ADVERTISEMENT

മലയാള സിനിമയില്‍ നടന്‍ സംവിധായകനാകുക എന്ന പ്രക്രിയയ്ക്ക് പുതുമയില്ല. തിക്കുറിശ്ശിയും മധുവും മുതല്‍ കൊച്ചിന്‍ ഹനീഫയും വേണു നാഗവളളിയും വരെ മികച്ച സിനിമകള്‍ക്കു രൂപം കൊടുത്ത നടന്‍മാരാണ്. മഹാനടനായ നെടുമുടി വേണു പക്ഷേ സംവിധാനകലയില്‍ അത്ര ശോഭിച്ചില്ല. ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് മെച്ചപ്പെട്ട സിനിമയായിരുന്നെങ്കിലും യമനം ഗോപിയിലെ നടന്റെ ഔന്നത്യത്തിനൊത്ത് ഉയര്‍ന്നില്ല. ക്യാപ്റ്റൻ രാജുവും സലിം കുമാറും ബാബുരാജും കൊല്ലം അജിത്തും വരെ സംവിധാന കലയില്‍ അരക്കൈ പയറ്റിനോക്കി. ഫൈനല്‍ ഔട്ട്പുട്ടിലെത്തിയപ്പോള്‍ സംവിധാനം അത്ര എളുപ്പമല്ലെന്ന് പലരും തിരിച്ചറിഞ്ഞു. എന്നാല്‍ താരതമ്യേന ജൂനിയറായ പൃഥ്വിരാജ് ആദ്യചിത്രമായ ലൂസിഫറില്‍ തന്നെ കൈത്തഴക്കമുളള ഒരു ഫിലിം മേക്കറുടെ മികവ് പ്രകടിപ്പിച്ചു. ഇപ്പോള്‍ 400ലധികം സിനിമകളുടെയും 4 പതിറ്റാണ്ടിന്റെയും അനുഭവ പരിചയമുളള സാക്ഷാല്‍ മോഹന്‍ലാല്‍ വരുന്നു ആദ്യസംവിധാന സംരംഭവുമായി. ചിത്രത്തിന്റെ പേരില്‍ തന്നെ പുതുമയുണ്ട്. ബറോസ്...

ആര്‍ക്കും ചെയ്യാവുന്ന ഒരു സിനിമയുമായല്ല ലാലിന്റെ വരവ്. തനിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് തോന്നിക്കും വിധം ബിഗ് സ്‌ക്രീനില്‍ ഒരു മെഗാ മാജിക്ക് തന്നെ തീര്‍ത്തിരിക്കുകയാണ് ലാല്‍ എന്ന് തോന്നും ടീസര്‍ കണ്ടാല്‍. മുന്‍വാതില്‍ കണ്ട് വീടിന്റെ അടിത്തറയും ഉളളുറപ്പും നിര്‍ണയിക്കാനാവില്ലെന്ന് പറയാറുണ്ട്. എന്നാല്‍ മുന്‍വാതില്‍ നിര്‍മിക്കാന്‍ എടുത്ത എഫര്‍ട്ടില്‍ നിന്നും അതിന്റെ രൂപഭംഗിയില്‍ നിന്നും വീടിന്റെ ആകത്തുകയുടെ നല്‍പ്പും സൗന്ദര്യവും ഊഹിക്കാം. വിഷ്വല്‍ ട്രീറ്റ് എന്നൊക്കെ നാം പല സിനിമകളെയും വിശേഷിപ്പിക്കാറുണ്ട്. ആ സിനിമകളെ സംബന്ധിച്ച് തീര്‍ത്തും യോജിക്കാത്ത വിശേഷണമായിരുന്നു അതെന്ന് തോന്നും ബറോസ് കണ്ടാല്‍. കാരണം ത്രീഡി ഫാന്റസി എന്ന ലേബലില്‍ പുറത്തിറങ്ങിയ ടീസര്‍ ഒരു ഹോളിവുഡ് സിനിമയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നു.

ലാലിന് മാത്രമല്ല മലയാള സിനിമയ്ക്ക് ആകമാനം അഭിമാനിക്കാവുന്ന ഒരു പ്രൊജക്ട് എന്നാണ് സംഗതി കണ്ട എല്ലാ വിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. മോഹന്‍ലാലിന് നേരെ ഹേറ്റ് ക്യാംപയിനുമായി ഇറങ്ങിത്തിരിക്കാറുളളവര്‍ പോലും ഇക്കുറി തികഞ്ഞ മൗനത്തിലാണ്. തങ്ങളുടെ ഹിതത്തിന് വിപരീതമായി ഇക്കുറി ലാല്‍ കപ്പടിക്കുമെന്ന് അവര്‍ ഭയന്നു തുടങ്ങിയിരിക്കുന്നു. അത്രയ്ക്ക് നയനാനന്ദകരമാണ് സിനിമയുടെ ഓരോ ഫ്രെയിമും. ശരിക്കും ഒരു ലാല്‍ മാജിക്ക്. ആദ്യ സംവിധാന സംരംഭത്തിന്റെ പശ്ചാത്തലത്തില്‍ ഗലാട്ട പ്ലസിനു വേണ്ടി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ  ഭരദ്വാജ് രംഗന്‍ മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് :

ബറോസ് എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി?

വാസ്തവത്തില്‍ കോവിഡ് സമയത്താണ് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. 4 വര്‍ഷമെടുത്തു ചിത്രം പൂര്‍ത്തിയാകാന്‍. മിക്കവാറും എല്ലാം അഭിനേതാക്കളും വിദേശത്തു നിന്നുളളവരാണ്. പോര്‍ച്ചുഗീസ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് താരങ്ങള്‍.  മുഖ്യകഥാപാത്രങ്ങളിലൊന്നായ പെണ്‍കുട്ടി യു.എസില്‍ നിന്നാണ്. ആദ്യം ഒരു പെണ്‍കുട്ടി അഭിനയിക്കാന്‍ വന്നു. കൊവിഡിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയി. പിന്നീട് അവര്‍ക്ക് മടങ്ങി വരാന്‍ സാധിച്ചില്ല. ആ കഥാപാത്രത്തിനായി മറ്റൊരു കുട്ടിയെ കണ്ടെത്താന്‍ സമയം എടുത്തു. അങ്ങനെ അനവധി കാരണങ്ങളാല്‍ സിനിമ വിചാരിച്ചതിലും നീണ്ടു പോയി. ത്രീഡിയിലാണ് സിനിമ ഒരുങ്ങുന്നത്. ഈ സാങ്കേതിക വിദ്യയില്‍ കാലാനുസൃതമായി സംഭവിച്ച മാറ്റങ്ങളെല്ലാം ഉള്‍ക്കൊണ്ടാണ് ബറോസ്  നിര്‍മ്മിച്ചിട്ടുളളത്. നേറ്റീവ് ത്രീഡി വിത്ത് സ്റ്റീരിയോ ലെന്‍സസ് എന്നാണ് ഇതിനെ സാങ്കേതികമായി നിര്‍വചിക്കുക.

സന്തോഷ് ശിവനാണ് ക്യാമറ. അദ്ദേഹവും ഞാനും ഒന്നിച്ചിട്ടുളളപ്പോഴൊക്കെ നാഷ്നല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. യോദ്ധാ, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം എന്നിങ്ങനെ 4 പടങ്ങളില്‍ ഈ അദ്ഭുതം സംഭവിച്ചു. ഈ സിനിമയിലും സന്തോഷ് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്. സംഗീതം മനസില്‍ കണ്ടാണ് ഞാന്‍ ഈ സിനിമ ചെയ്തിട്ടുളളത്. ദൃശ്യങ്ങളില്‍ അതിന്റെ ഒരു റിഥം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അനാവശ്യമായ കട്ട് ഷോട്ടുകള്‍ ഉപയോഗിച്ചിട്ടില്ല. പല ഷോട്ടുകളും ദൈര്‍ഘ്യമുളളതാണ്. ത്രീഡി ചിത്രത്തില്‍ അങ്ങനെയൊക്കെ വേണ്ടി വരും.

barroz

ചില ഷോട്ടുകളുടെ കോണ്‍സപ്റ്റ് ഞാന്‍ പറയുമ്പോള്‍ അങ്ങിനെ ചെയ്യാന്‍ സാധിക്കില്ലെന്ന് സന്തോഷ് പറയും. എന്തുകൊണ്ട് എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ലൈറ്റുകള്‍ എവിടെ വയ്ക്കും എന്ന് അദ്ദേഹം തിരിച്ച് ചോദിക്കും. എങ്കില്‍ ആ ഷോട്ട് മാറ്റിപ്പിടിക്കാമെന്ന് പറയുമ്പോള്‍ വേണ്ട അണ്ണന്‍ ആദ്യം പറഞ്ഞതു പോലെ എടുക്കാമെന്ന് സന്തോഷ് പറയും. അപ്പോഴേക്ക് അദ്ദേഹം അതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കും. അത്തരത്തിലുളള ആത്മവിശ്വാസവും അര്‍പ്പണബോധവും സ്‌നേഹവും എല്ലാം ചേര്‍ന്ന ഛായാഗ്രഹകനാണ് സന്തോഷ്. ഈ സിനിമയില്‍ ഉടനീളം അത് കാണാന്‍ സാധിക്കും.

barroz-movie22

അടുത്തിടെ ഒരു അഭിമുഖത്തില്‍ സന്തോഷ്ശിവന്‍ പറഞ്ഞു. ഷോട്ട്‌സ് എടുക്കുമ്പോള്‍ മോഹന്‍ലാല്‍ ഒരിക്കലും മറ്റ് സിനിമകളൂടെ റഫറന്‍സ് പറയാറില്ല. ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ഉളളില്‍ നിന്നാണ് വരുന്നത്. താങ്കള്‍ക്ക് അങ്ങനെയൊരു ദൃശ്യാത്മകമായ കാഴ്ചപ്പാടുണ്ടോ?

അഭിനയത്തിലും ഞാന്‍ അങ്ങനെയാണ്. മുന്‍ഗാമികളുടെ അഭിനയശൈലി റഫറന്‍സായി സ്വീകരിക്കുകയോ അഭിനയത്തിനായി തയാറെടുപ്പുകള്‍ നടത്തുകയോ ചെയ്യാറില്ല. ആകെത്തുക എന്റെ മനസിലുണ്ട്. ഏതോ അദൃശ്യശക്തി  എന്നെ സഹായിക്കുന്നുവെന്ന് വിശ്വസിക്കുന്നു.  നമ്മള്‍ പോലുമറിയാതെ ഒരു ഊര്‍ജം നമ്മളിലേക്ക് വരികയാണ്. അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അത് അങ്ങനെയാണ്. ഒരു സിനിമ സംവിധാനം ചെയ്യും മുന്‍പ് ആദ്യമായി ഞാന്‍ പ്രാർഥിക്കുകയാണ് ചെയ്തത്. ദയവായി എന്നെ സഹായിക്കു എന്നാണ് ആ പ്രാർഥന. ബറോസ് വളരെ സങ്കീര്‍ണമായ സാങ്കേതികത്വം ഉള്‍ക്കൊളളുന്ന ത്രീഡി സിനിമയാണ്. ഇതിന്റെ നിര്‍മിതിയിലും പ്രപഞ്ചശക്തികള്‍ എനിക്കൊപ്പം നില്‍ക്കണേയെന്നായിരുന്നു പ്രാർഥന. എങ്ങനെ ഈ സിനിമ അവതരിപ്പിക്കണം? ഇതിന്റെ ഫൈനല്‍ പ്രൊഡക്ട് എങ്ങനെ വരും എന്നെല്ലാമുളള ആശങ്കകളുണ്ടായിരുന്നു. പക്ഷെ അതാത് സമയങ്ങളില്‍ അതിന് അനുസരിച്ചുളള ആശയങ്ങള്‍ മനസിലേക്ക് വന്നു. 

barroz

ഒന്നാമത് ഈ സിനിമയെ മറ്റൊരു സിനിമയുമായും താരതമ്യപ്പെടുത്താനാവില്ല. ആ വിധത്തില്‍ മൗലികമായ ഒന്നിനു വേണ്ടിയാണ്  ശ്രമിച്ചത്. ബോധപൂര്‍വം മറ്റൊരു സിനിമയിലെയും ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. രണ്ടാമത് ബറോസിന്റെ കഥയും ഭൂമിശാസ്ത്രവും ഛായാഗ്രഹണരീതിയുമെല്ലാം ഇതിന് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്യപ്പെട്ട ഒന്നാണ്. അതിനെ മറ്റൊരിടത്തു നിന്നും പകര്‍ത്തുക സാധ്യമല്ല. 

താങ്കള്‍ കഥാപാത്രങ്ങള്‍ക്കായി ഹോം വര്‍ക്കുകള്‍ ചെയ്യാറില്ലെന്ന് പറയുന്നു. അതേസമയം മോഹന്‍ലാല്‍ ഒരു ഗ്രേറ്റ് ആക്ടറാണെന്ന് പൊതുവായി വിലയിരുത്തപ്പെടുന്നു. താങ്കള്‍ എങ്ങിനെയാണ് ഇതിനെ നോക്കി കാണുന്നത്?

വളരെ സങ്കീര്‍ണമായ ചോദ്യമാണിത്. സത്യത്തില്‍ എങ്ങനെ ഉത്തരം പറയണമെന്ന് എനിക്കറിയില്ല. കര്‍ണഭാരം പോലെ ഒരു സംസ്‌കൃതനാടകം ഞാന്‍ ചെയ്തിട്ടുണ്ട്. നാടകങ്ങള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പക്ഷേ സംസ്‌കൃതഭാഷയില്‍ ഒരു നാടകം ചെയ്യാന്‍ കാവാലം സര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാനൊന്ന് പകച്ചു. കാരണം ആ ഭാഷ എനിക്ക് അറിയില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘ലാല്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കും’

ഒരു ഗുരു ശിഷ്യനില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. അദ്ദേഹം കര്‍ണഭാരം എനിക്ക് വായിക്കാന്‍ തന്നു. 2 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന നാടകമാണത്. എല്ലാ നാടകങ്ങളും പോലെ അതിലും റിഹേഴ്‌സലും പ്രാക്ടീസുമുണ്ട്. പക്ഷേ സ്‌റ്റേജില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ സഹായത്തിന് ആരും വരില്ല. സിനിമയില്‍ പിന്നില്‍ നിന്ന് ഡയലോഗ് പറഞ്ഞു തരാന്‍ ആളുണ്ടാവും. ഓരോരോ ഷോട്ടുകള്‍ മുറിച്ചെടുക്കുന്നതു കൊണ്ട് നമുക്ക് സൗകര്യങ്ങളുണ്ട്. നാടകത്തില്‍ 2 മണിക്കൂര്‍ ഒരേ നില്‍പ്പില്‍ ഒറ്റ ഡയലോഗ് തെറ്റാതെ പറഞ്ഞ് അഭിനയിക്കണം. അതും ഒട്ടും പരിചിതമല്ലാത്ത ഭാഷ. എന്നിട്ടും അത് സാധിച്ചു. എങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അതിന് മുന്‍പും പിന്‍പും അങ്ങനെയൊരു സംസ്‌കൃത നാടകം ആരെങ്കിലും അവതരിപ്പിച്ചതായി എനിക്കറിയില്ല. 

mohanlal-barroz

ആദ്യ പ്രദര്‍ശനം വിജയമായപ്പോള്‍ അത് വീണ്ടും അവതരിപ്പിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ മുംബൈയില്‍ വീണ്ടും അവതരിപ്പിച്ചു. അടുത്തിടെ ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാനദ്ഭുതപ്പെട്ടു പോയി. എങ്ങനെ ഇത് ചെയ്തു എന്ന് ഓര്‍ത്തു. അത് ഒരു അനുഗ്രഹമാണ്. സിനിമാഭിനയവും ഇങ്ങനെയൊക്കെ തന്നെയാണ്. പല നടന്‍മാരും തങ്ങളുടെ കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. സെറ്റില്‍ വന്നാലും അവര്‍ മുഴുവന്‍ സമയവും ആ മൂഡില്‍ തന്നെയായിരിക്കും. കഥാപാത്രം എങ്ങനെ നടക്കണം, ചിരിക്കണം, സംസാരിക്കണം, പെരുമാറണം എന്നെല്ലാം സ്വയം റിഹേഴ്‌സല്‍ ചെയ്‌തെന്നിരിക്കും. എന്നെ സംബന്ധിച്ച് ഒരു ഷോട്ട് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടനല്ല. സാധാരണ മനുഷ്യനാണ്. കളിയും ചിരിയും തമാശയുമൊക്കെയായി എന്റേതായ ലോകത്ത് വ്യാപരിക്കും. വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വിളിക്കുമ്പോള്‍ കഥാപാത്രമായി മാറും. 

വാനപ്രസ്ഥത്തില്‍ കഥകളി നടനായി അഭിനയിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ എന്നോട് ചോദിച്ചു.‘മോഹന്‍ലാല്‍ നിങ്ങളെങ്ങിനെയാണ് കഥകളി ചെയ്യുന്നത്?’

ഞാന്‍ പറഞ്ഞു.‘ എനിക്കറിയില്ല സര്‍’

ഒരു കൂട്ടം മാസ്‌റ്റേഴ്‌സിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അറിയാതെ ഒരു തരം ഊര്‍ജം എന്നിലേക്കും സംക്രമിക്കുകയായിരുന്നു.

താങ്കളും മമ്മൂട്ടിയും മറ്റും സിനിമയില്‍ വന്നിട്ട് എത്രയോ പതിറ്റാണ്ടുകള്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് ശേഷം എത്രയോ തലമുറകള്‍ വന്നു. പക്ഷേ അവര്‍ക്കൊപ്പം അവരേക്കാള്‍ കരുത്തരായി നിങ്ങള്‍ നില്‍ക്കുന്നു. ഈ പ്രതിഭാസത്തെ എങ്ങനെ വിശദീകരിക്കും?

അത് ഒരുപക്ഷേ ഞങ്ങള്‍ മുന്‍പ് ചെയ്തു വച്ച കഥാപാത്രങ്ങളൂടെ പിന്‍ബലമാവാം. ഞങ്ങള്‍ക്ക് ഒക്കെ ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍, മണിരത്‌നം തുടങ്ങിയ മഹാന്മാരായ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞു. പുതുതലമുറയിലും നല്ല സംവിധായകരുണ്ട്. പക്ഷേ നല്ല ഇതിവൃത്തങ്ങള്‍ ലഭിക്കുന്നില്ല എന്നിടത്താണ് പ്രശ്‌നം,.ഞാന്‍ ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്. അതില്‍ ആക്‌ഷന്‍ പടങ്ങളുണ്ട്, കോമഡി ചിത്രങ്ങളുണ്ട്, ആര്‍ട്ട് ഫിലിംസ്..എല്ലാമുണ്ട്. ഒരു സ്ഥിരനിക്ഷേപം പോലെ ചെയ്തു വച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്.

mammootty-mohanlal-movie-2

80 കളില്‍ നിങ്ങള്‍ ചെയ്തു വച്ച തൂവാനത്തുമ്പികള്‍ ഓരോ ആറുമാസം കൂടുമ്പോഴും ഞാന്‍ കാണാറുണ്ട്. ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത കഥയും കഥാപാത്രങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും..?

വല്ലാത്ത ഒരു തരം മാന്ത്രികത ആ സിനിമയ്ക്കുണ്ടെന്ന് കരുതുന്നു. 500ലധികം തവണ അത് കണ്ടവരുണ്ട്. ഇപ്പോഴും ആവര്‍ത്തിച്ച് കാണുന്നവരുണ്ട്. ഉളളടക്കമായിരുന്നു ആ സിനിമയുടെ കരുത്ത്. പിന്നെ ശക്തമായ തിരക്കഥ. മേക്കിങിന്റെ പ്രത്യേകതകള്‍. കാലം മാറി. സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി. പക്ഷേ തൂവാനത്തുമ്പികള്‍ പോലെ ഫീല്‍ നല്‍കുന്ന ഒരു സിനിമ ഇനിയുണ്ടാകുമോയെന്ന് അറിയില്ല. മറ്റൊരു തലത്തില്‍ ഒരുപക്ഷേ അത്തരം സിനിമകള്‍ ഇനിയുമുണ്ടായേക്കാം.ഒരു നടന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികള്‍ പോലുളള കള്‍ട്ട് സിനിമകളിലേത്.

ഓഫ്ബീറ്റ്, മാസ്, പീര്യഡ്, ക്ലാസിക്, ഹ്യൂമര്‍, ടെക്‌നിക്കലി ബ്രില്യന്റ് ഫിലിം, ത്രീഡി..പല ഗണത്തില്‍ പെട്ട ഒരുപാട് സിനിമകള്‍ താങ്കള്‍ ചെയ്തു കഴിഞ്ഞു. എന്താണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം?

കഥയാട്ടം എന്നൊരു സ്‌റ്റേജ് ഷോ മനോരമയ്ക്കു വേണ്ടി രാജീവ്കുമാര്‍ സംവിധാനം ചെയ്തപ്പോള്‍ അതില്‍ നായകനാകാന്‍ എനിക്ക് അവസരം ലഭിച്ചു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 നോവലുകളില്‍ നിന്നുളള വ്യത്യസ്തമായ 10 കഥാപാത്രങ്ങളെ ഒരേ സമയം സ്‌റ്റേജില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. 55 മിനിറ്റാണ് ആ പരിപാടിയുടെ ആകെ ദൈര്‍ഘ്യം. അതിനിടയില്‍ സംഭവിക്കുന്ന പരകായപ്രവേശമാണ് പ്രധാനം. മിനിറ്റുകളുടെ ഇടവേളയില്‍ ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറണം. ഇത് എങ്ങനെ എന്നിലേക്ക് വന്നു എന്ന് ചോദിച്ചാല്‍ അങ്ങനെ സംഭവിച്ചു എന്നേ പറയാന്‍ സാധിക്കൂ. അവിടെയും ഞാന്‍ നേരത്തെ പറഞ്ഞ രണ്ട് വാക്കുകളെ തന്നെ ആശ്രയിക്കണം. പ്രാർഥന, അനുഗ്രഹം..

thoovanathumbikal

ഇനി മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോയെന്ന് ഉറപ്പില്ല. പക്ഷേ ഒരു കാര്യം പറയാം. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു നടനും ഇത്തരമൊരു ത്രീഡി സിനിമ ചെയ്തിട്ടില്ല. എന്നു കരുതി സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അവകാശവാദങ്ങളൊന്നുമില്ല. സന്തോഷ്ശിവന്‍, ആര്‍ട് ഡയറക്ടര്‍ അടക്കം ഒരുപാട് പേരുടെ കഴിവുകളുടെയും പ്രയത്‌നങ്ങളുടെയും സമന്വയമാണ് ഈ ചിത്രം. 

എല്ലാ അഭിമുഖങ്ങളിലും താങ്കള്‍ പറയാറുണ്ട്. ജീവിതത്തില്‍ ഒന്നും ഞാന്‍ പ്ലാന്‍ ചെയ്യാറില്ല. ജീവിതത്തില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നു. അതിനൊപ്പം ഒഴുകുന്ന ഒരാാളാണ് ഞാന്‍?

നൂറു ശതമാനം. നാളെ ഞാന്‍ ഒരു സംസ്‌കൃത നാടകം ചെയ്യുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് പ്ലാന്‍ ചെയ്യാന്‍ സാധിക്കുമോ? ഇല്ല. ഇപ്പോള്‍ ഇങ്ങനെയൊരു ത്രീഡി ഫിലിം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ഇങ്ങനെയൊന്ന് ചെയ്യാനുളള പണം, സമയം, പ്രഗത്ഭരായ ആളുകള്‍...എല്ലാം വേണം. അതെല്ലാം കൂടി ചേര്‍ന്നു വരുമ്പോഴാണ് ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇവരെല്ലാം ഈ സിനിമയെ ഒരു മനസോടെ സ്‌നേഹിക്കുമ്പോഴാണ് അത് ഏറ്റവും മികച്ചതാണ്. ഇതൊന്നും നമ്മുടെ വ്യക്തിപരമായ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. ഇതില്‍ ഒരു ആനിമേറ്റഡ് സോങുണ്ട്, അണ്ടര്‍വാട്ടര്‍ സോങുണ്ട്..അങ്ങനെ ഒരുപാട് സവിശേഷതകള്‍. ഇതൊന്നും കൃത്യമായി മൂന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതല്ല. ഒന്നൊന്നായി നമ്മളിലേക്ക് വന്നു ചേരുകയായിരുന്നു. പ്രിയദര്‍ശന്റെ ആദ്യ സിനിമയിലെ നായകന്‍ ഞാനായിരുന്നു. അദ്ദേഹത്തിന്റെ നൂറാമത് സിനിമയിലും ഞാന്‍ നായകനാകുന്നു. അതും ആസൂത്രണം ചെയ്ത് സംഭവിച്ചതല്ല. വന്ന് പെടുകയാണ്. 

ഒന്നിനൊന്ന് വ്യത്യസ്തമായ പരസ്പരം താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത സിനിമകളില്‍ ഒരേ സമയം താങ്കള്‍ അഭിനയിക്കുന്നു. ഇതെങ്ങിനെ സാധിക്കുന്നു?

എനിക്ക് ലഭിച്ച പരിശീലനത്തിന്റെ മികവാണ് അതെന്ന് തോന്നുന്നു. എത്രയോ മികച്ച സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തു. എന്തെല്ലാം കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിച്ചു. നല്ല പ്രാക്ടീസ് ലഭിച്ച ഒരു ഫുട്‌ബോള്‍ പ്ലയര്‍ക്ക് ഏത് ഗ്രൗണ്ടിലും കളിക്കാന്‍ കഴിയുന്നതു പോലെയേയുളളു അഭിനയവും.

മോഹൻലാലും പൃഥ്വിരാജും
മോഹൻലാലും പൃഥ്വിരാജും

നടനായ താങ്കള്‍ മറ്റൊരു നടനായ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചപ്പോള്‍..?

വണ്ടര്‍ഫുള്‍ ഡയറക്ടറാണ് പൃഥ്വിരാജ്. ലെന്‍സിങ് പോലുളള സാങ്കേതിക കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തിന് എ ടു ഇസഡ് അറിയാം. അതുപോലെ അഭിനയത്തെക്കുറിച്ചും അറിയാം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുക വളരെ പ്രയാസമാണ്. ഒരു തരത്തിലുളള ഈഗോയും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം. പക്ഷേ തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് അദ്ദേഹത്തിനറിയാം. അത് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കും.സിനിമയുടെ പൂര്‍ണരൂപം അദ്ദേഹത്തിന്റെ മനസിലുണ്ട്. അപാരമായ പ്രതിബദ്ധതയുളള സംവിധായകനാണ് അദ്ദേഹം.

പുതിയ സംവിധായകരുമായി സഹകരിക്കുന്നതിനെക്കുറിച്ച്?

എന്റെ പുതിയ ചിത്രമായ തുടരും..പുതിയ ആളാണ് ചെയ്യുന്നത്. ആവേശത്തിന്റെ സംവിധായകനുമായി ചേര്‍ന്ന് ഒരു പടം ചെയ്യുന്നു. ധാരാളം നവാഗതര്‍ കഥ പറയാനായി വരുന്നുണ്ട്. പക്ഷേ ആ കഥാപാത്രങ്ങളില്‍ പലതും ഞാന്‍ കാണുന്നത് മോഹന്‍ലാലിനെയാണ്. അങ്ങനെയല്ലാത്ത പ്രൊജക്ടുകള്‍ വന്നാല്‍ ഉറപ്പായും  ചെയ്തിരിക്കും. മലൈക്കോട്ടെ വാലിബന്‍ വലിയ പ്രതീക്ഷയോടെ ചെയ്ത സിനിമയാണ്. അതൊരു നല്ല സിനിമയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. പക്ഷേ അത് ലക്ഷ്യത്തിലെത്തിയില്ല. എന്റെ സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം വലിയ സങ്കടത്തിലായി. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. കാരണം ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ പഴിയും വന്നു ചേരുന്നത് നായകനടന്റെ ചുമലിലാവും.

താങ്കളെ അദ്ഭുതപ്പെടുത്തിയ നടന്‍മാര്‍?

അനവധി പേരുണ്ട്. ഭരത് ഗോപിയേട്ടനെയും നെടുമുടി വേണുച്ചേട്ടനെയും പെട്ടെന്ന് ഓര്‍മ വരുന്നു. എത്രയോ പേര്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും അവര്‍ ചുറ്റുമുളളതൊന്നും അറിയുന്നില്ല. ഗോപിയേട്ടന്‍ രാമന്‍നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ രാമന്‍ നായര്‍ മാത്രമാണ്. ഇവരൊക്കെ നാടകവേദിയില്‍ നിന്നും വന്ന അഭിനേതാക്കളാണ്. ഇന്ന് അഭിനയം മെച്ചപ്പെടുത്താന്‍ ഒരു പാട് സാങ്കേതിക സാധ്യതകളുണ്ട് . അന്ന് ഒരു മോനിറ്റര്‍ പോലുമില്ല. എന്നിട്ടും മറ്റാര്‍ക്കും മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്ത വിധം ഉയരങ്ങളില്‍ നില്‍ക്കുന്നു അവരൊക്കെ.

മോഹന്‍ലാലിന്റെ അഭിനയമികവ് അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുന്നത് പലരുടെയും കാഴ്ചപ്പാടില്‍ പല സിനിമകളിലാണ്. ചിലര്‍ക്ക് സ്ഫടികമെങ്കില്‍ ചിലര്‍ക്ക് വാനപ്രസ്ഥമാണ്. കിരീടവും തൂവാനത്തുമ്പികളും പറയുന്നവരുണ്ട്. താങ്കള്‍ക്ക് എന്തു തോന്നുന്നു?

ഇരുവര്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, ഇപ്പോള്‍ ബറോസ്..(ചിരിക്കുന്നു) പിന്നെ പ്രിയദര്‍ശന്‍ സിനിമകള്‍. കിലുക്കം ഉള്‍പ്പെടെയുളള സിനിമകളിലെ കോമഡി സീനുകള്‍ കാണുമ്പോള്‍ നിസാരമായി തോന്നാമെങ്കിലും അവതരിപ്പിക്കാന്‍ പ്രയാസമുളള വിധം സങ്കീര്‍ണമാണ്. 

താങ്കളുടെ ആദ്യ സംവിധാന സംരംഭമായ ബറോസിനെക്കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുളളത്?

എന്റെ സിനിമയെക്കുറിച്ച് ഞാനായിട്ട് ഒന്നും പറയുന്നില്ല. അങ്ങനെ പറയുന്നത് ശരിയല്ല. പകരം എന്റെ സിനിമ നിങ്ങളോട് സംസാരിക്കും.

English Summary:

Mohanlal's special intervie on Barroz movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com