8 മാസം ഗർഭിണിയായ സമയത്താണ് ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിയുന്നത്: വെളിപ്പെടുത്തി നടി ഗാൽ ഗഡോട്ട്
Mail This Article
എട്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ മരണാസന്നമായ അവസ്ഥയിലൂടെ കടന്നുപോയ അനുഭവം പങ്കുവച്ച് ഹോളിവുഡ് നടി ഗാൽ ഗഡോട്ട്. 39 കാരിയായ ‘വണ്ടർ വുമൺ’ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നുപോയ അവസ്ഥ തുറന്നുപറഞ്ഞത്. എട്ടുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് തലയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ കണ്ടെത്തിയതെന്നും താൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വഴികാട്ടിയ വെളിച്ചമാണ് തന്റെ നാലാമത്തെ മകൾ ഓറി എന്നും ഗാൽ പറയുന്നു. തന്റെ അവസ്ഥ മറ്റുള്ളവർക്കൊരു പ്രചോദനമാകാൻ വേണ്ടിയാണ് പങ്കിടുന്നതെന്നും ആരും ഭയപ്പെടാൻ വേണ്ടിയല്ല ഇതു വെളിപ്പെടുത്തുന്നതെന്നും ഗാൽ വ്യക്തമാക്കി.
‘‘വലിയ വെല്ലുവിളികളുടെയും തിരിച്ചറിവുകളുടെയും ഒരു വർഷമാണ് കടന്നുപോകുന്നത്. ഈ വർഷം എനിക്കുണ്ടായ അനുഭവങ്ങൾ നിങ്ങളോട് പങ്കുവയ്ക്കണോ എന്ന ആശങ്കയിലായിരുന്നു ഞാൻ ഒടുവിൽ ഇതിവിടെ കുറിക്കാൻ തന്നെ തീരുമാനിച്ചു. സോഷ്യൽ മീഡിയയിൽ പങ്കിടുന്ന അനുഭവങ്ങൾ ഒരു തരത്തിൽ ഞാൻ നേരിടുന്ന വെല്ലുവിളികളുടെ സമ്മർദം കുറക്കാൻ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. അതിലുപരി ഞാൻ ഇത് പങ്കിടുന്നതിലൂടെ എന്നെപ്പോലെ സമാന അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് പ്രചോദനം ആകുമെങ്കിൽ അതും വലിയ കാര്യമാണ്.
ഫെബ്രുവരിയിൽ ഞാൻ ഗർഭാവസ്ഥയുടെ എട്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് എന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുന്നത്. ആഴ്‌ചകളോളം അസഹനീയമായ തലവേദന അനുഭവപ്പെട്ടതോടെയാണ് ഒരു എംആർഐ ചെയ്യാൻ ഞാൻ തീരുമാനിച്ചതും ഒടുവിൽ എന്നെ ഞെട്ടിച്ച ആ സത്യം എന്നെത്തേടിയെത്തിയതും. ആ ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം എത്രമാത്രം അസന്നിഗ്ദ്ധമാണെന്ന സത്യം ഞാനും എന്റെ കുടുംബവും തിരിച്ചറിഞ്ഞു. ജീവിതം എത്ര പെട്ടെന്ന് മാറിമറിയുമെന്ന ആ തിരിച്ചറിവിലും ഞാൻ ആഗ്രഹിച്ചത് പിടിച്ചു നിൽക്കാനും എല്ലാം നേരിട്ട് ജീവിക്കാനുമായിരുന്നു.
ഞങ്ങൾ വേഗം ആശുപത്രിയിലെത്തി, മണിക്കൂറുകൾക്കുള്ളിൽ ഞാനൊരു അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായി. അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും ആ നിമിഷത്തിലാണ് എന്റെ മകൾ ഓറി ജനിച്ചത്. "എന്റെ വെളിച്ചം" എന്നർഥമുള്ള അവളുടെ പേര് ഞങ്ങൾ ആകസ്മികമായി തിരഞ്ഞെടുത്തതല്ല. ജീവിതത്തിനും മരണത്തിനുമിടയിലുള്ള തുരങ്കത്തിനപ്പുറത്ത് എന്നെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരിറ്റു വെളിച്ചമായിരിക്കും അവളെന്നു ശസ്ത്രക്രിയയ്ക്കു മുമ്പ് ഞാൻ ജറോണിനോട് പറഞ്ഞിരുന്നു. സീഡർസിനായിലെ മികവുറ്റ ഡോക്ടർമാരുടെ സമർപ്പിത പരിചരണത്തിനു ശേഷം ഞാൻ ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ തുടങ്ങി. എന്നെ പരിചരിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഞാൻ പൂർണമായി സുഖം പ്രാപിച്ചിരിക്കുന്നു. എനിക്ക് തിരികെ ലഭിച്ച ജീവിതത്തോടു ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.
ഈ യാത്ര എന്നെ ഒരുപാട് പഠിപ്പിച്ചു. ഒന്നാമതായി നമ്മുടെ ശരീരം ശ്രദ്ധിക്കുകയും ഇടയ്ക്കിടെ നമുക്ക് ലഭിക്കുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണമെന്നുള്ളതാണ്. വേദന, അസ്വാസ്ഥ്യം, അല്ലെങ്കിൽ സൂക്ഷ്മമായ മാറ്റങ്ങൾ പോലും എന്തെങ്കിലും മുന്നറിയിപ്പുകളാകാം, ശരീരത്തെ കാര്യമായി ശ്രദ്ധിക്കുന്നത് ജീവൻ തന്നെ സംരക്ഷിച്ചേക്കാം.
രണ്ടാമതായി നമ്മുടെ ശരീരത്തെപ്പറ്റിയുള്ള അവബോധം പ്രധാനമാണ്. 30 വയസ്സിന് മുകളിലുള്ള 100,000 ഗർഭിണികളിൽ 3 പേർക്ക് തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു. അസുഖം നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്നത് ചികിത്സ എളുപ്പമാക്കും. അപൂർവമാണെങ്കിലും ഇത്തരത്തിലുള്ള ഒരസുഖം ഉണ്ടെന്നു നേരത്തെ തിരിച്ചറിയുന്നത് ചികിത്സ ഫലപ്രദമാക്കാൻ സഹായിക്കും. എന്റെ അനുഭവം ഞാൻ പങ്കുവയ്ക്കുന്നത് ആരെയും ഭയപ്പെടുത്താനല്ല, മറിച്ച് എല്ലാവരിലും ഒരു അവബോധം സൃഷ്ടിക്കാനാണ്. എന്റെ അനുഭവം ഒരാളെയെങ്കിലും രോഗം നേരത്തേ തിരിച്ചറിയാൻ സഹായിച്ചാൽ ഞാൻ സംതൃപ്തയായി.’’ ഗാൽ ഗഡോട്ട് കുറിച്ചു.