും ആദര്‍ശങ്ങളും പറയാന്‍ എളുപ്പമാണ്. പ്രാവര്‍ത്തികമാക്കാനാണ് പ്രയാസം. സഹസ്രകോടികളുടെ അഴിമതികളില്‍ മുങ്ങിനിവര്‍ന്ന ഒരു നേതാവ് തുടര്‍ച്ചയായി പല വേദികളില്‍ പ്രസംഗിക്കുന്നത് കേട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല പോലും. കോടികള്‍ വെട്ടിക്കുന്നയാള്‍ ആയിരങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്. ഈ ജനുസിലുളള ധാരാളം പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. ബിഎംഡബ്ലുവിലും ബെന്‍സിലും സഞ്ചരിച്ചുകൊണ്ട് ലളിതജീവിതത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നവരുടെ നാടാണ് കേരളം. കാപട്യത്തിന്റെ മുഖങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാട്. ഇവിടെ പ്രണവ് മോഹന്‍ലാല്‍ എന്നൊരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ തന്നെ വിശ്വസിക്കാന്‍ പ്രയാസം. അതിപ്രശസ്തനായ പിതാവിന്റെ ഏകപുത്രനായി സഹസ്രകോടികളുടെ ആസ്തിക്ക് നടുവില്‍ ജനിച്ചു വളര്‍ന്ന ഒരു യുവാവിന് ഇങ്ങനെ ജീവിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് പലരും അദ്ഭുതപ്പെടാറുണ്ട്. പക്ഷേ അങ്ങനെയും ജീവിക്കാനാവുമെന്ന് അപ്പു (പ്രണവിന്റെ ചെല്ലപ്പേര്) തെളിയിച്ചത് ജീവിതം കൊണ്ട് തന്നെയാണ്.
താരപുത്രന്‍മാര്‍ തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് ലഭിച്ച സ്വപ്നുതുല്യമായ പ്രശസ്തിയില്‍ അഭിരമിച്ച് പിന്‍തുടര്‍ച്ചാവകാശത്തിനായി അഹോരാത്രം പ്രയത്‌നിക്കുമ്പോള്‍ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ചാല്‍ പോലും അഭിനയിക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറുന്നതാണ് അപ്പുവിന്റെ ശീലം. സിനിമ എന്നല്ല കണ്ണഞ്ചിക്കുന്ന ഒന്നും ആ മനസിലില്ല. ഒരു അവധൂതനെ പോലെ അജ്ഞാത ദേശങ്ങളിലുടെ അലഞ്ഞു നടക്കുക. അങ്ങനെ ലോകത്തെയും ഒപ്പം അവനവനെ തന്നെയും കണ്ടെത്തുക. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിന്താധാരയുടെ ഉടമ.
പ്രണവിന്റെ വ്യക്തിത്വത്തെ അടുത്തറിയാന്‍ ഉപകരിക്കുന്ന രണ്ട് ഉദാഹരണങ്ങള്‍ കൂടി പറയാം. കുറച്ചുനാള്‍ സംവിധായകന്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി അദ്ദേഹം ജോലി ചെയ്തിരുന്നു. അന്ന് മോഹന്‍ലാലിന്റെ മകന്‍ എന്ന പരിഗണനയില്‍ എസി റൂം അടക്കം ഉയര്‍ന്ന സൗകര്യങ്ങള്‍ അപ്പുവിനായി ഒരുക്കി. എന്നാല്‍ അദ്ദേഹം അതെല്ലാം സ്‌നേഹപൂര്‍വം നിരസിച്ചു. തനിക്കൊപ്പമുളളവര്‍ക്ക് ലഭിക്കുന്ന അതേ പരിമിതമായ സൗകര്യം മാത്രം തനിക്കും നല്‍കിയാന്‍ മതിയെന്നും ഒരു സാധാരണ സഹസംവിധായകനാണ് താനിവിടെയെന്നും അദ്ദേഹം വാദിച്ചു.
സെറ്റില്‍ എല്ലാവര്‍ക്കുമൊപ്പം ഒതുങ്ങി നിന്ന് സ്വന്തം ജോലികള്‍ ചെയ്തു. മോഹന്‍ലാലിന്റെ മകന്‍ എന്ന ആനുകൂല്യം ഒരിടത്തും അദ്ദേഹം മുതലെടുത്തില്ല. പ്രണവ് എന്നതായിരുന്നു അദ്ദേഹത്തിന്റെ മേല്‍വിലാസം. അമിതമായ ആഗ്രഹങ്ങളോ ആസക്തികളോ ഇല്ലാതെ ജീവിതത്തെ നിര്‍മമതയോടെ അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍. ഒരു ദിവസം പ്രണവ് തന്റെ ബോസായ ജിത്തുവിനോട് ജോലി ചെയ്ത വകയില്‍ കിട്ടാനുളള കുറച്ച് പൈസ അത്യാവശ്യമായി ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ ഒരു പുസ്തകം ഇറക്കാനാണത്രെ. മാതാവിനോ പിതാവിനോ ഒരു മെസേജ് അയച്ചാല്‍ കോടികള്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാന്‍ സാഹചര്യമുളളയാളാണ് കേവലം പതിനായിരങ്ങള്‍ക്ക് തന്റെ അദ്ധ്വാന ഫലത്തെ ആശ്രയിക്കുന്നത്. ഈ മാന്യതയാണ് പ്രണവിന്റെ മഹത്വം.
പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ബാല്യകാലസുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുളള അടുപ്പം ഏറെ പ്രസിദ്ധവുമാണ്. ഇവര്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പ് വീരന്‍മാര്‍ പലകുറി എഴുതി. കുട്ടികള്‍ തമ്മില്‍ അങ്ങനെയൊരു ബന്ധം ഉണ്ടായാല്‍ പോലും അതില്‍ സന്തോഷിക്കുമെന്ന് പ്രിയദര്‍ശന്‍ പിന്നീട് തുറന്ന് പറയുകയുണ്ടായി. എന്നാല്‍ പ്രണവിനെ അടുത്തറിയുന്ന കല്യാണി അപ്പോഴും ആവര്‍ത്തിച്ചു. ഞങ്ങള്‍ രണ്ട് നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. അപ്പുവിന് ഞാന്‍ സഹോദരിയെ പോലെയാണ്.
പ്രണവ് ഇങ്ങനെയൊക്കെയാണ് പരമ്പരാഗത ധാരണകളുടെയും ചിന്താഗതികളുടെയും ജീവിതശൈലികളുടെയും സ്ഥിരം കളങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യന്‍. ആഡംബരങ്ങളും ആര്‍ഭാടങ്ങളും സമ്പന്നതയും പദവികളും പ്രശസ്തിയുമൊന്നും അദ്ദേഹത്തെ മോഹിപ്പിക്കുന്നില്ല. അടിസ്ഥാനപരമായി അതിലൊന്നും അർഥമില്ലെന്ന് വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ ഒരാള്‍.
കയ്യിലുണ്ടെന്ന് നാം വൃഥാ അഹങ്കരിക്കുന്നതൊക്കെയും മിഥ്യയാണെന്ന് പ്രണവിനറിയാം. ഒരു ശ്വാസത്തില്‍ അവസാനിക്കാവുന്ന നേട്ടങ്ങളേയുളളു മനുഷ്യന് മുന്നില്‍. ആരും ഒന്നും കൊണ്ടുപോകുന്നില്ല. സ്വന്തമെന്ന് പറയാനും ഒന്നുമില്ല. താത്കാലിക സൂക്ഷിപ്പുകാര്‍ മാത്രമായി ഒരു നൈമിഷിക ജീവിതം. ഋഷിവര്യന്‍മാര്‍ പോലും ഭൗതിക മോഹങ്ങളില്‍ അഭിരമിക്കുന്ന കാലത്ത് നിര്‍മമതയോടെ ജീവിതത്തെ നോക്കി കാണാന്‍ കഴിയുന്ന പ്രണവിനെ ഏത് വാക്ക് കൊണ്ടാണ് നാം വിശേഷിപ്പിക്കുക? സ്വയം അറിയുക, ജീവിതത്തെയും ചുറ്റുപാടുകളെയും അറിയുക. അതിലും വലിയ എന്ത് തിരിച്ചറിവാണ് മനുഷ്യന് വേണ്ടത്. ആ വിവേചന ശേഷിയുടെ പേരാണ് മലയാളിക്ക് പ്രണവ് മോഹന്‍ലാല്‍.
ബാലതാരമായും നായകനായും തിളങ്ങി, എന്നിട്ടും..
2002 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനിലൂടെ ബാലതാരമായാണ് പ്രണവിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലമായിരുന്നു അവതരിപ്പിച്ചത്. ലാലിനെ സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ സംവിധാനം ചെയ്ത തമ്പിയുടെ പടത്തിലുടെ തന്നെയായിരുന്നു പ്രണവിന്റെയും അരങ്ങേറ്റം എന്നത് കാലത്തിന്റെ യാദൃശ്ചികതയാവാം. അതേ വര്‍ഷം തന്നെ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലുടെ മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കി.
പിന്നീട് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുന്നത്. മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കിയിലെ അതിഥിവേഷം. തുടര്‍ന്ന് പാപനാശം (ദൃശ്യത്തിന്റെ തമിഴ് റീമേക്ക്) , ലൈഫ് ഓഫ് ജോസൂട്ടി എന്നീ ജിത്തു ജോസഫ് സിനിമകളില്‍ സഹസംവിധായകന്റെ കുപ്പായം. 2018 ല്‍ ആദി എന്ന ആക്ഷന്‍ ചിത്രത്തിലുടെ നായകനായി അരങ്ങേറ്റം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വീണ്ടും നായകന്‍. എന്നാല്‍ ആദ്യചിത്രത്തിന്റെ വിജയം രണ്ടാമത് സംഭവിച്ചില്ല.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ വീണ്ടും അതിഥിവേഷം. 2020 ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ നായകനായി അതിശക്തമായ തിരിച്ചുവരവ്. ചിത്രം സൂപ്പര്‍ഹിറ്റ്.വിനീതിന്റെ തന്നെ വർഷങ്ങൾക്കു ശേഷം ആയിരുന്നു ഒടുവിൽ അഭിനയിച്ച ചിത്രം. ഇതിനിടയില്‍ പ്രണവിനെ നായകനാക്കി സിനിമകള്‍ ചെയ്യാന്‍ നിരവധി സംവിധായകരും നിര്‍മാതാക്കളും മോഹക്കുപ്പായവും തുന്നി തിരക്കഥകളുമായി കയറിയിറങ്ങിയെങ്കിലൂം അദ്ദേഹം ആര്‍ക്കും പിടികൊടുത്തില്ല. സിനിമയുടെ ബഹളമയമായ ലോകത്തിലെ നേര്‍ച്ച ക്കോഴിയാകാനുളളതല്ല തന്റെ ജീവിതമെന്ന് തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു തുടര്‍നീക്കങ്ങള്‍.
ആരും കാണാത്ത ഇടങ്ങളിലേക്ക് ഏകനായി സഞ്ചരിച്ചും കാണുന്നിടത്ത് കിടന്നുറങ്ങിയും കിട്ടുന്ന ഭക്ഷണം കഴിച്ചും ജീവിച്ചു. ഏകാന്തയാത്രകളിലും ലളിത ജീവിതത്തിലും സുഖം കണ്ടെത്തി. പണ്ട് താനും ഇതൊക്കെ ആഗ്രഹിച്ചിട്ടുണ്ടെന്നും തനിക്ക് സാധിക്കാത്തത് അവനെങ്കിലും കഴിയട്ടെയെന്ന് മനസാ ആശംസിക്കുന്ന മോഹന്‍ലാലിനെ നാം അഭിമുഖങ്ങളില്‍ കണ്ടു. വിചിത്രമായ ഒരു അവസ്ഥാ വിശേഷത്തില്‍ പലരും അദ്ഭുതപ്പെട്ടു. ആര് എന്ത് വിചാരിച്ചാലും തനിക്ക് വൈയക്തികമായി സന്തോഷം പകരുന്ന കാര്യങ്ങളിലാണ് തന്റെ ജീവിതം കുടികൊളളുന്നതെന്ന് പ്രണവ് വിശ്വസിച്ചു. ആ ധാരണയെ പിന്‍തുടര്‍ന്നു. പലരും തിയറ്ററിലെ കയ്യടികള്‍ക്കായി രാപ്പകല്‍ ഉറക്കമിളച്ചപ്പോള്‍ പ്രണവ് ആത്മാവിന്റെ കയ്യടികള്‍ കേട്ടു.ആത്മസുഖമായിരുന്നു ഈ മനുഷ്യന്റെ ലക്ഷ്യം. മാര്‍ഗവും...34 വയസ്സിനുളളില്‍ മോഹന്‍ലാല്‍ ലോകം വെട്ടിപ്പിടിച്ചപ്പോള്‍ ഈ പ്രായത്തില്‍ പ്രണവ് നേടിയത് സ്വന്തം മനസിന്റെ വിളികള്‍ക്കൊപ്പം ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച മനുഷ്യന്‍ എന്ന പേരാണ്. പ്രണവിന് അത് മതിയായിരുന്നു. അത് മാത്രം..
ആടുകളെ മേയ്ക്കുന്ന അപ്പു
അടുത്തകാലത്ത് അപ്പു എവിടെ എന്ന് അന്വേഷിച്ചവര്‍ക്ക് ലഭിച്ച മറുപടി അദ്ദേഹം സ്‌പെയിനിലാണ് എന്നതാണ്. അവിടെ ഒരു ഗ്രാമത്തില്‍ ആടുകളെ മേയ്ക്കലാണ് ജോലി. ശമ്പളം ഭക്ഷണവും താമസൗകര്യവും മാത്രം. അഭിനേതാവായും നിര്‍മാതാവായും കോടികള്‍ കൊയ്യുന്ന ഒരു താരരാജാവിന്റെ പുത്രന്‍. ഒരു പടത്തിന്റെ കോള്‍ഷീറ്റ് ഒപ്പിട്ട് കൊടുത്താല്‍ സ്വന്തമായും കോടികള്‍ പ്രതിഫലം വാങ്ങാന്‍ തക്ക താരമൂല്യമുളള നടന്‍. അങ്ങനെയൊരാള്‍ക്ക് ഇങ്ങനെയും ജീവിക്കാന്‍ സാധിക്കുമോ എന്ന് സംശയിക്കുന്നവര്‍ പ്രണവിന്റെ ആ വേഷത്തിലുളള ഫോട്ടോ കണ്ട് സ്വയം വിശ്വസിക്കാനാവാതെ നിന്നു.
എന്നാല്‍ നാം വിശ്വസിച്ചേ പറ്റൂ. മദ്യവും കഞ്ചാവും അടക്കമുളള ലഹരിപദാര്‍ത്ഥങ്ങളില്ലെങ്കില്‍ എന്ത് യുവത്വം , എന്ത് പുതുതലമുറ എന്ന് ചിന്തിക്കുന്നവര്‍ക്കിടയില്‍ യാത്രയെന്ന ലഹരിയുമായി പ്രണവ് മാതൃകയായി നില്‍ക്കുന്നു. ഇതൊന്നും വിളിച്ചു പറഞ്ഞ് കേമത്തം നടിക്കാനും അദ്ദേഹം തയ്യാറല്ല. ആരെയും ബോധ്യപ്പെടുത്താനല്ല അദ്ദേഹം തന്റെ ജീവിതചര്യകള്‍ ക്രമപ്പെടുത്തിയിട്ടുളളത്. തന്നിലെ താന്‍ എന്താണോ അതിന് അനുസരിച്ച് മുന്നോട്ട് പോകുന്നു. ഏത് മനുഷ്യരോടും ഏറ്റവും സൗമ്യമായും സ്‌നേഹത്തോടെയും ആദരവോടെയും ഇടപഴകുന്നു. ലാളിത്യവും എളിമയും കൊണ്ട് മറ്റുളളവരെ തന്നിലേക്ക് അടുപ്പിക്കാനുളള കാന്തികമായ കഴിവ് അദ്ദേഹത്തിനുണ്ട്.
അച്ഛനെ കാണായി ഒരു കാത്തിരിപ്പ്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ സെറ്റില്‍ പ്രണവ് പിതാവിനെ കാണാനെത്തിയത് വളരെ ലളിതമായി വേഷം ധരിച്ച് ഒരു ഊബര്‍ ടാക്‌സിയിലാണ്. തോളില്‍ ഒരു സഞ്ചിയുമുണ്ട്. നൂറുകോടിയില്‍പരം രൂപ മുടക്കി ആര്‍ഭാടമായി നിര്‍മിക്കുന്ന സിനിമയുടെ സെറ്റില്‍ വന്നിറങ്ങിയ ഈ സാധാരണക്കാരനെ സെക്യൂരിറ്റിക്കാരന്‍ തടയുന്നു. യുവാവ് എത്ര പറഞ്ഞിട്ടും സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല. ഷൂട്ടിങ് സെറ്റിലേക്ക് ആരെയും കടത്തി വിടരുതെന്ന് ലാല്‍സാറിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ് കാവല്‍ക്കാരന്റെ ഭാഷ്യം. ആരെക്കാണാനാണ് എന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് എന്റെ അച്ഛനെയൊന്ന് കാണാനാണെന്ന് പ്രണവിന്റെ മറുപടി. ഒരു കാരണവശാലും സാധിക്കില്ലെന്ന് അയാള്‍ തീര്‍ത്ത് പറയുന്നു. പ്രണവ് ഒരു ചെറുചിരിയോടെ അത് കേട്ടു നിന്നു.
‘തിരിച്ച് പൊയ്‌ക്കൊളളു. കാണാന്‍ പറ്റില്ല’ എന്ന് സെക്യൂരിറ്റി നിലപാട് ആവര്‍ത്തിച്ചപ്പോഴൂം അതേ സൗമ്യസ്മിതത്തോടെ മറുത്തൊന്നും പറയാതെ പ്രണവ് അതേ നില്‍പ്പ് തുടര്‍ന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി അകത്തു ചെന്ന് പറഞ്ഞു. ‘‘ഒരു പയ്യന്‍ വന്നിരിക്കുന്നു. അച്ഛനെ കാണണമെന്നാണ് പറയുന്നത്. ഇവിടത്തെ ക്രൂ മെമ്പേഴ്‌സിന്റെ ആരെങ്കിലൂമാണോയെന്ന് ഒന്ന് വന്നു നോക്കൂ.’’ അതുകേട്ട സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന ഗേറ്റില്‍ വന്ന് നോക്കുമ്പോള്‍ ദാ നില്‍ക്കുന്നു മോഹന്‍ലാലിന്റെ മകന്‍ അപ്പു. അനീഷ് ഉടനെ അലറി വിളിച്ചു.
‘‘അയ്യോ..അപ്പൂ..ലാല്‍സാറിന്റെ മകന്‍..’’
സെക്യൂരിറ്റി അന്ധാളിച്ച് നിന്നു പോയി. ലഞ്ച് ബ്രേക്കിനായി ഷൂട്ടിങ് സെറ്റ് പിരിഞ്ഞു. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ഡയറക്ടറും ഭക്ഷണം കഴിക്കുന്ന സ്ഥലത്തൊന്നും അപ്പുവിനെ കാണാതെ അനീഷ് നോക്കുമ്പോള്‍ പ്രൊഡക്‌ഷനിലെ സാധാരണ തൊഴിലാളികള്‍ക്കൊപ്പം ക്യൂ നില്‍ക്കുകയാണ് അപ്പു. അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അപ്പുവിനെ കണ്ട് അനീഷ് പകച്ചു നിന്നു.
ആള്‍ക്കൂട്ടത്തിലൊരാളായി ജീവിതം
വീട്ടില്‍ കാരവാന്‍ അടക്കം ആഡംബര വാഹനങ്ങളുടെ വന്‍ശേഖരം തന്നെയുണ്ടായിട്ടും ബസിലും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും യാത്ര ചെയ്യുന്നതാണ് പ്രണവിന്റെ രീതി. സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതെ വിശക്കുമ്പോള്‍ അപ്പോള്‍ കാണുന്ന സാദാ ഹോട്ടലുകളിലും തട്ടുകടളകിലും കയറി കഴിക്കും. വീട്ടില്‍ കോടാനുകോടികള്‍ കുമിഞ്ഞു കൂടിക്കിടക്കുമ്പോള്‍ അതില്‍ നിന്നും നയാപൈസ എടുക്കാതെ സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നിത്യവൃത്തി കഴിക്കുന്നത്.
ആദ്യകാലങ്ങളില്‍ അപ്പുവിന്റെ വിചിത്രമായ രീതികള്‍ കണ്ട് ലാലിനും സുചിത്രയ്ക്കും ചില ആശങ്കകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ക്കും അപ്പുവിനെ മനസിലാക്കാനും ഉള്‍ക്കൊളളാനും കഴിയുന്നു. മകനെയോര്‍ത്ത് പലപ്പോഴും അഭിമാനിക്കുകയും ചെയ്യുന്നു. എല്ലാമുളളപ്പോഴും ഒന്നുമില്ലാത്തവനെ പോലെ നിര്‍മമനായി ജീവിക്കുന്നവനാണ് യഥാർഥ സമ്പന്നന്‍ എന്ന് ഒരിക്കല്‍ ശ്രീബുദ്ധന്‍ പറഞ്ഞത് ഈ മനുഷ്യനെ മനസില്‍ കണ്ടാവുമോ? ആര്‍ക്കറിയാം...