ADVERTISEMENT

ആഗോളതലത്തിൽ വൻ ബോക്സ്ഓഫിസ് കലക്ഷൻ നേടി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നാണ് 10 കോടിയാണ് ചിത്രം ആദ്യ ദിനം തന്നെ തൂത്തുവാരിയത്. അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ പലയിടങ്ങളിലും ഹൗസ്ഫുൾ ആയി. ചിലയിടങ്ങളിൽ പ്രത്യേകം അധിക പ്രദർശനങ്ങളും ഏർപ്പെടുത്തേണ്ടി വന്നതായാണ് റിപ്പോർട്ട്. 

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായാണ് ചിത്രം എത്തിയിരിക്കുന്നത്. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. 

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.

‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻ സിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. 

ആക്‌ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്‌ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. 

English Summary:

Unni Mukundan's "Marco" explodes onto the global box office, raking in a massive 10 crore on its opening day!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com