മൂന്ന് ദിവസം മുമ്പ് ഷാജുവിന് ദിലീപിന്റെ ഫോൺ കോൾ: നടുക്കുന്ന ഓർമയില്‍ താരം
Mail This Article
സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ ദിലീപ് ശങ്കറിന്റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി നടൻ ഷാജു ശ്രീധർ. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപെന്നും ഇതു വിശ്വസിക്കാൻ പറ്റാത്ത വിയോഗമായിപ്പോയെന്നും ഷാജു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് നിന്റെ കോൾ വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാൻ പറ്റാത്ത വിയോഗം. പ്രിയ കൂട്ടുകാരന് പ്രണാമം.’’–ഷാജു ശ്രീധറിന്റെ വാക്കുകൾ.
ഞായറാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വരുന്നതു കണ്ട് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ദിലീപ് ശങ്കർ. ഇപ്പോൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുന്നുണ്ട്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത റോസസ് ഇൻ ഡിസംബർ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശങ്കർ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. റിലീസിനൊരുങ്ങുന്ന ബേസിൽ ജോസഫ് ചിത്രം പ്രാവിൻകൂട് ഷാപ്പിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിവിന്‍പോളിയും നയന്‍താരയും അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ‘ഡിയർ സ്റ്റുഡന്റ്’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങൾ കൂടുതലും നോക്കിയിരുന്നത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന ദേവ, വിദ്യാർഥിയായ ധ്രുവ് എന്നിവരാണ് മക്കൾ.