ADVERTISEMENT

അമ്മയോ ഭർത്താവോ കൂടെയില്ലാതെ ഷൂട്ടിന് എത്തിയപ്പോഴുള്ള അനുഭവം പങ്കുവച്ച് സ്വാസിക. തമിഴ് ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലാണ് സ്വാസികയുള്ളത്.  സാധാരണ അമ്മയാണ് കേരളത്തിനു പുറത്ത് ഷൂട്ട് ഉള്ളപ്പോൾ സ്വാസികയ്‌ക്കൊപ്പം വരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്നും ഇക്കാര്യം അമ്മയോടു പറഞ്ഞിട്ടില്ലെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വ്‌ലോഗിൽ സ്വാസിക പറഞ്ഞു. 

സ്വാസികയുടെ വാക്കുകൾ: ‘‘ഷൂട്ടില്ലാതെ റൂമില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് അമ്മയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. എത്രയോ വര്‍ഷമായി യാത്രകളിലും ലൊക്കേഷനിലുമെല്ലാം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ അമ്മയും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. രാവിലെ തന്നെ എണീക്കുമ്പോൾ ഭക്തിഗാനമൊക്കെ കേൾക്കാം. എനിക്ക് വേണ്ട ചായയൊക്കെ റെഡിയാക്കി തരും." 

"പിന്നെ ഞങ്ങളൊന്നിച്ച് ടിവി കാണും. ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ചില പരിപാടികളുണ്ട്. അതൊക്കെ ഞങ്ങളൊന്നിച്ച് കാണും. മെനു നോക്കി വെറൈറ്റി ഫുഡ് ഓര്‍ഡര്‍ ചെയ്യും. ഞാൻ ജിമ്മിൽ പോയാലും അമ്മ റൂമില്‍ തന്നെയായിരിക്കും. തലയില്‍ എണ്ണയൊക്കെ ഇട്ട് മസാജ് ചെയ്ത് തരും. രാത്രിയില്‍ ഞങ്ങളിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കും. 

ഭയങ്കരമായിട്ട് അമ്മയെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. പക്ഷേ, ഞാന്‍ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിട്ടില്ല. കാലിനൊരു പരുക്ക് പറ്റി വിശ്രമത്തിലാണ് അമ്മ. ഒരുവര്‍ഷം മുന്‍പായിരുന്നു പരുക്ക് പറ്റിയത്. അതേത്തുടര്‍ന്ന് സര്‍ജറി ചെയ്തു, കമ്പിയിട്ടു, ഇപ്പോള്‍ അത് മാറ്റി. യാത്ര ചെയ്യാന്‍ തീരെ പറ്റാത്തത് കൊണ്ടാണ് എന്റെ കൂടെ വരാത്തത്. അല്ലെങ്കില്‍ അമ്മ കൂടെ വന്നേനെ. മറ്റെന്ത് പ്രശ്‌നമുണ്ടെങ്കിലും അമ്മ എന്റെ കൂടെ വരുന്നതാണ്," സ്വാസിക പറയുന്നു.

"ഞാൻ അമ്മയോട് പറഞ്ഞാൽ ഈ അവസ്ഥയിൽ കൂടുതൽ വിഷമമാകും. അമ്മയുടെ മുമ്പിൽ ചിൽ വൈബ് എന്നൊക്കെ പറഞ്ഞാലും പക്ഷേ അങ്ങനെയല്ല. അമ്മ എല്ലാത്തിനും കട്ടയ്ക്ക് കൂടെ നിൽക്കും. ഗിരിജാമ്മ എന്റെ മുത്ത് ആണ്. അമ്മ അടുത്തുള്ള സമയങ്ങളിൽ ഈ സ്നേഹം പ്രകടിപ്പിക്കാനോ പറയാനോ എനിക്ക് അറിയില്ല. പക്ഷേ അത് വേണമെന്നേ ഞാൻ പറയൂ,’’ സ്വാസിക പറയുന്നു.

English Summary:

Swasika Vijay Shares Heartfelt Update on Mother's Health After Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com